1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2020

സ്വന്തം ലേഖകൻ: യുകെയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33,470 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ യുകെയിലെ മൊത്തം കേസുകളുടെ എണ്ണം 1,290,195 ആയി. ബുധനാഴ്ച 22,950 പേർ കൊവിഡ് പോസിറ്റീവായപ്പോൾ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 50,000 കവിഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുകെയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി ഉയർന്നു. കഴിഞ്ഞ ദിവസം ഇത് 595 ആയിരുന്നു. മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. യുകെയിൽ ആകെ മരണമടഞ്ഞവരുടെ എണ്ണം ഇപ്പോൾ 50,928 ആണ്.

യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് യുകെയിലാണ്. രാജ്യത്ത് കൊറോണ വൈറസ് കവർന്ന ജീവനുകളിൽ സ്പാനിഷ് ഇൻഫ്ലുവൻസയെ അതിജീവിച്ച 108-കാരിയായ ഹിൽഡ ചർച്ചിൽ, 13 ദിവസം പ്രായമുള്ള ഒരു കുഞ്ഞ് എന്നിവരും ഉൾപ്പെടുന്നു;

“ഒറ്റ ദിവസത്തെ കൊവിഡ് കേസുകളുടെ എണ്ണം മാത്രമെടുത്ത് സ്ഥിതി വിലയിരുത്തരുത്; പകരം, തുടർച്ചയായ ഏതാനും ദിവസങ്ങളിലെ കണക്കുകൾ പരിഗണിക്കണം,” എൻ‌എച്ച്എസ് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പവീസ് ഡൌണിംഗ് സ്ട്രീറ്റിലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡിസംബർ 2 ന് ഇംഗ്ലണ്ടിലെ ദേശീയ ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ ജീവിതം സാധാരണ നിലയിലാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതിനിടെ ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് യുവ മലയാളി ഡോക്ടർ മരിച്ചു. പാലക്കാട് സ്വദേശിയായ ഡോ. കൃഷ്ണൻ സുബ്രഹ്മണ്യമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ബ്രിട്ടനിലെ ലെസ്റ്ററിൽ മരിച്ചത്. 46 വയസായിരുന്നു. കൊവിഡ് ബാധിച്ച് ആരോഗ്യസ്ഥിതി മോശമായ ഡോ. കൃഷ്ണൻ ഏതാനും ദിവസങ്ങളായി ലെസ്റ്ററിലെ ഗ്ലൻഫീൽഡ് ആശുപത്രിയിൽ എഗ്മോ വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിൽസയിലായിരുന്നു. സംസ്കാരം പിന്നീട് നടത്തും.

പ്രിയദർശിനി മേനോനാണ് ഭാര്യ. അനസ്തിഷ്യ സ്പെഷ്യലിസ്റ്റായിരുന്ന കൃഷ്ണൻ ഡെർബി ഹോസ്പിറ്റലിലാണ് പ്രധാനമായും ജോലി ചെയ്തിരുന്നത്. നോർത്താംപ്റ്റൺ, ലെസ്റ്റർ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിരുന്നു. ബ്രിട്ടനിൽ പത്തുദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുന്ന നാലാമത്തെ മലയാളിയാണ് ഡോ. കൃഷ്ണൻ സുബ്രഹ്മണ്യൻ.

വടക്കൻ അയർലൻഡിൽ നാലാഴ്ച നീണ്ട സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൌൺ നീട്ടാൻ തീരുമാനമായി. കഫേകൾ, ഹെയർഡ്രെസിംഗ്, ബ്യൂട്ടി സലൂണുകൾ എന്നിവ ഒരാഴ്ച കൂടി അടച്ചിടും. പബ്ബുകളും ലൈസൻസുള്ള റെസ്റ്റോറന്റുകളും രണ്ടാഴ്ച കൂടി അടഞ്ഞു കിടക്കും. ഡിയുപി, സിൻ‌ ഫെയ്ൻ എന്നീ പ്രധാന കക്ഷികൾ തമ്മിൽ നാല് ദിവസത്തെ ചൂടേറിയ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് മന്ത്രിസഭയുടെ തീരുമാനം.

പ്രധാന കക്ഷികൾ തമ്മിൽ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് അഭിപ്രായ വ്യത്യാസം രൂക്ഷമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഒരു തീരുമാനമെടുക്കാൻ ഈ കക്ഷികൾക്ക് നാല് ദിവസമെടുത്തുവെന്നതും അത് ഏകകണ്ഠമായ തീരുമാനമായിരുന്നില്ല എന്നതും സർക്കാരിനെ സംബന്ധിച്ചിടത്തോളം നല്ലതല്ലെന്ന് വിമർശനമുയർന്ന് കഴിഞ്ഞു. ബ്രെക്സിറ്റ് പടിവാതിൽക്കലെത്തി നിൽക്കെ കൂടുതൽ കടുത്ത തീരുമാനങ്ങളാണ് പോരടിച്ച് നിൽക്കുന്ന പാർട്ടികളെ കാത്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.