1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2021

സ്വന്തം ലേഖകൻ: യുകെയിൽ പ്രതിദിന കോവിഡ് കേസുകളിൽ ആശ്വാസകരമായ കുറവ്. എന്നാൽ തുടർച്ചയായ ആറാം ദിവസവും കോവിഡ് കേസുകളിൽ വലിയ ഇടിവുണ്ടായിട്ടും തിങ്കളാഴ്ച ഡൗണിംഗ് സ്ട്രീറ്റും സേജ് വിദഗ്ദരും ജനങ്ങളോട് ജാഗ്രത തുടരാൻ അഭ്യർഥിച്ചു. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച 24,950 കേസുകൾ മൂന്നാഴ്ചയ്ക്കുള്ളിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഇത് ഏറെ “പ്രോത്സാഹജനകമാണ്” എന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രതികരണം.

അതിനിടെ രണ്ട് ഡോസ് വാക്സിൻ എടുത്ത പ്രധാന തൊഴിലാളികളെ ഐസൊലേഷനായുള്ള പ്രതിദിന കോവിഡ് പരിശോധനയിൽ നിന്ന് ഒഴിവാക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. എന്നാൽ രാജ്യം കോവിഡ് ഭീഷണിയിൽ നിന്ന് പുറത്തു കടന്നതായി ഉറപ്പിക്കാറായില്ലെന്നും ജൂലൈ 19 അൺലോക്കിംഗിന്റെ മുഴുവൻ ആഘാതവും പ്രതിദിന കേസുകളിൽ ഇതുവരെ പ്രതിഫലിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ വക്താവ് ഓർമ്മിപ്പിച്ചു.

മഹാമാരി അവസാനിച്ചിട്ടില്ല എന്നതിന്റെ സൂചനയായി മാർച്ച് പകുതിക്ക് ശേഷം ആദ്യമായി 5,000 കടന്ന ഇംഗ്ലണ്ടിലെ ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണവും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. രണ്ടാഴ്ച മുമ്പുതന്നെ ഉയർന്നു നിൽക്കുന്ന ഹോസ്പിറ്റലൈസേഷൻ നിരക്ക് വരും ദിവസങ്ങളിൽ ഉയർന്നേക്കാവുന്ന കോവിഡ് നിരക്കിനെ പ്രതിഫലിപ്പിക്കുന്നുവെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.

ആശുപത്രി പ്രവേശനം കഴിഞ്ഞ ആഴ്ചയിൽ 26% വർദ്ധിച്ചതായാണ് കണക്കുകൾ. ഒപ്പം കൊറോണ വൈറസ് രോഗികൾക്കുള്ള ഹോസ്പിറ്റൽ ബെഡ് ഒക്യുപ്പൻസിയും കഴിഞ്ഞ ആഴ്ചയിൽ ഗണ്യമായി വർദ്ധിച്ചു, മെക്കാനിക്കൽ വെന്റിലേഷൻ ബെഡ്ഡുകളുടെ ഒക്യുപൻസി 31 ശതമാനവും മറ്റ് ബെഡ് ഒക്യുപ്പൻസി 33 ശതമാനവും ഉയർന്നു. എന്നാൽ പ്രതിദിന കേസുകൾ വീണ്ടും മുകളിലേക്ക് പോകുമെന്ന് ഞങ്ങൾ കരുതുന്നില്ലെന്ന് വൈറ്റ്ഹാൾ വൃത്തങ്ങൾ പറഞ്ഞു.

വലിയ തോതിലുള്ള പരിശോധനകൾ നടക്കുന്നുണ്ട് എന്നതിനാൽ, കേസുകളുടെ എണ്ണം കുറയുന്നത് പരിശോധനയിൽ കുറവുണ്ടായതിന്റെ ഫലമായാണെന്ന് കരുത്താനാവില്ലെന്നും അധികൃതർ വ്യക്തമാക്കി. കോവിഡിന്റെ ഭീഷണി അവസാനിച്ചുവെന്ന ധാരണ ജനങ്ങൾക്കിടയിൽ പരക്കുന്നത് ഒഴിവാക്കാൻ കരുതലോടെയാണ് സർക്കാർ നീക്കങ്ങൾ എന്നതും ശ്രദ്ധേയമാണ്.

പ്രതിദിന കേസുകൾ ഏറ്റവും ഉയർന്ന നിലയിലായിരുന്ന ജനുവരിയിലെ അതേ സമ്മർദ്ദമാണ് ഇപ്പോഴും അനുഭവിക്കുന്നതെന്ന് എൻ എച്ച് എസ് പ്രധാനമന്ത്രിയ്ക്ക് എഴുതിയ കത്തിൽ വ്യക്തമാക്കി. വരാനിരിക്കുന്ന 9 മാസങ്ങളിൽ കാര്യങ്ങൾ കൂടുതൽ വഷളായേക്കുമെന്നും കത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നു. പ്രധാനമന്ത്രി, ചാൻസലർ, ആരോഗ്യ സെക്രട്ടറി, ട്രഷറിയുടെ ചീഫ് സെക്രട്ടറി, എൻ‌എച്ച്എസ് ഇംഗ്ലണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് എന്നിവർക്ക് അയച്ച കത്തിൽ “അടുത്ത ഒമ്പത് മാസത്തെ വെല്ലുവിളികൾ“ അക്കമിട്ട് നിരത്തുന്നുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.