1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2021

സ്വന്തം ലേഖകൻ: യുകെയിൽ കണ്ടെത്തിയ രൂപമാറ്റം സംഭവിച്ച കൊറോണ വൈറസിന് ഉയർന്ന മരണനിരക്കുമായി ബന്ധമുണ്ടെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍. യഥാർഥ വൈറസിനേക്കാളും കൂടുതൽ സാംക്രമികമാണ് പുതിയ വകഭേദം. 30 മുതൽ 70 ശതമാനം വരെ പകർച്ചവ്യാധി സാധ്യത ഇതിനുണ്ടെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതൽ മാരകമായേക്കാമെന്നതിനു പ്രാഥമിക തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിൽ 60 വയസ്സും അതിലേറെയും പ്രായമുള്ളവരുമായ 1000 പേരിൽ 10 പേരാണ് യഥാര്‍ഥ വൈറസ് ബാധിച്ചു മരിക്കുന്നതെങ്കിൽ പുതിയ വകഭേദം 14 പേരുടെ ജീവനെടുക്കുന്നതായി മുതിർന്ന ശാസ്ത്ര ഉപദേശകൻ പാട്രിക് വലൻസ് പറഞ്ഞു. 30 ശതമാനം വരെ കൂടുതലാണ് പുതിയ വകഭേദം മൂലമുള്ള മരണനിരക്ക്. എന്നാൽ മരണത്തിനുള്ള അപകടസാധ്യത താരതമ്യേന കുറവാണെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ വർഷം അവസാനമാണ് കൊറോണ വൈറസിന്റെ വകഭേദത്തിന്റെ സാന്നിധ്യം യുകെയിൽ സ്ഥിരീകരിക്കുന്നത്. നിലവില്‍ 50 രാജ്യങ്ങളിലാണ് ഇതു കണ്ടെത്തിയിട്ടുള്ളത്. യുഎസില്‍ അടുത്ത രണ്ടു മാസത്തിനുള്ളിൽ വൈറസിന്റെ സാന്നിധ്യം വർധിച്ചേക്കാമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ ഹീത്രോ വിമാനത്താവളത്തിലെ തിരക്കിൽ ആളുകൾ സാമൂഹിക അകലം കാറ്റിൽ പറത്തുന്ന ചിത്രങ്ങൾ പുറത്തുവന്നതിനെ തുടർന്ന് “സൂപ്പർ സ്പ്രെഡ്” ആശങ്ക. മുൻ ബ്രിട്ടീഷ് അംബാസഡർ സർ പീറ്റർ വെസ്റ്റ്മാക്കോട്ട് വെള്ളിയാഴ്ച ടെർമിനൽ 2 ന്റെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് ട്വിറ്ററിൽ കുറിച്ചതിങ്ങനെ: “ടി 2 ഹീത്രോ, വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്, വെന്റിലേഷൻ ഇല്ല. നീണ്ട കാലതാമസം, സൂപ്പർ സ്പ്രെഡിംഗ്.”

അന്താരാഷ്ട്ര യാത്രകൾ വലിയ തോതിൽ നിരോധിച്ചിട്ടും പാസ്‌പോർട്ട് കണ്ട്രോളിന് മുന്നിൽ നീണ്ട നിരയാണ് ഈ ദിവസങ്ങളിൽ. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ അടുത്ത ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ലോക്ക്ഡൌൺ സമയത്ത് “നിയമപരമായി അനുവദനീയമായ” ഏതാനും കാരണങ്ങളാൽ മാത്രമേ ബ്രിട്ടീഷുകാർക്ക് വിദേശത്തേക്ക് പോകാൻ അനുവാദമുള്ളൂ. രാജ്യത്തിനകത്തേക്ക് പ്രവേശനം അനുവദിക്കുന്നതിന് 72 മണിക്കൂർ മുമ്പുള്ള നെഗറ്റീവ് കൊറോണ വൈറസ് പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.