
സ്വന്തം ലേഖകൻ: യുകെയില്‍ കോവിഡ് പീക്ക് കഴിഞ്ഞുവെന്നു വ്യക്തമാക്കി ഇന്‍ഫെക്ഷനുകള്‍ വീണ്ടും താഴ്ന്നു. ആശുപത്രി പ്രവേശനങ്ങളും കുറഞ്ഞു. 142,224 പോസിറ്റീവ് കേസുകള്‍ കൂടിയാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കണക്കുകളില്‍ ഇന്നലെ ഉള്‍പ്പെടുത്തിയത്. ആഴ്ച തോറുമുള്ള കണക്കുകളുമായുള്ള താരതമ്യത്തില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കേസുകളിലെ ഇടിവ്. ലണ്ടനിലെ ഇന്‍ഫെക്ഷനുകള്‍ ഒരു മാസത്തിനിടെ ഏറ്റവും കുറഞ്ഞ തോതിലെത്തി.
ഒമിക്രോണിന്റെ ഹോട്ട്‌സ്‌പോട്ടായി മാറിയ തലസ്ഥാനത്ത് 60 വയസ്സിന് മുകളിലുള്ള രോഗികളുടെ എണ്ണവും കുറയുന്നുണ്ട്. അതിനിടെ 77 പേരുടെ കൂടി മരണങ്ങളും സ്ഥിരീകരിച്ചു. ആശുപത്രി പ്രവേശനങ്ങളില്‍ ഒരാഴ്ച കൊണ്ട് മൂന്ന് ശതമാനം മാത്രമാണ് വര്‍ദ്ധന. മൂന്നാഴ്ചയോളം തുടര്‍ച്ചയായി ആശുപത്രിയില്‍ ചികിത്സ ആവശ്യമായി വരുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതിന് ശേഷമാണ് ഈ ഇടിവ്. ലണ്ടനിലെ അഡ്മിഷന്‍ നിരക്കും കുറവ് രേഖപ്പെടുത്തുന്നുണ്ട്.
ഒമിക്രോണ്‍ വേരിയന്റ് എന്‍എച്ച്എസ് സേവനങ്ങളെ അട്ടിമറിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇപ്പോള്‍ സര്‍ക്കാരും, എന്‍എച്ച്എസ് നേതാക്കളും. അടുത്ത മൂന്ന് മാസം കൂടി കൊറോണാവൈറസ് ബുദ്ധിമുട്ട് സൃഷ്ടിക്കുമെങ്കിലും അതിന് ശേഷം അവസാനം കാണാന്‍ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഡോ. ഡേവിഡ് നബാരോ പറയുന്നത്.
എന്‍എച്ച്എസിനെ സംരക്ഷിക്കാന്‍ വിലക്കുകളുടെ ആവശ്യം വരില്ലെന്ന് സൂചന നല്‍കുന്ന ശാസ്ത്രജ്ഞരുടെ നിരയിലേക്കാണ് ഇവരും വരുന്നത്. പുതിയ സാധാരണനിലയിലേക്ക് മടങ്ങാനും, കോവിഡിനെ പനി പോലെ കാണാനുമാണ് യുകെ വാക്‌സിന്‍ ടാസ്‌ക്‌ഫോഴ്‌സ് ഉപദേശിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല