1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ എലെവൽ ഇല്ലാത്ത മുതിർന്നവർക്ക് സൌജന്യ കോളേജ് പഠനത്തിന് അവസരം. സർക്കാർ തയ്യാറാക്കുന്ന ഒരു കൊവിഡ് പാക്കേജിന്റെ ഭാഗമായി എ-ലെവലോ തത്തുല്യ യോഗ്യതകളോ ഇല്ലാത്ത ആളുകൾക്ക് ഏപ്രിൽ മുതൽ 2.5 ബില്യൺ പൗണ്ട് ദേശീയ നൈപുണ്യ ഫണ്ട് വഴി പണമടച്ച് ഇംഗ്ലണ്ടിലെ ഒരു കോളേജ് കോഴ്‌സ് പഠിക്കാം.

കൊവിഡ് -19 ന് ശേഷമുള്ള സമ്പദ്‌വ്യവസ്ഥയിൽ തൊഴിലവസരങ്ങൾ ഉയർത്താൻ സഹായിക്കുന്നപാക്കേജിന്റെ ഭാഗമായാണ് കോളേജുകൾ സൗജന്യ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നത്. എല്ലാ ജോലികളും സംരക്ഷിക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസമാണ് സർക്കാർ മുന്നറിയിപ്പ് നൽകിയത്.

ഇക്കാര്യങ്ങൾ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ “ലൈഫ് ടൈം സ്‌കിൽസ് ഗ്യാരണ്ടി” സ്കീമിൽ ഉണ്ടാകും. എല്ലാ ജോലിയും സംരക്ഷിക്കാൻ കഴിയില്ലെങ്കിലും പുതിയതും മികച്ചതുമായ ജോലികൾ കണ്ടെത്തുന്നതിനും സൃഷ്ടിക്കുന്നതിനുമുള്ള കഴിവുകൾ ജനങ്ങൾക്ക് നൽകുക എന്നതാണ് തങ്ങൾക്ക് ചെയ്യാൻ കഴിയുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രതിസന്ധി മറികടക്കാൻ പൊതുജനത്തിന് കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കുന്നതിനുള്ള ഭാഗമായാണ് സൗജന്യ പഠനം. പുതിയ ട്രേഡുകൾ സ്വന്തമാക്കുന്നതിനുള്ള അവസരമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. നിലവിൽ, 23 വയസ്സ് വരെ ആദ്യത്തെ എ-ലെവൽ തത്തുല്യ യോഗ്യതയ്ക്കായി സർക്കാർ പണം മുടക്കുന്നുണ്ട്.

പുതിയ പാക്കേജിൽ ഈ അനുകൂല്യം തൊഴിലുടമകളെ ആകർഷിക്കുന്ന തരത്തിലുള്ള കോഴ്‌സുകൾ പഠിക്കാൻ എല്ലാ പ്രായക്കാർക്കും ലഭിക്കും.
ഉന്നത വിദ്യാഭ്യാസ വായ്പകളും കൂടുതൽ സൗകര്യപ്രദമാക്കും. സിലബസ് വിഭജിച്ച് കോളേജുകൾക്കും സർവ്വകലാശാലകൾക്കുമിടയിൽ ക്രെഡിറ്റുകൾ കൈമാറുന്നതിലൂടെയും പാർട്ട് ടൈം പഠന രീതിലൂടെയും ആളുകൾക്ക് പഠനം തുടരാമെന്ന് സർക്കാർ അറിയിച്ചു.

കൊവിഡ് കേസുകളുടെ വ്യാപനം തടയുന്നതിനായി വടക്കു കിഴക്കൻ ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. പബ്ബുകളിലും റെസ്റ്റോറന്റുകളിലും ആളുകൾ കൂടിച്ചേരുന്നത് ബുധനാഴ്ച മുതൽ നിയന്ത്രിക്കും. ഒരേ വീടുകളിൽ നിന്നുള്ളവർക്ക് ഒരുമിച്ചെത്താം. ഈ മേഖലയിലെ ജീവനക്കാർക്ക് തിരക്ക് നിയന്ത്രിക്കാൻ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നെങ്കിലും പുതിയ നിരോധനം വരുന്നതോടെ പരമാവധി 6,400 പൗണ്ട് പിഴ ഈടാക്കും.

നിയമങ്ങൾ ലംഘിക്കുകയും നിയമവിരുദ്ധമായ ഒത്തുചേരലിൽ പങ്കെടുക്കുകയും ചെയ്യുന്ന ആരെയും പോലീസ് ചോദ്യം ചെയ്ത് പിഴ ഈടാക്കുമെന്ന് ആരോഗ്യ സാമൂഹിക വകുപ്പ് അറിയിച്ചു. 18 വയസ്സിന് മുകളിലുള്ളവരിൽ നിന്ന് പിഴ ഈടാക്കാം, ആദ്യത്തെ കുറ്റത്തിന് 200 പൗണ്ടും ഇത് 14 ദിവസത്തിനുള്ളിൽ അടച്ചാൽ പകുതി പിഴയുമാണ് നൽകേണ്ടി വരിക. രണ്ടാമത്തെ കുറ്റത്തിന് 400 പൗണ്ട് പിഴ ഈടാക്കും, തുടർന്നുള്ള ഓരോ കുറ്റത്തിനും പരമാവധി 6,400 പൗണ്ട് വരെ ആകും.

മേഖലയിലെ കേസുകൾ കുത്തനെ ഉയർന്നതായും വൈറസ് വ്യാപനത്തിന്റെ തോത് ഇപ്പോൾ ഒരു ലക്ഷത്തിന് 100 കേസുകളിൽ കൂടുതലാണെന്നും ഹാൻ‌കോക്ക് ഹൗസ് ഓഫ് കോമൺസിനോട് പറഞ്ഞു.
.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.