
സ്വന്തം ലേഖകൻ: നോര്‍ത്ത് ഈസ്റ്റ് മേഖലയിലൊഴിച്ചു കോവിഡ് കേസുകള്‍ രാജ്യത്തെ എല്ലാ മേഖലയിലും താഴുന്നതായി ഔദ്യോഗിക കണക്ക്. ഒമിക്രോണ്‍ പ്രഭാവം കുറയുന്നുവെന്ന ശക്തമായ സൂചനയും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. തീവ്രവ്യാപന ശേഷിയുള്ള വേരിയന്റ് ആഞ്ഞടിച്ച ലണ്ടനില്‍ ക്രിസ്മസിന് മുന്‍പ് തന്നെ താഴേക്കുള്ള ട്രെന്‍ഡ് രേഖപ്പെടുത്തി തുടങ്ങിയതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ പറയുന്നു.
രാജ്യത്തെ മറ്റിടങ്ങളിലും ഇതേ അവസ്ഥ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ശക്തമാകുന്നത്. സര്‍ക്കാര്‍ കോവിഡ് ഡാറ്റ പ്രകാരം ഇംഗ്ലണ്ടിലെ എട്ടില്‍ ഏഴ് മേഖലകളിലും രോഗികളുടെ എണ്ണം കുറയുന്നതായാണ് വ്യക്തമാകുന്നത്. ഇതോടെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശത്തും തരംഗം പീക്കില്‍ എത്തിയെന്നാണ് കരുതുന്നത്. ഒമിക്രോണ്‍ സ്വാഭാവികമായ രീതിയില്‍ തന്നെ പിന്‍വാങ്ങിത്തുടങ്ങിയെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.
എന്നാല്‍ വരും ദിവസങ്ങളില്‍ ക്രിസ്മസ് ഹോളിഡേ കഴിഞ്ഞ് സ്‌കൂളുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോള്‍ സ്ഥിതി വീണ്ടും മോശമാകുമെന്ന ആശങ്കയും ഉണ്ട്. പുതിയ തരംഗത്തില്‍ ഇംഗ്ലണ്ടിലെ മരണങ്ങള്‍ കുതിച്ചുയര്‍ന്നില്ലെന്നത് ആശ്വാസമായിരുന്നു. ഇപ്പോള്‍ ഫ്‌ളൂ സീസണ്‍ ആഞ്ഞടിക്കുന്ന വര്‍ഷങ്ങള്‍ക്ക് സമാനമായ നിരക്കിന്റെ പകുതി മാത്രമാണ് കോവിഡ് മരണങ്ങള്‍.
ആശുപത്രിയില്‍ ഗുരുതര രോഗബാധയോടെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും വര്‍ദ്ധനവില്ല. പ്ലാന്‍ ബി വിലക്കുകള്‍ ഈ മാസം തന്നെ നീക്കി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് ദിവസത്തെ സെല്‍ഫ് ഐസൊലേഷന്‍ അഞ്ചാക്കി കുറയ്ക്കുന്നത് പരിശോധിക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ യുകെഎച്ച്എസ്എ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല