1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2023

സ്വന്തം ലേഖകൻ: യുകെയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ രാജ്യം വിടുന്നു. യുകെയില്‍ പരിശീലനം സിദ്ധിച്ച 13,000-ലേറെ ഡോക്ടര്‍മാര്‍ നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്നതായി കണക്കുകള്‍ പറയുന്നു. ഈ പ്രവണത കൂടി വരുകയാണ്. ഒരു വശത്തു ഡോക്ടര്‍മാരുടെയും, നഴ്‌സുമാരുടെയും എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍ . അതിനായി പഠന കാലയളവ് കുറയ്ക്കാന്‍ പോലും നീക്കം നടക്കുന്നതിനിടെയാണ് ഇപ്പോഴത്തെ കൂട്ട പലായനം

എന്‍എച്ച്എസിലെ ജീവനക്കാരുടെ പ്രതിസന്ധി വ്യക്തമാക്കിക്കൊണ്ടാണ് പുതിയ കണക്കുകള്‍ പുറത്തുവന്നത്. ഉയര്‍ന്ന ശമ്പളവും, മെച്ചപ്പെട്ട തൊഴില്‍-ജീവിത ബാലന്‍സും ഓഫര്‍ ചെയ്താണ് വിദേശരാജ്യങ്ങള്‍ യുകെ ഡോക്ടര്‍മാരെ ആകര്‍ഷിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു.

ഈ തലച്ചോര്‍ ചോര്‍ച്ച മൂലം എന്‍എച്ച്എസ് ആശുപത്രികള്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ വിയര്‍ക്കുകയാണ്. ഇംഗ്ലണ്ടില്‍ സെക്കന്‍ഡറി കെയറില്‍ 8549 ഡോക്ടര്‍ വേക്കന്‍സികള്‍ ഉണ്ടെന്നാണ് മാര്‍ച്ചില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്‍എച്ച്എസ് ഡോക്ടര്‍മാരെ വിദേശ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ ലക്ഷ്യം വെയ്ക്കുന്നതായി ന്യൂകാസില്‍ ജിപി ഡോ. ലിസി ടോബെര്‍ട്ടി പറഞ്ഞു.

‘കാനഡയില്‍ ജിപി ആകാന്‍ ഫേസ്ബുക്ക് പരസ്യങ്ങള്‍ പതിവായി എത്തും. ഓസ്‌ട്രേലിയന്‍, ന്യൂസിലാന്‍ഡ് റിക്രൂട്ട്‌മെന്റ് ഏജന്‍സികളില്‍ നിന്നും ഇമെയിലുകളും വരാറുണ്ട്’, ഈ 37-കാരി വ്യക്തമാക്കി. പലപ്പോഴും പോകാന്‍ താല്‍പര്യം തോന്നാറുണ്ട്. ഇവിടെ ജോലി ചെയ്യുന്നതിന്റെ ഇരട്ടി ശമ്പളം കിട്ടും. ഭക്ഷണവും, പാര്‍ക്കിംഗും സൗജന്യമാണ്. പകരക്കാരായി ജോലി ചെയ്താലും ഇരട്ടിയാണ് ശമ്പളം, ഡോ. ലിസി പറയുന്നു.

ഇംഗ്ലണ്ടില്‍ ആയിരം പേര്‍ക്ക് 2.9 ഡോക്ടര്‍മാര്‍ വീതമാണുള്ളതെന്ന് ബിഎംഎ കണക്കാക്കുന്നു. ശരാശരി യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളില്‍ ഇത് 3.7 ആണ്. ഈ നില കൈവരിക്കാന്‍ 46,300 ഡോക്ടര്‍മാരെങ്കിലും അധികം വേണം. ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ജൂണില്‍ 72 മണിക്കൂര്‍ വാക്കൗട്ട് സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂണ്‍ 14 ബുധനാഴ്ച 7 നും ജൂണ്‍ 17 ശനിയാഴ്ച 7 നും ഇടയിലാണ് പണിമുടക്ക്.

ഡോക്ടര്‍മാരെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) യൂണിയന്‍, 5% വര്‍ദ്ധനവ് എന്ന സര്‍ക്കാര്‍ വാഗ്ദാനം ‘വിശ്വസനീയമല്ല’ എന്ന് വ്യക്തമാക്കി.
സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ‘വേനല്‍ക്കാലം മുഴുവന്‍’ പണിമുടക്കുകള്‍ നടക്കുമെന്ന് ബിഎംഎ പറഞ്ഞു, ഓഗസ്റ്റില്‍ അതിന്റെ മാന്‍ഡേറ്റ് അവസാനിക്കുന്നത് വരെ മാസത്തില്‍ കുറഞ്ഞത് മൂന്ന് ദിവസത്തെ വാക്കൗട്ടുകള്‍ നടത്തുമെന്നാണ് മുന്നറിയിപ്പ് .

15 വര്‍ഷത്തെ പണപ്പെരുപ്പത്തില്‍ താഴെയുള്ള വര്‍ദ്ധനവ് നികത്താന്‍ യൂണിയന്‍ 35% വര്‍ദ്ധനവ് ആവശ്യപ്പെടുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ മുന്‍കാല വാക്കൗട്ടുക ള്‍ക്ക് ശേഷം മൂന്നാം ഘട്ട സമരം ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ ജൂനിയര്‍ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു. ബിഎംഎയില്‍ നിന്നും സര്‍ക്കാരില്‍ നിന്നുമുള്ള ഭാഷയില്‍ ഇരുപക്ഷവും കരാറില്‍ നിന്ന് വളരെ അകലെയാണെന്ന് സൂചിപ്പിക്കുന്നു.

എന്നാല്‍ സമരം പിന്‍വലിച്ചാല്‍ മാത്രമേ ശമ്പള ചര്‍ച്ച തുടരാനാകൂവെന്ന് മന്ത്രിമാര്‍ പറഞ്ഞു. ഇംഗ്ലണ്ടിലെ ഹോസ്പിറ്റല്‍ ഡോക്ടര്‍മാരില്‍ പകുതിയും ജിപിമാരില്‍ പകുതിയും ജൂനിയര്‍ ഡോക്ടര്‍മാരാണ്. യുകെയിലെ 46,000 ജൂനിയര്‍ ഡോക്ടര്‍മാരെ ബിഎംഎ പ്രതിനിധീകരിക്കുന്നു. സ്കോട്ട് ലന്‍ഡില്‍, ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് സ്കോട്ടിഷ് സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം രണ്ട് വര്‍ഷ കാലയളവില്‍ 14.5% ശമ്പള വര്‍ദ്ധനവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.