1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2022

സ്വന്തം ലേഖകൻ: ഈ വർഷാവസാനം വിദ്യാർത്ഥി വായ്പകൾക്ക് ബാധകമാക്കുന്ന ഉയർന്ന പലിശ നിരക്കിനെക്കുറിച്ച് മുതിർന്ന ടോറി എംപിമാർ സർക്കാരിന് മുന്നറിയിപ്പ് നൽകി. 12% വരെയുള്ള പലിശ നിരക്കുകൾ വിദ്യാർത്ഥികളെ യൂണിവേഴ്‌സിറ്റി പ്രവേശനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുമെന്നും നടപടി അവസാനിപ്പിക്കണമെന്നുമാണ് ഭരണകക്ഷി എംപിമാർ തന്നെ സർക്കാരിനോട് ആവശ്യപ്പെടുന്നത്.

ഉയർന്ന പണപ്പെരുപ്പത്തിന്റെ പ്രത്യാഘാതങ്ങളെച്ചൊല്ലി പാർട്ടിയിൽ തന്നെ അസ്വാസ്ഥ്യങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് ഇരുട്ടടിയുമായി സർക്കാർ എത്തുന്നത്. മുൻ മന്ത്രിമാരും എംപിമാരും സർക്കാർ ഇടപെടാനും വർദ്ധനവ് തടയാനും ആവശ്യപ്പെടുന്നു. യൂണിവേഴ്സിറ്റി സീറ്റ് ഏറ്റെടുക്കാൻ കഴിവുള്ള യുവാക്കൾ വർഷങ്ങളോളം വലിയതും ചെലവേറിയതുമായ കടം തിരിച്ചടയ്ക്കണമെന്ന ചിന്തയിൽ പിന്മാറുമെന്ന് അവർ പറയുന്നു.

ഉയർന്ന വരുമാനമുള്ള ചില ബിരുദധാരികൾ ആയിരക്കണക്കിന് പൗണ്ട് അധിക കടക്കെണിയിലായേക്കാവുന്ന പലിശ വർദ്ധനവ് മന്ത്രിമാർ ഇപ്പോൾ പരിശോധിക്കുന്നുണ്ടെന്ന് ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നു. യൂണിവേഴ്സിറ്റി പോളിസിയുടെ മേൽനോട്ടം വഹിച്ചിരുന്ന രണ്ട് മുൻ ടോറി മന്ത്രിമാർ, നടപടി ആവശ്യമാണെന്ന് തങ്ങൾ വിശ്വസിക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു.

ഉയർന്ന നിരക്കുകൾ ബിരുദധാരികളെ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ നേടുന്നതിൽ നിന്ന് തടയുന്നുവെന്ന് മുൻ ബിസിനസ് സെക്രട്ടറിയും സർവകലാശാലാ മന്ത്രിയുമായ ഗ്രെഗ് ക്ലാർക്ക് പറഞ്ഞു. സയൻസ്, എഞ്ചിനീയറിംഗ് തുടങ്ങിയ കോഴ്‌സുകളിൽപ്പോലും, സമ്പദ്‌വ്യവസ്ഥയ്ക്ക് ഈ കഴിവുകൾ അത്യന്തം ആവശ്യമായി വരുന്ന ഒരു സമയത്ത്, ഉന്നത വിദ്യാഭ്യാസത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് പുതിയ വിദ്യാർത്ഥികളെ ഇത് ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ പ്ലാനുകൾ പ്രകാരം, 2012-ന് ശേഷം വിദ്യാർത്ഥി വായ്പ എടുത്ത ഇംഗ്ലീഷ്, വെൽഷ് ബിരുദധാരികൾ, പ്രതിവർഷം £49,130-ൽ കൂടുതൽ വരുമാനം നേടുന്നവരാണെങ്കിൽ, 12% പരമാവധി പലിശനിരക്ക് അഭിമുഖീകരിക്കേണ്ടി വരും. നിലവിലെ പലിശ നിരക്ക് 4.5% ആണ്. കുറഞ്ഞ വരുമാനമുള്ളവരുടെ പലിശ നിരക്ക് 1.5 ശതമാനത്തിൽ നിന്ന് 9 ശതമാനമായി ഉയരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.