
സ്വന്തം ലേഖകൻ: വിശകലന വിദഗ്ധരുടെ പുതിയ പ്രവചനങ്ങള്‍ അനുസരിച്ച്, എനര്‍ജി ബില്ലുകളുടെ വില പരിധി ഒക്ടോബറില്‍ 1,000 പൗണ്ട് കൂടി ഉയരും. ഒക്‌ടോബര്‍ ആദ്യം വില പരിധി 1,000 പൗണ്ടിലധികമായി ഉയരുമെന്ന് ആണ് പ്രവചനം. അടുത്ത കാലയളവിലേക്ക് പരിധി ഏകദേശം 2,980.63 പൗണ്ടായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു – ഇത് ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ സംഭവിക്കുമെന്ന് മാര്‍ക്കറ്റ് ഗവേഷകരായ കോണ്‍വാള്‍ ഇന്‍സൈറ്റ് പറഞ്ഞു. നിലവില്‍, ഇത് 1,971 പൗണ്ട് ആണ്. ഇത് മുമ്പത്തെ ഉയര്‍ന്ന നിരക്കിനെക്കാള്‍ 54 ശതമാനം കൂടി റെക്കോര്‍ഡിലെത്തി.
ഭാവിയിലെ എനര്‍ജി വില കണക്കാക്കാന്‍ അനലിസ്റ്റുകള്‍ ലഭ്യമായ ഏറ്റവും പുതിയ ഡാറ്റ ഉപയോഗിച്ചു. മുമ്പത്തെ സമീപകാല കണക്കുകള്‍ പ്രകാരം അടുത്ത വില പരിധി 2,800 പൗണ്ട് ആണ്. 1964-ല്‍ ആധുനിക രേഖകള്‍ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ രണ്ടാമത്തെ വരുമാന ചൂഷണത്തെയാണ് ജനങ്ങള്‍ അഭിമുഖീകരിക്കുന്നത്. പണപ്പെരുപ്പം ഉടന്‍ തന്നെ പത്ത് ശതമാനം കവിയുമെന്നതിനാല്‍, ജീവിതച്ചെലവ് പ്രതിസന്ധിയില്‍ ഇതിനകം നട്ടംതിരിയുന്ന കുടുംബങ്ങള്‍ക്ക് ഇത് മറ്റൊരു ആഘാതമാണ്.
ഭക്ഷണത്തിന്റെയും വസ്ത്രങ്ങളുടെയും വില ഇതിനകം വര്‍ദ്ധിച്ചു, അതേസമയം മോര്‍ട്ട്ഗേജുകളും റെയില്‍ നിരക്കുകളും നാടകീയമായി വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു, പത്തില്‍ നാല് പേരും ഇപ്പോള്‍ പലചരക്ക് സാധനങ്ങള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരായി. രാജ്യത്തെ ഓരോ കുടുംബത്തിനും 400 പൗണ്ട് ഊര്‍ജ ഗ്രാന്റും അതുപോലെ ദശലക്ഷക്കണക്കിന് ദുര്‍ബലരായ ആളുകള്‍ക്ക് അധിക പിന്തുണയും ഉള്‍പ്പെടെ മള്‍ട്ടി-ബില്യണ്‍ പൗണ്ട് പിന്തുണാ പാക്കേജ് വെളിപ്പെടുത്താന്‍ ചാന്‍സലര്‍ക്ക് ഈ പ്രവചനങ്ങള്‍ മതിയായിരുന്നു.
മൊത്തക്കച്ചവട വിപണികളിലെ ഊര്‍ജ വില കഴിഞ്ഞ ഒരു വര്‍ഷമായി കുതിച്ചുയരുകയാണ്. ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടും തുറന്നതിനാല്‍ ഉയര്‍ന്ന ഡിമാന്‍ഡാണ് വില വദ്ധനവിന് ആദ്യം കാരണമായത്. പിന്നീട് യുക്രൈനെതിരായ റഷ്യയുടെ പ്രകോപനരഹിതമായ സമ്പൂര്‍ണ ആക്രമണം വിലകള്‍ കൂടുതല്‍ കുതിച്ചുയരാന്‍ കാരണമായി.
പ്രതിസന്ധി മൂലം വിപണിയിലെ ഊര്‍ജ വിതരണക്കാരുടെ എണ്ണം വെറും 20 ആയി കുറഞ്ഞു. അതോടെ മത്സരം ഇല്ലാതായി. ഒരു വിതരണക്കാര്‍ക്കും ക്യാപ് ലെവലിന് താഴെയുള്ള വില നല്‍കാന്‍ കഴിയാത്ത സ്ഥിതിയായി.
ഒരു ശരാശരി കുടുംബത്തിന്, ഏപ്രിലില്‍ എനര്‍ജി വില 1,277 പൗണ്ടില്‍ നിന്ന് 1,971 പൗണ്ടായി ഉയര്‍ന്നിരുന്നു. 2020 വേനല്‍ക്കാലത്ത് വില 1,042 പൗണ്ട് ആയിരുന്നു. 2019-ല്‍ ആദ്യമായി പോളിസി നിലവില്‍ വന്നതിന് ശേഷമുള്ള ഏറ്റവും വിലകുറഞ്ഞത്.
കോണ്‍വാള്‍ ഇന്‍സൈറ്റ് പ്രവചിക്കുന്നത് 2023 ജനുവരിയില്‍ വില പരിധി 3,003 പൗണ്ട് ആകുമെന്നാണ് .ഏപ്രിലില്‍ 2,758 പൗണ്ട് ആയും ജൂലൈയില്‍ 2,686 പൗണ്ട് ആയും താഴുമെന്നു പറയുന്നു. ഒക്ടോബറില്‍ എനര്‍ജി ബില്‍ 2800 പൗണ്ടിലേക്ക് ഉയരുമെന്നാണ് മുന്നറിയിപ്പ്. ഈ ഘട്ടത്തില്‍ ഗ്യാസ്, ഓയില്‍ കമ്പനികളില്‍ നിന്നും ടാക്‌സ് ഈടാക്കി ജനങ്ങളെ സഹായിക്കാനാണ് ചാന്‍സലര്‍ പദ്ധതിയിട്ടത്.
ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച 200 പൗണ്ട് ധനസഹായം ഇരട്ടിയായി വര്‍ദ്ധിപ്പിച്ചതിന് പുറമെ ഇത് തിരിച്ചടയ്‌ക്കേണ്ടെന്നും സുനാക് വ്യക്തമാക്കി. ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ബെനഫിറ്റുകള്‍ നേടുന്ന കുടുംബങ്ങള്‍ക്ക് ജൂലൈയില്‍ രണ്ട് ഗഡുവായി 650 പൗണ്ടാണ് നല്‍കുക. പാവപ്പെട്ടവര്‍ക്ക് 1500 പൗണ്ട് വരെ എനര്‍ജി ബില്ലുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് പാക്കേജില്‍ സുനാക് ഉള്‍പ്പെടുത്തിയത്. എല്ലാ കുടുംബങ്ങള്‍ക്കും 400 പൗണ്ട് വീതം എനര്‍ജി ബില്‍ കുറയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല