
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ഇന്ത്യൻ വകഭേദ ഹോട്ട്സ്പോട്ടുകളിലേക്കുള്ള യാത്രാ മാർഗനിർദേശങ്ങളിൽ അവ്യക്തത. ഇന്ത്യൻ കോവിഡ് വേരിയൻറ് ഏറ്റവും കൂടുതൽ ബാധിച്ച ഇംഗ്ലണ്ടിലെ പ്രദേശങ്ങളിലേക്കും അവിടെ നിന്നും പുറത്തേക്കുമുള്ള യാത്രകൾ ഒഴിവാക്കണമെന്നാണ് സർക്കാർ നിർദ്ദേശം. കൊറോണ വൈറസ് നിയന്ത്രണ വെബ്‌സൈറ്റ് എട്ട് മേഖലകളിൽ താമസിക്കുന്നവർക്കുള്ള മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
എന്നാൽ കാര്യമായ അ റിയിപ്പുകൾ ഒന്നുമില്ലാതെയാണ് ഈ മാറ്റം. പലരും യാദൃശ്ചികമായി വെബ്സൈറ്റിലെ പുതിയ മാറ്റം കണ്ടപ്പോഴാണ് ഇക്കാര്യം അറിയുന്നത്. പുതിയ കോവിഡ് വകഭേദം ആശങ്ക പരത്തുന്നുവെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. ബെഡ്ഫോർഡ് കൗൺസിൽ, ബ്ലാക്ക്ബേൺ വിത്ത് ഡാർവെൻ കൗൺസിൽ, ബോൾട്ടൺ മെട്രോപൊളിറ്റൻ കൗൺസിൽ, ബർൺലി കൗൺസിൽ, കിർക്ക്‌ലീസ് കൗൺസിൽ, ലെസ്റ്റർ കൗൺസിൽ, ഹോൻസ്ലോ കൗൺസിൽ, നോർത്ത് ടൈനെസൈഡ് കൗൺസിൽ എന്നിവയാണ് പുതിയ മുന്നറിയിപ്പ് ബാധകമാകുന്ന ഹോട്ട്സ്പോട്ടുകൾ.
ഈ പ്രദേശങ്ങളിൽ സാധ്യമാകുന്നിടത്തെല്ലാം ഔട്ട്ഡോറിൽ കണ്ടുമുട്ടാൻ ശ്രമിക്കുകയും ഇൻഡോർ ഒത്തുചേരലുകൾ ഒഴിവാക്കുകയും വേണം. സപ്പോർട്ട് ബബ്ബിൾ ഇല്ലത്ത അവസരങ്ങളിൽ 2 മീറ്റർ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണം. അത്യാവശ്യമല്ലെങ്കിൽ ഈ പ്രദേശങ്ങളിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കുകയും വീട്ടിൽ നിന്ന് ജോലി ചെയ്യാൻ കഴിയുന്നില്ലെങ്കിലോ വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ മാത്രമാണ് യാത്രകൾ അഭികാര്യം.
പുതിയ പ്രാദേശിക നിയന്ത്രണങ്ങളെക്കുറിച്ച് അടിയന്തിര വ്യക്തത നൽകുന്നതിന് പാർലമെന്റിൽ പരസ്യ പ്രസ്താവന നടത്തണമെന്ന് ഓൾ-പാർട്ടി പാർലമെന്ററി ഗ്രൂപ്പ് ചെയർമാൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനോട് ആവശ്യപ്പെട്ടു. മെയ് 17 ന് ഇംഗ്ലണ്ടിലുടനീളം പ്രാബല്യത്തിലായ റോഡ്മാപ്പ് ഇളവുകൾ ഇപ്പോഴും ഈ മേഖലകളിൽ ബാധകമാണ്.
എന്നാൽ വൈറസ് പടരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണെന്ന് ഡിഎച്ച്എസ്സി നിർദ്ദേശിക്കുന്നു. ഇന്ത്യൻ വകഭേദത്തെ ഏറ്റവും കൂടുതൽ കണ്ടെത്തിയ സ്ഥലങ്ങളിൽ പ്രാദേശിക ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യത ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് കഴിഞ്ഞ ആഴ്ച തള്ളിക്കളഞ്ഞിരുന്നില്ല. .
ഹാർട്ട് ഡിസ്ട്രിക്റ്റ്, റഷ്മൂർ ബൊറോ, ഹാംപ്ഷെയറിലെ സർറെ അതിർത്തി എന്നിവിടങ്ങളിലെ നിരവധി പോസ്റ്റ്‌കോഡുകളിൽഎൻഎച്ച്എസ് ടെസ്റ്റ് ആൻഡ് ട്രെയ്‌സ് ഇന്ത്യൻ വേരിയൻ്റ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച യുകെയിൽ 2,439 പുതിയ കോവിഡ് കേസുകളും മൂന്ന് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല