1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2021

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ വിവാഹങ്ങൾക്കും കെയർ ഹോമുകൾക്കുമുള്ള കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. അടുത്ത മാസം മുതൽ ഇംഗ്ലണ്ടിലും വെയിൽസിലും വിവാഹ ചടങ്ങുകൾ ഔട്ട്‌ഡോറിൽ നടത്താം. നിലവിൽ അംഗീകൃത വേദികളായ ഹോട്ടലുകൾ പോലുള്ളവയിൽ ചടങ്ങുകൾ ഒരു മുറിയിലോ സമാന സാഹചര്യത്തിലോ ഒതുക്കണമെന്നാണ് നിബന്ധന. പുതിയ ഇളവുകൾ ഈ മേഖലയുമായി ബന്ധപ്പെട്ട വ്യവസായത്തിന് പുത്തനുണർവ് നൽകുമെന്നാണ് പ്രതീക്ഷ.

പുതിയ ഇളവുകൾ ജൂലൈ മുതൽ അടുത്ത ഏപ്രിൽ വരെ പ്രാബല്യത്തിലുണ്ടാകും. ഒപ്പം സാമൂഹിക അകലം പാലിച്ച് ഇവന്റുകളിൽ കൂടുതൽ അതിഥികൾക്ക് പങ്കെടുക്കാനും അനുമതി നൽകി. തിങ്കളാഴ്ച മുതൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവാഹങ്ങളിലും വിവാഹ ചടങ്ങുകളിൽ കൂടുതൽ ആളുകൾക്ക് പങ്കെടുക്കാം.

അതേസമയം മാസ്കുകൾ ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിർന്ധമാണ്. വെയിൽസിൽ, പങ്കെടുക്കാൻ കഴിയുന്ന ആളുകളുടെ എണ്ണം വേദിയുടെ വലുപ്പവും കോവിഡ് അപകട സാധ്യതകളുടെ വിലയിരുത്തലും അനുസരിച്ചായിരിക്കും നിർണ്ണയിക്കുക.

സിവിൽ വിവാഹങ്ങളും പങ്കാളിത്ത രജിസ്ട്രേഷനും നടത്താൻ ഇതിനകം അംഗീകരിച്ച സ്ഥലങ്ങളിൽ മാത്രമേ ഈ മാറ്റം ബാധകമാകൂ. അതിനാൽ ഈ വേനൽക്കാലത്ത് ലഭ്യമായ വേദികളുടെ എണ്ണം കൂടാനിടയില്ല. ദമ്പതികളുടെ വിവാഹദിനം അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല മുഹൂർത്തമായതിനാൽ അത് ആഗ്രഹിക്കുന്ന രീതിയിൽ ആഘോഷിക്കാൻ അവരെ അനുവദിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി റോബർട്ട് ബക്ക്ലാൻഡ് പറഞ്ഞു.

അതിനിടെ 2 ഡോസ് കോവിഡ് വാക്സിനുകളും ലഭിച്ച ആളുകൾക്ക് 10 ദിവസത്തെ സെൽഫ് ഐസോലേഷൻ വേണ്ടെന്നു വക്കാൻ സർക്കാർ ആലോചിക്കുന്നതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് സ്കൈ ന്യൂസിനോട് പറഞ്ഞു. എടുത്തുചാടി അത്തരമൊരു നീക്കം നടത്താൻ കഴിയില്ലെന്നും വിദഗ്ദാഭിപ്രായം കൂടി പരിഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് ബാധിച്ച ഒരാളുമായി സമ്പർക്കം പുലർത്തുകയാണെങ്കിൽ 10 ദിവസത്തേക്ക് സെൽഫ് ഐസോലേഷനിൽ പോകുന്നതിന് പകരം 2 ഡോസ് വാക്സിനെടുത്ത ആളുകൾ ദിവസേന കോവിഡ് ടെസ്റ്റിന് വിധേയരായാൽ മതിയാകുമെന്നാണ് സൂചന. എന്നാൽ യുകെയിലെ എല്ലാ മുതിർന്നവർക്കും രണ്ട് ഡോസുകളും ലഭിച്ചു എന്നുറപ്പാക്കിയതിന് ശേഷം മാത്രമേ ഈ നിർദ്ദേശം പ്രാബല്യത്തിലാക്കാവൂ എന്ന വാദത്തോട് ഹാൻ കോക്ക് പ്രതികരിച്ചില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.