
സ്വന്തം ലേഖകൻ: കോവിഡാനന്തര യുകെയിൽ വെല്ലുവിളിയായി സോഷ്യൽ കെയർ രംഗത്തെ ചെലവുകൾ. ഈ മേഖലയിൽ വർധിച്ചുവരുന്ന ചെലവിനു പണം കണ്ടെത്താൻ നാഷനൽ ഇൻഷുറൻസ് ടാക്സ് വർധിപ്പിക്കുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുന്നതയാണ് റിപ്പോർട്ട്.
ഇത്തരം കാര്യങ്ങളിൽ ഉഹാപോഹങ്ങൾക്ക് പ്രസക്തിയില്ലെങ്കിലും വർധിച്ചുവരുന്ന ചെലവിന് എങ്ങനെ പണം കണ്ടെത്തുമെന്ന കാര്യത്തിൽ ഗൗരവമായ ആലോചനകൾ നടക്കുന്നുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകളോടു പ്രതികരിക്കവേ ജസ്റ്റിസ് സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കി. എൻഎച്ച്എസിന് നൽകാനുള്ള അധിക പണം കണ്ടെത്താനും സോഷ്യൽ കെയർ സൗകര്യങ്ങൾ വിപുലപ്പെടുത്താനുമായി ഒന്നു മുതൽ ഒന്നര ശതമാനം വരെ നാഷനൽ ഇൻഷുറൻസ് ടാക്സിൽ വർധന ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഇത് അടുത്ത അഞ്ചു വർഷത്തേക്ക് നികുതി വർധന ഉണ്ടാകില്ലെന്ന ടോറികളുടെ തിരഞ്ഞെടുപ്പു വാഗ്ദാനത്തിന്റെ ലംഘനം കൂടിയാകും. കോവിഡിൽ പലരുടെയും ജോലി നഷ്ടപ്പെടുകയും സ്വയം തൊഴിൽ സംരംഭങ്ങൾ നഷ്ടത്തിലാകുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു നികുതി വർധനയ്ക്കെതിരേ ശക്തമായ പ്രതിഷേധത്തിന് സാധ്യത ഏറെയാണ്.
ഒരു ശതമാനം വർധനയ്ക്കാണ് പ്രധാനമന്ത്രിയുടെ ഓഫിസ് പദ്ധതിയിടുന്നതെന്നാണ് സൂചന. എന്നാൽ 1.25 ശതമാനം വർധനയാണ് ധനമന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മറുവശത്ത് ചുരുങ്ങിയത് രണ്ടു ശതമാനം വർധന വേണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ആവശ്യം.
ഒരു ശതമാനത്തിന്റെ വർധനയുണ്ടായാൽ ശരാശരി 30,000 പൗണ്ട് വാർഷിക ശമ്പളമുള്ള ഒരാൾക്ക് 200 പൗണ്ടോളം പ്രതിവർഷം നാഷണൽ ഇൻഷുറൻസ് ടാക്സ് അധികമായി നൽകേണ്ടിവരും. 25 മില്യൺ ജീവനക്കാരെയും ലക്ഷക്കണക്കിന് സ്വയം തൊഴിൽ സംരംഭകരെയും പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാകും ഇത്. നിലവിൽ 9,568 പൗണ്ടിന് മുകളിൽ വാർഷിക വരുമാനമുള്ളവർ 12 ശതമാനം, അതായത് 50,000 പൗണ്ടുവരെ നാഷനൽ ഇൻഷുറൻസാണ് അടയ്ക്കുന്നത്.
അതേസമയം സോഷ്യൽ കെയറിന് പണം കണ്ടെത്താൻ നാഷനൽ ഇൻഷുറൻസ് വർധിപ്പിക്കുന്നതിനു പകരം ശരിയായ രീതിയിലുള്ള ബദൽ നിക്ഷേപമാണ് നടത്തേണ്ടതെന്നാണ് മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ ആവശ്യം.ടാക്സ് വർധനയ്ക്കു പകരം പുതിയൊരു ഹെൽത്ത് ആൻഡ് കെയർ പ്രീമിയമാണ് വേണ്ടതെന്ന് മുൻ ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ട് നിർദേശിച്ചു കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല