1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2021

സ്വന്തം ലേഖകൻ: യുകെയിൽ ഉടനീളം ഫിംഗർ പ്രിക്ക് ആന്റിബോഡി ടെസ്റ്റുകൾ നടത്താൻ സർക്കാർ. യുകെയുടെ കോവിഡ് പോരാട്ടത്തിൽ നിർണായകമാകുന്ന തീരുമാന പ്രകാരം പ്രതിദിനം ആയിരക്കണക്കിന് മുതിർന്നവർക്ക് ടെസ്റ്റുകൾ വാഗ്ദാനം ചെയ്യുന്നു. കോവിഡ് വ്യാപനവും വാക്സിനേഷനും ആന്റിബോഡി സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാന ഡാറ്റ മനസ്സിലാക്കാൻ ടെസ്റ്റിംഗ് പ്രോഗ്രാം സഹായിക്കും.

ചൊവ്വാഴ്ച മുതൽ, യുകെയിലെ നാല് മേഖലകളിലും 18 വയസ്സിന് മുകളിലുള്ള ആർക്കും പിസിആർ ടെസ്റ്റ് എടുക്കുമ്പോൾ തന്നെ ആന്റിബോഡി ടെസ്റ്റും തിരഞ്ഞെടുക്കാം. കോവിഡ് പോസിറ്റീവ് ആകുന്നവരിൽ പ്രതിദിനം 8,000ത്തോളം പേർക്ക് രണ്ട് ഫിംഗർ പ്രിക്ക് ആന്റിബോഡി ടെസ്റ്റുകൾ വീതം വീട്ടിൽ പൂർത്തിയാക്കി വിശകലനത്തിനായി തിരികെ അയയ്ക്കാം. പോസിറ്റീവ് ആകുന്നവർ ആദ്യത്തെ ടെസ്റ്റ് എത്രയും വേഗം എടുക്കണം. രണ്ടാമത്തെ ആൻ്റിബോഡി ടെസ്റ്റ് 28 ദിവസത്തിന് ശേഷമാണ് എടുക്കേണ്ടത്.

ആൻ്റിബോഡി ടെസ്റ്റ് പ്രോഗ്രാം നടത്തുന്ന യുകെ ആരോഗ്യ സുരക്ഷാ ഏജൻസി, ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ എൻഎച്ച്എസ് ടെസ്റ്റ് ആൻഡ് ട്രെയ്സ് സേവനങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുകെയിൽ ഉടനീളമുള്ള പോസിറ്റീവ് കേസുകളിൽ ആന്റിബോഡികളുടെ അളവ് നിരീക്ഷിക്കാൻ ഫലങ്ങൾ ഉപയോഗിക്കും.

പൊതുജനങ്ങൾക്ക് ആദ്യമായാണ് ആന്റിബോഡി ടെസ്റ്റുകൾ ലഭ്യമാക്കുന്നതെന്നും രോഗപ്രതിരോധ ശേഷി വികസിപ്പിക്കാത്ത എല്ലാ ജനവിഭാഗങ്ങളേയും കുറിച്ചുള്ള വ്യക്തമായ ഉൾക്കാഴ്ച നൽകാനും ഈ പദ്ധതിക്ക് കഴിയുമെന്നും ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് പറയുന്നു. പകർച്ചവ്യാധിയോടുള്ള നിലവിലുള്ള സമീപനത്തെ അറിയിക്കാനും പുതിയ വകഭേദങ്ങളിൽ വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് കൂടുതൽ പഠനത്തിനും ഡാറ്റ സഹായകരമാകുമെന്നാണ് പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.