
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ഭൂരിപക്ഷം ഇടങ്ങളും കൊടും വരള്‍ച്ച നേരിടുന്നതായി ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ . വരള്‍ച്ച അടുത്ത വര്‍ഷം വരെ നിലനില്‍ക്കുമെന്നാണ് ആശങ്ക. ഇതോടെ കൂടുതല്‍ ഇടങ്ങളിലേക്ക് ഹോസ്പൈപ്പ് നിരോധനങ്ങളും, മറ്റ് നിയന്ത്രണങ്ങളും എത്തിച്ചേരുമെന്നാണ് കരുതുന്നത്. താപനില 35 സെല്‍ഷ്യസിലേക്ക് എത്തുന്നതോടെ കരീബിയന്‍ ദ്വീപുകള്‍ക്ക് സമാനമായ ചൂടില്‍ ബ്രിട്ടന് ഉരുകിയൊലിക്കും. ജനം വെള്ളം വാങ്ങിക്കൂട്ടുകയാണ്. വെള്ളത്തിന് ക്ഷാമം നേരിടുമെന്ന ആശങ്കയിലാണ് ജനം കുപ്പിവെള്ളം വാങ്ങിക്കൂട്ടുന്നത്.
കനത്ത ആഘാതം ഏറ്റുവാങ്ങുന്ന രാജ്യത്തെ സൗത്ത്, ഈസ്റ്റ് മേഖലകളാണ് വരള്‍ച്ചാ മേഖലകളായി പ്രഖ്യാപിക്കപ്പെടുക. ഇതോടെ വെള്ളം ലാഭിക്കാന്‍ വാട്ടര്‍ കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദം ശക്തമാകും. നിലവില്‍ ഏകദേശം 17 മില്ല്യണ്‍ ജനങ്ങളാണ് ഹോസ്പൈപ്പ് നിരോധനം നേരിടുന്നത്. ജൂലൈയിലെ റെക്കോര്‍ഡ് താപനിലയ്ക്ക് ശേഷം 15 മില്ല്യണ്‍ ജനങ്ങള്‍ കൂടി ഈ പട്ടികയിലേക്ക് എത്തിപ്പെടാനാണ് സാധ്യത.
സതേണ്‍ ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളില്‍ റെക്കോര്‍ഡുകള്‍ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും വരണ്ടുണങ്ങിയ കാലാവസ്ഥയാണ് നേരിടുന്നത്. റിസര്‍വോയര്‍ ലെവലുകള്‍ 30 വര്‍ഷത്തിനിടെ കുറഞ്ഞ നിലയിലാണ്. വരള്‍ച്ചാ പ്രഖ്യാപനം ഔദ്യോഗികമായി ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്. ഞായറാഴ്ച വരെ ഇംഗ്ലണ്ടിലും, വെയില്‍സിലും കടുത്ത ചൂട് താപനിലയെ തുടര്‍ന്നുള്ള നാല് ദിവസത്തെ ആംബര്‍ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.
യുകെയുടെ നോര്‍ത്ത് പ്രദേശങ്ങളില്‍ മഴ എത്തുമെന്ന മെറ്റ് ഓഫീസ് പ്രവചനങ്ങള്‍ ആശ്വാസമാകില്ല. കാരണം മഴ പെയ്താല്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. അതിവേഗതത്തില്‍, അതിശക്തമായ മഴയായിരിക്കും പെയ്യുകയെന്ന് മെറ്റ് ഓഫീസ് ചീഫ് മീറ്റിയോറോളജിസ്റ്റ് പോള്‍ ഡേവിസ് ബിബിസിയോട് പറഞ്ഞു.
‘ഉണങ്ങിക്കിടക്കുന്ന ഭൂമിയുടെ പ്രതലത്തിലേക്ക് മഴ പെയ്യുമ്പോള്‍ വെള്ളം വേഗത്തില്‍ ഒഴുകും. ഇത് മാലിന്യം പുറത്തെത്തിക്കുകയും, പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമാകുകയും ചെയ്യും’, പോള്‍ കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍ക്കും ഇത് പ്രതിസന്ധിയായി മാറുമെന്നാണ് മുന്നറിയിപ്പ്. ഉരുളക്കിഴങ്ങ്, ആപ്പിള്‍, ഹോപ് ഹാര്‍വെസ്റ്റ്, ബ്രോക്കോളി, സ്പ്രൗട്ട്സ് എന്നിവയുടെ സപ്ലൈയെയും ഇത് ബാധിക്കും.
യൂറോപ്യന്‍ വരള്‍ച്ചാ ഒബ്സര്‍വേറ്ററി ഡാറ്റ പ്രകാരം യൂറോപ്യന്‍ യൂണിയന്റെയും, യുകെയുടെയും 60 ശതമാനം മേഖലകളും വരള്‍ച്ചാ മുന്നറിയിപ്പോ, ജാഗ്രതയോ നേരിടുന്നതായാണ് വ്യക്തമാകുന്നത്. യുകെയ്ക്ക് പുറമെ ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, ജര്‍മ്മനി, സ്പെയിന്, ഇറ്റലി, ഹംഗറി, പോളണ്ട്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളും വരള്‍ച്ച അനുഭവിക്കുന്നതായി കാണിക്കുന്നു. അഞ്ചു നൂറ്റാണ്ടിനിടെ കാണാത്ത തരത്തിലുള്ള കടുത്ത കാലാവസ്ഥാ അനുഭവങ്ങളാണ് ഇപ്പോള്‍ നേരിടുന്നതെന്ന് യൂറോപ്യന്‍ കമ്മീഷന് ജോയിന്റ് റിസേര്‍ച്ച് സെന്റര്‍ സീനിയര്‍ ഗവേഷകന് ആന്‍ഡ്രിയ ടോറെറ്റി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല