1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2021

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ തുടർച്ചയായ മൂന്നാം ദിവസവും ആയിരത്തിലേറെ കൊവിഡ് മരണം. മഹാമാരി ഏറ്റവുമധികം മരണം വിതച്ച ഇന്നലെ 1325 പേരാണ് ബ്രിട്ടനിൽ മരിച്ചത്. പുതുതായി രോഗികളായത് 68,053 പേരും. വിവിധ എൻഎച്ച്എസ് ആശുപത്രികളിൽ മുപ്പതിനായിരത്തിലധികം പേരാണ് ചികിൽസയിലുള്ളത്. ലണ്ടൻ നഗരത്തിൽ മുപ്പതിൽ ഒരാൾ വീതം കൊവിഡ് രോഗികളാണെന്നാണ് ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ കണക്കുപ്രകാരം ലണ്ടനിൽ ഒരുലക്ഷം പേരിൽ ആയിരം പേർ കോവിഡിന്റെ പിടിയിലായിക്കഴിഞ്ഞു.

രോഗവ്യാപനം അതിരൂക്ഷമായ ലണ്ടൻ നഗരത്തിൽ മേയർ സാദിഖ് ഖാൻ ഇന്നലെ മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ചു. എമർജൻസി സേവനങ്ങൾക്കും എൻഎച്ച്എസ് ചികിൽസയ്ക്കും അസാധാരണമായ നടപടികൾ സ്വീകരിക്കാൻ വിവിധ ഏജൻസികളെ അധികാരപ്പെടുത്തുന്ന നടപടിയാണിത്.

ലണ്ടൻ നഗരം അതിസങ്കീർണമായ പ്രതിസന്ധി ഘട്ടത്തിലാണെന്ന് സമ്മതിച്ചാണ് മേയർ കൊവിഡ് വ്യാപനത്തെ മേജർ ഇൻസിഡന്റായി പ്രഖ്യാപിച്ചത്. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ മുൻകരുതലുകളും എല്ലാവരും അനുസരിക്കണമെന്നും ആരാധനാലയങ്ങൾ ഉൾപ്പെടെ അടച്ചിടണമെന്നും മേയർ അഭ്യർഥിച്ചു.

ഇതിനിടെ രാജ്യത്ത് കൊവിഡ് വാക്സീന്റെ വിതരണം ഊർജിതമായി പുരോഗമിക്കുകയാണ്. പതിനഞ്ച് ലക്ഷത്തിലേറെ ആളുകൾക്ക് ഇതിനോടകം കൊവിഡ് വാക്സീന്റെ ഒന്നാം ഡോസ് നൽകിക്കഴിഞ്ഞു. ഫെബ്രുവരി മധ്യത്തോടെ 60 വയസിനു മുകളിലുള്ള എല്ലാവർക്കും മറ്റ് രോഗങ്ങൾ അലട്ടുന്നുവർക്കും ആദ്യഡോസ് നൽകാനുള്ള തീവ്ര യജ്ഞത്തിലാണ് സർക്കാർ.

ആയിരത്തിലേറെ വാക്സീനേഷൻ സെന്ററുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏഴ് വൻകിട വാക്സീനേഷൻ സെന്ററുകൾ ആരംഭിച്ച് നടപടികൾ ത്വരിതപ്പെടുത്തും. താൽകാലികമായി നിർമിച്ച ൈനറ്റിംഗേൽ ആശുപത്രികളെ വാക്സിനേഷൻ ഹബ്ബുകളാക്കി മാറ്റാനാണ് സർക്കാർ നീക്കം.

ഫൈസർ വാക്സീനും ഓക്സ്ഫഡ് വാക്സീനും പിന്നാലെ ഇന്നലെ മൊഡേണ വാക്സീനും സർക്കാർ ഏജൻസി വിതരണത്തിന് അനുമതി നൽകി. ബ്രിട്ടനിലേക്കുള്ള യാത്രയ്ക്ക് എല്ലാ വിദേശികൾക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് നേടണം. ഈ സർട്ടിഫിക്കറ്റുള്ളവർക്കും ബ്രിട്ടനിലെത്തിയാൽ പത്തു ദിവസത്ത ക്വാറന്റീന് നിർബന്ധമാണ്.

ബ്രിട്ടനിൽ നിന്നെത്തിയവർ ഡൽഹി വിമാനത്താവളത്തിൽ കുടുങ്ങി

വന്ദേഭാരത് സർവീസിൽ ഡൽഹി വഴി നാട്ടിലേക്കു തിരിച്ച മലയാളികൾ ഡൽഹി വിമാനത്താവളത്തിൽ കുടുങ്ങി. യുകെ.യിൽനിന്നും എത്തിയ യാത്രക്കാർ ഏഴുദിവസം ക്വാറന്റീനിൽ കഴിയണമെന്ന ഡൽഹി സർക്കാരിന്റെ കടുംപിടുത്തമാണ് ഇവരെ പാതിവഴിയിൽ കുടുക്കിയത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിലുണ്ടെങ്കിലും ക്വാറന്റീനിൽ പോകണമെന്നാണ് അധികൃതരുടെ നിലപാട്.

കണക്ഷൻ ഫ്ലൈറ്റിന് ബോർഡിംങ് പാസുമായി എത്തിയവരോട് ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെടുന്നത് നീതീകരിക്കാൻ ആവില്ലെന്നാണ് യാത്രക്കാരുടെ പക്ഷം. ഫൈനൽ ഡെസ്റ്റിനേഷനിൽ ക്വാറന്റീനിൽ പോകാൻ തയാറാണെന്ന് യാത്രക്കാർ അറിയിച്ചെങ്കിലും, ഡൽഹി സർക്കാരിന്റെ നിയമപ്രകാരം, ബ്രിട്ടനിൽനിന്നും ഡൽഹിയിൽ ഇറങ്ങുന്ന എല്ലാവരും അവിടെത്തന്നെ ക്വാറന്റീനിൽ പോകണം.

ഡൽഹി സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച യാത്രക്കാർ വിമാനത്താവളത്തിനു പുറത്തുപോകാൻ തയാറായില്ല. യാത്ര തിരിക്കുന്നതിനു മുമ്പ് എയർലൈൻസ് അധികൃതർ ഇക്കാര്യം തങ്ങളെ അറിയിച്ചില്ലെന്നാണ് യാത്രക്കാർ പറയുന്നത്. യാത്രക്കാരെയെല്ലാം വിമാനത്താവളത്തിൽ പിസിആർ ടെസ്റ്റിനും വിധേയരാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.