
സ്വന്തം ലേഖകൻ: എനര്‍ജി നിരക്കുകള്‍ കുറച്ച് നാളായി കുടുംബങ്ങള്‍ക്ക് വലിയ ഭാരമായി മാറിയിരിക്കുകയായിരുന്നു. എന്നാല്‍ ജൂലൈ മാസത്തോടെ ഈ ഭാരം കുറക്കാമെന്നാണ് പ്രവചനം. വരും മാസങ്ങളില്‍ നിരക്കുകള്‍ താഴേക്ക് പോകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.
എനര്‍ജി ബില്ലുകളില്‍ വര്‍ഷത്തില്‍ 440 പൗണ്ട് വരെ ലാഭം കിട്ടുമെന്നാണ് പ്രവചനം. ബ്രിട്ടനിലെ 80% മേഖലകളിലും എനര്‍ജി ബില്‍ നിരക്കുകള്‍ നിശ്ചയിക്കുന്ന ഓഫ്‌ജെം പ്രൈസ് ക്യാപ്പ് ജൂലൈയില്‍ ശരാശരി ഉപയോഗത്തിന് 2062.91 പൗണ്ട് എന്ന നിലയിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എനര്‍ജി പ്രൈസ് നിലവാരം കൃത്യമായി പ്രവചിച്ച കോണ്‍വാള്‍ ഇന്‍സൈറ്റിലെ അനലിസ്റ്റുകളാണ് ഭവനങ്ങള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്ത പങ്കുവെയ്ക്കുന്നത്. ഊര്‍ജ്ജത്തിനുള്ള ഡിമാന്‍ഡ് കുറയുന്നതിന് പുറമെ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട രീതിയില്‍ എനര്‍ജി സ്റ്റോക്ക് ചെയ്തതും, ചൂടേറിയ കാലാവസ്ഥയുമാണ് എനര്‍ജി ബില്ലുകള്‍ കുറയുന്നതിലേക്ക് സഹായം ചെയ്യുന്നതെന്ന് അനലിസ്റ്റുകള്‍ പറയുന്നു.
കോണ്‍വാള്‍ ഇന്‍സൈറ്റ് പ്രവചനം അനുസരിച്ച് ജൂലൈ മുതല്‍ ശരാശരി കുടുംബങ്ങള്‍ക്ക് 440 പൗണ്ട് ലാഭിക്കാന്‍ കഴിയുമെന്ന് കംപാരിസണ്‍ വെബ്‌സൈറ്റ് യുസ്വിച്ച് റെഗുലേഷന്‍ ഡയറക്ടര്‍ റിച്ചാര്‍ഡ് ന്യൂഡെഗ് പറഞ്ഞു. നിലവില്‍ നല്ലൊരു ശതമാനം വീടുകളും ഓഫ്‌ജെം പ്രൈസ് ക്യാപ് പരിമിതപ്പെടുത്തുന്ന വേരിയബിള്‍ റേറ്റ് എനര്‍ജി ഡീലുകളിലാണ്. ഈ ക്യാപ് നിലവില്‍ പ്രതിവര്‍ഷം 3280 പൗണ്ടിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല