
സ്വന്തം ലേഖകൻ: ഓഗസ്റ്റ് 16 മുതൽ പിങ്ഡെമിക്കിൽ നിന്ന് ആശ്വാസം നൽകുന്ന തീരുമാനവുമായി യുകെ. ഓഗസ്റ്റ് 16 മുതൽ “പിംഗ്” ചെയ്യപ്പെട്ടവർ പൂർണ്ണമായി വാക്സിനേഷൻ ലഭിച്ചവരാണെങ്കിൽ ഐസോലേഷൻ ഒഴിവാക്കാൻ കോവിഡ് പരിശോധന നടത്തേണ്ട ആവശ്യമില്ല. കോവിഡ് പോസിറ്റീവാകുന്ന ഒരാളുമായി സമ്പർക്കം പുലർത്തിയ ഇരട്ട ഡോസ് ലഭിച്ച ആളുകൾ ഇനി മുതൽ ഐസോലേഷനിൽ പോകേണ്ടതില്ലെന്ന് സർക്കാർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
പകരം, ഐസോലേഷനിൽ നിന്ന് ഇളവ് ലഭിക്കാൻ ഈ വിഭാഗം കോവിഡ് പരിശോധന നടത്തേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ ഈ പരിശോധന നിർബന്ധമില്ലെന്നും മറിച്ച് അതിനായി ആളുകളെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്യുകയെന്നുമാണ് പുതിയ സർക്കാർ നിലപാടെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എൻഎച്ച്എസ് ടെസ്റ്റ് ആൻ്റ് ട്രേസ് ആപ്ലിക്കേഷൻ വഴിയോ കോൾ വഴിയോ ബന്ധപ്പെടുന്ന എല്ലാവർക്കും ഓഗസ്റ്റ് 16 മുതൽ ഈ ഇളവ് ലഭിക്കും.
നിലവിൽ, കോവിഡ് പോസിറ്റീവാകുന്ന ഒരാളുമായി സമ്പർക്കമുണ്ടായതിനാൽ എൻഎച്ച്എസ് കോവിഡ് ആപ്പ് ഐസോലേഷൻ പിങ് ചെയ്ത ആളുകൾ അവരുടെ വാക്സിൻ നില എന്തായാലും 10 ദിവസത്തേക്ക് ക്വാ റൻ്റീനിൽ പോകണം. അടിയന്തിര വിഭാഗമായി കണക്കാക്കുന്ന ചില മേഖലകളിലെ തൊഴിലാളികൾക്ക് മാത്രമാണ് ഇതിൽ ഇളവ് ലഭിക്കുന്നത്. ജൂലൈ 14 വരെ 600,000-ത്തിലധികം ഇങ്ങനെ ആളുകൾ പിങ് ചെയ്യപ്പെട്ടതായാണ് കണക്ക്.
അതിനിടെ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുകൾ വന്നതോടെ വിദേശ യാത്രകൾക്കും കൂടുതൽ ഇളവുകൾ ലഭിക്കുമെന്ന് സൂചനയുണ്ട്. യൂറോപ്യൻ യൂണിയനിൽ നിന്നും യുഎസിൽ നിന്നുമുള്ള വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർ ഇംഗ്ലണ്ടിലെത്തുമ്പോൾ ക്വാറന്റൈൻ ഒഴിവാക്കാനുള്ള ചർച്ചകൾ മന്ത്രിതലത്തിൽ പുരോഗമിക്കുകയാണ്.
നിലവിൽ, യുകെയിൽ നിന്ന് പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുള്ള ആളുകൾക്ക് യുഎസിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നും യാത്ര ചെയ്യുമ്പോൾ ക്വാറൻ്റീൻ വേണ്ട. ഈ സ്ഥലങ്ങൾ ആംബർ ലിസ്റ്റിലുണ്ട് എന്നതിനാലാണിത്. ചില യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഗ്രീൻ ലിസ്റ്റിലും ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ യുകെക്ക് പുറത്തുനിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് ഈ നിബന്ധന ബാധകമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല