
സ്വന്തം ലേഖകൻ: മൂന്നുമാസത്തെ ഇടവേളയ്ക്കു ശേഷം യുകെയിൽ പ്രതിദിന കോവിഡ് കേസുകൾ അര ലക്ഷം കവിഞ്ഞു. പ്രതിദിനം അമ്പതിനായിരവും കടന്ന് കോവിഡ് കേസുകൾ കുതിച്ചുയരുമ്പോൾ മരണനിരക്ക് താഴ്ന്നു നിൽക്കുന്നതു മാത്രമാണ് ഏക ആശ്വാസം. എന്നാൽ തണുപ്പുകാലം ശക്തി പ്രാപിക്കുന്നതോടെ കോവിഡ് കേസുകൾ പ്രതിദിനം ഒരുലക്ഷത്തിനു മുകളിലെത്തുമെന്നാണ് വിദഗ്ധരുടെയും ഹെൽത്ത് സെക്രട്ടറിയുടെയും വെളിപ്പെടുത്തൽ. ഇതോടെ സ്വാഭാവികമായും മരണനിരക്കും ഉയരുമെന്ന് ഉറപ്പാണ്.
52,009 കോവിഡ് കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരണസംഖ്യ 115ഉം. ജൂലൈ 17നുശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ രോഗവ്യാപന നിരക്കാണിത്. ഈ കണക്ക് ആശങ്കയേറ്റുന്നതാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ളവർ സമ്മതിക്കുന്നുണ്ട്.
ബൂസ്റ്റർ ഡോസിനു യോഗ്യരായവർ ഒട്ടും താമസിയാതെ അത് ബുക്കുചെയ്ത് മൂന്നാം ഡോസ് വാക്സീൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ഇന്നലെയും അഭ്യർഥിച്ചു ഇതോടൊപ്പം ഫെയ്സ് മാസ്ക് ഉൾപ്പെടെയുള്ളവ നിർബന്ധമാക്കി സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ളവരും ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.
വാക്സിനേഷനിലൂടെയും ചൂടുകാലാവസ്ഥ നൽകിയ ഉണർവിലൂടെയും കോവിഡിനെ ഒരുവിധം വരുതിയിലാക്കിയ ബ്രിട്ടനിൽ പക്ഷേ, തണുപ്പുകാലത്തിന്റെ തുടക്കത്തിൽതന്നെ കോവിഡ് വീണ്ടും ആഞ്ഞടിക്കുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. രണ്ടുഡോസ് വാക്സീൻ സ്വീകരിച്ച് ആറുമാസം പൂർത്തിയാക്കിയവർക്കെല്ലാം ബൂസ്റ്റർ ഡോസ് വാക്സീൻ നൽകി തണുപ്പുകാലത്തെ ഭീഷണിയെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
ഇതോടൊപ്പം പന്ത്രണ്ടിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള കുട്ടികൾക്കും വാക്സീൻ നൽകി കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പ്രതിദിന കോവിഡ് കേസുകളിലെ വർദ്ധനവ് പ്രധാനമന്ത്രി ബോറിസ് ജോൺസണും മന്ത്രിമാരും സസൂക്ഷമം നിരീക്ഷിക്കുകയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കുന്നുണ്ടെങ്കിലും നടപടികൾ സ്വീകരിക്കാത്തത് വിമർശനവും ഉയർത്തുന്നുണ്ട്.
അതിനിടെ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വിന്റർ ലോക്ക്ഡൗൺ പരിഗണിച്ചേക്കുമെന്ന സൂചനകൾ നൽകി വെയ്ൽസ് ഭരണകൂടം രംഗത്തെത്തി. എന്നാൽ പ്രതിദിനം 100,000 കേസുകൾ കൈകാര്യം ചെയ്യാൻ രാജ്യം സജ്ജമാണെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് അഭിപ്രായപ്പെട്ടു. അതേസമയം വൈറസിനെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്താൻ കൂടുതൽ ബ്രിട്ടീഷുകാർ മുന്നോട്ട് വരണമെന്ന് ബോറിസ് ജോൺസൺ ജനങ്ങളോട് അഭ്യർത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല