1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2024

സ്വന്തം ലേഖകൻ: യുകെയിൽ ദന്ത ചികിത്സാരംഗത്ത് നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി വിദേശ ഡോക്ടര്‍മാര്‍ക്ക്, യോഗ്യതാ പരീക്ഷയില്‍ പങ്കെടുക്കാതെ തന്നെ ബ്രിട്ടനില്‍ ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്കാണ് ബ്രിട്ടനില്‍ ജോലി ചെയ്യുവാന്‍ ഇപ്പോള്‍ യോഗ്യതാ പരീക്ഷയില്‍ വിജയിക്കേണ്ടത്.

പുതിയ നയം നടപ്പില്‍ വരികയാണെങ്കില്‍ ഇന്ത്യയുള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ പഠിച്ച ദന്ത ഡോക്ടര്‍മാര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ പങ്കെടുക്കാതെ തന്നെ എന്‍ എച്ച് എസ്സില്‍ ജോലി ചെയ്യാന്‍ ആകും. ഇത് ദന്ത ചികിത്സയുടെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന സംശയവും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

നിലവില്‍ അഞ്ചില്‍ നാല് എന്‍എച്ച്എസ് ദന്ത ഡോക്ടര്‍മാരും പുതിയ രോഗികളെ കാണുന്നില്ല. ഇത് പല്ലുമായി ബന്ധപ്പെട്ട രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും അടിയന്തിര വിഭാഗത്തില്‍ എത്തുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികള്‍ വരെ വിവിധ ദന്ത രോഗങ്ങളുമായി എത്തുന്നുണ്ട് എന്നാണ് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

എന്നാല്‍, ദന്തഡോക്ടര്‍മാരെ എന്‍എച്ച്എസ്സില്‍ നിന്നും അകറ്റി നിര്‍ത്തുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ ചോര്‍ച്ചയുള്ള ബക്കറ്റില്‍ വെള്ളം നിറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഡെന്റിസ്റ്റ് യൂണിയന്‍ ആരോപിക്കുന്നു. ഇപ്പോഴത്തെ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ വിദേശ ഡോക്ടര്‍മാര്‍ പ്രാക്ടീസ് ആരംഭിച്ചേക്കും. ഈ രംഗത്തെ റെഗുലേറ്റര്‍മാരായ ജനറല്‍ ഡെന്റല്‍ കൗണ്‍സില്‍, തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച്, വിദ്യാഭ്യാസ യോഗ്യതയുടെ ഗുണനിലവാരം തീരുമാനിച്ച് ദന്ത ഡോക്ടര്‍മാര്‍ക്ക് താത്ക്കാലിക റെജിസ്ട്രേഷന്‍ നല്‍കാനാണ്‍’ ഉദ്ദേശിക്കുന്നത്.

ഇത്തരത്തില്‍ താത്ക്കാലിക റെജിസ്ട്രേഷന്‍ ലഭിക്കുന്ന ദന്ത ഡോക്ടര്‍മാര്‍, ബന്ധപ്പെട്ടവരുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കും ജോലി ചെയ്യുക എന്നും അത് ചികിത്സയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുമെന്നും അധികൃതര്‍ അവകാശപ്പെടുന്നു. പൂര്‍ണ്ണ യോഗ്യത നേടിയ വിദേശ ദന്ത ഡോക്ടര്‍മാരെ ബ്രിട്ടനില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നും വിലക്കുന്ന ചുവപ്പു നാടകളുടെ കുരുക്കഴിക്കാന്‍ പുതിയ നിര്‍ദ്ദേശത്തിന് കഴിയുമെന്നാണ് ആരോഗ്യ മന്ത്രി ആന്‍ഡ്രിയ ലീഡ്സം പറയുന്നത്. അതേസമയം ഉയര്‍ന്ന ചികിത്സാ നിലവാരവും സുരക്ഷയും ഉറപ്പു വരുത്താനും കഴിയും.

എന്‍ എച്ച് എസ്സിലെ ദന്ത ഡോക്ടര്‍മാരുടെ ക്ഷാമം വെളിപ്പെടുത്തുനന്തായിരുന്നു ഈ മാസം ആദ്യം ബ്രിസ്റ്റോളില്‍ പുതിയ ദന്ത ക്ലിനിക് തുറന്നപ്പോള്‍ കണ്ടത്. നൂറു കണക്കിന് ആളുകള്‍ ക്യുവില്‍ എത്തിയപ്പോള്‍ അവരെ നിയന്ത്രിക്കാന്‍ പോലീസിന് എത്തേണ്ടതായി വന്നു. ആറു മാസത്തിലധികം ഇടവേളയില്‍ ആദ്യമായി പുതിയ രോഗികളെ സ്വീകരിച്ച ക്ലിനിക്ക് ആയിരുന്നു അത്.

അതേസമയം, സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ ഫലക്ഷമതയെ കുറിച്ച് രോഗികള്‍ക്കിടയിലും സംശയങ്ങള്‍ ഉണ്ട്. താത്ക്കാലിക രജിസ്ട്രേഷന്‍ ലഭിക്കുന്നവര്‍ എന്‍ എച്ച് എസ്സില്‍ ജോലി ചെയ്യണം എന്നത് നിര്‍ബന്ധമാക്കിയില്ലെങ്കില്‍ ഇത് ഏറെ പ്രയോജനം ചെയ്യില്ല എന്നാണ് അവര്‍ വിലയിരുത്തുന്നത്. ഡോക്ടര്‍മാരുടെ എണ്ണത്തിലല്ല പ്രശ്നമെന്നും, എന്‍ എച്ച് എസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണത്തിലാണ് പ്രശ്നമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

അതുകൊണ്ടു തന്നെ താത്ക്കാലിക രജിസ്ട്രേഷന് എന്‍ എച്ച് എസ്സ് സേവനം നിര്‍ബന്ധമാക്കിയില്ലെങ്കില്‍, പുതിയ നയം മൂലം സ്വകാര്യ ആശുപത്രികളില്‍ നിരവധി ഡോക്ടര്‍മാര്‍ എത്തുക എന്നതായിരിക്കും സംഭവിക്കുക എന്നും അവര്‍ പറയുന്നു. ഈ നയം ഏറെ പ്രയോജനം ചെയ്യില്ല എന്ന് തന്നെയാണ് ബ്രിട്ടീഷ് ഡെന്റല്‍ അസ്സോസിയേഷന്റെയും അഭിപ്രായം. വിദേശത്തു നിന്നും എത്തുന്നവര്‍, നിലവില്‍ ബ്രിട്ടനിലുള്ള ഡോക്ടര്‍മാരേക്കാള്‍ അധികമായി എന്‍ എച്ച് എസ്സില്‍ ജോലി ചെയ്യും എന്നതിന് ഒരു ഉറപ്പുമില്ലെന്ന് അവര്‍ പറയുന്നു.

ജി ഡി സിയില്‍ റെജിസ്റ്റര്‍ ചെയ്യുന്ന ദന്ത ഡോക്ടര്‍മാരുടെ എണ്ണം റെക്കോര്‍ഡ് നിലയില്‍ എത്തിയപ്പോഴും എന്‍ എച്ച് എസ്സില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 2016 മുതല്‍ കുത്തനെ താഴുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക്, സിംഗപ്പൂര്‍, ഹോങ്കോംഗ്, മലേഷ്യ, ന്യുസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 14 യൂണിവേഴ്സിറ്റികളില്‍ പഠിച്ച ദന്ത ഡോക്ടര്‍മാര്‍ക്ക് ബ്രിട്ടനില്‍ പ്രാക്ടീസ് ചെയ്യാന്‍ യോഗ്യതാ പരീക്ഷ എഴുതേണ്ടതില്ല. പക്ഷെ, 2001ന് മുന്‍പായി ബിരുദമെടുത്തവര്‍ക്ക് മാത്രമാണ് ഈ ഇളവുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.