1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2024

സ്വന്തം ലേഖകൻ: യുകെയിലേക്ക് ജനുവരി മുതൽ ഇംഗ്ലിഷ് ചാനൽ കടന്നെത്തിയത് ഏകദേശം 5,000 അനധികൃത കുടിയേറ്റക്കാരെന്ന് ഹോം ഓഫിസ് വെളിപ്പെടുത്തി. പ്രധാനമന്ത്രി ഋഷി സുനാകിന്റെ കുടിയേറ്റ നയങ്ങൾ പരാജയമാണ് എന്നതിന്റെ തെളിവാണ് ഇത്തരം അനധികൃത കുടിയേറ്റങ്ങൾക്ക് കാണാമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച മാത്രം 349 പേരുമായി ഏഴ് ചെറിയ ബോട്ടുകള്‍ ഇംഗ്ലിഷ് ചാനൽ കടന്നുവെന്നും ഹോം ഓഫിസ് അറിയിച്ചു.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2024-ല്‍ ഇതുവരെ എത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 4,993 ആയി. ഋഷി സുനാകിന്റെ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ഇംഗ്ലിഷ് ചാനൽ വഴിയുള്ള അനധികൃത കുടിയേറ്റം നിര്‍ത്തുമെന്ന് വാഗ്ദ്ധാനം ചെയ്തിട്ടുണ്ടെങ്കിലും, ഈ പ്രതിജ്ഞ തള്ളിപ്പോയതായി ലേബർ പാർട്ടി നേതാവും ഷാഡോ ഇമിഗ്രേഷന്‍ മന്ത്രിയുമായ സ്റ്റീഫന്‍ കിന്നോക്ക് പറഞ്ഞു.

ജനുവരിയില്‍ ഇംഗ്ലിഷ് ചാനൽ കടക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് പേര്‍ ഫ്രഞ്ച് കടലില്‍ മുങ്ങിമരിച്ചിരുന്നു. ഹോം ഓഫിസ് കണക്കുകള്‍ പ്രകാരം 2023-ല്‍ രാജ്യത്ത് ഇത്തരത്തിൽ എത്തിയവരുടെ എണ്ണം 29,437 ആയിരുന്നു. അനധികൃതമായി കൂടിയേറുന്നവരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് ചെറിയ ബോട്ടുകള്‍ വഴി അയക്കാനുള്ള പദ്ധതിയാണ് സർക്കാരിന്റെ മുഖ്യ പരിഗണനയിലുള്ളത്. എന്നാല്‍ ബില്ലുകള്‍ തുടർച്ചയായി പരാജയപ്പെടുന്നതിനെ തുടര്‍ന്ന് നിയമനിര്‍മാണം നടന്നില്ല.

ബ്രിട്ടനിലെ 40 ലക്ഷം യൂറോപ്യന്‍ പൗരന്മാര്‍ക്ക് പൗരത്വം നല്‍കുമെന്ന ലേബര്‍ പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാര്‍മറുടെ നിലപാട് ബ്രക്സിറ്റ് അനുകൂലികളും എതിരാളികളും തമ്മില്‍ വീണ്ടും ഒരു തുറന്ന പോരാട്ടത്തിന് വഴിവച്ചു. ലേബര്‍ പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു ഇടതുപക്ഷ ചിന്തകനാണ് കീര്‍ സ്റ്റാര്‍മറോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രക്സിറ്റിന് ശേഷം യുകെയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിച്ച 37 ലക്ഷത്തോളം യൂറോപ്യന്‍ പൗരന്മാര്‍ക്ക് ബ്രിട്ടീഷ് പൗരത്വം നല്‍കണം എന്നതാണ് ആവശ്യം.

യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ ബ്രിട്ടീഷ് പൗരന്മാര്‍ ആയാല്‍, ഉയര്‍ന്ന നിലയിലുള്ള കുടിയേറ്റം ബ്രിട്ടീഷുകാര്‍ക്ക് സ്വീകാര്യമാകാന്‍ ഇടയുണ്ടെന്നാണ് ഈ നിര്‍ദ്ദേശം നല്‍കിയ വ്യക്തി പറയുന്നത്. അമേരിക്കന്‍ രീതിയില്‍, ഒരു നിശ്ചിതകാലം ബ്രിട്ടനില്‍ കഴിയുന്നവര്‍ക്ക് ബ്രിട്ടീഷ് പൗരത്വം നല്‍കുന്ന രീതിയാണ് വേണ്ടതെന്നും ഈ വ്യക്തി പറയുന്നു. അതേസമയം, ബ്രക്സിറ്റിന് ശേഷം ബ്രിട്ടനില്‍ തുടരുന്ന ഇ യു പൗരന്മാര്‍ക്ക് സ്വാഭാവികമായി പൗരത്വം ലഭിക്കണം എന്നും ഇവര്‍ ആവശ്യപ്പെടുന്നു.

അങ്ങനെയായാല്‍, ഇഷ്ടമുള്ളിടത്തോളം കാലം അവര്‍ക്ക് ബ്രിട്ടനില്‍ തുടരാനും, പഠിക്കാനും, ജോലി ചെയ്യാനുമൊക്കെ കഴിയുമെന്നും ഈ നിര്‍ദ്ദേശത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ബ്രിട്ടീഷ് തെരഞ്ഞെടുപ്പുകളില്‍ സമ്പൂര്‍ണ്ണ വോട്ടിംഗ് അവകാശം നല്‍കണമെന്ന് കീര്‍ സ്റ്റാര്‍മര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. അതിനു പുറമെയാണ് ഇപ്പോള്‍ അവര്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലേബര്‍ പാര്‍ട്ടിയുമായി അടുപ്പമുള്ള വ്യക്തി രംഗത്തെത്തുന്നത്.

അതോടെ, കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരെ രംഗത്തെത്തിക്കഴിഞ്ഞു. ഈ നയം നടപ്പിലാക്കിയാല്‍ അത് ബ്രക്സിറ്റിന്റെ പേരില്‍ നടത്തുന്ന ഒരു വഞ്ചനയായിരിക്കും എന്നായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഡെപ്യുട്ടി ചെയര്‍മാന്‍ ജോനാഥന്‍ ഗള്ളിസ് പ്രതികരിച്ചത്. ഇതിനോടകം തന്നെ ഇയു പൗരന്മാര്‍ക്ക് സമ്പൂര്‍ണ്ണ വോട്ടവകാശം നല്‍കണമെന്ന് സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടത് അറിയാമെന്നു പറഞ്ഞ ഗള്ളിസ്, ഇപ്പോള്‍ ലേബര്‍ പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങളാണ് അവര്‍ക്ക് സ്വമേധയാ പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുന്നതെന്നും പറഞ്ഞു.

കീര്‍ സ്റ്റാര്‍മറും, യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ഒരു ഇടപാടാണ് ഇതെന്ന് ജനങ്ങള്‍ ആശങ്കപ്പെടുന്നു എന്ന് പറഞ്ഞ ഗള്ളിസ്, ഇത് നടപ്പാക്കുന്നത് ബ്രിട്ടന്റെ അതിര്‍ത്തികള്‍ ബ്രസ്സല്‍സില്‍ പണയം വയ്ക്കുന്നതിന് തുല്യമാണെന്നും പറഞ്ഞു. ബ്രിട്ടീഷ് അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ സ്റ്റാര്‍മറിനെ വിശ്വസിക്കാന്‍ പറ്റില്ലെന്നും എന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ വിദേശികള്‍ക്ക്, ബ്രിട്ടീഷ് പൗരന്മാരാകുന്നതിനുള്ള നിയമങ്ങള്‍ക്ക് എന്ത് പോരായ്മയാണ് ഉള്ളതെന്ന് വ്യക്തമാക്കണം എന്നാവശ്യവുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ബ്രെന്‍ഡാന്‍ ക്ലാര്‍ക്ക് സ്മിത്തും രംഗത്തെത്തിയിട്ടുണ്ട്. കുടിയേറ്റക്കാര്‍ക്ക് സമ്പൂര്‍ണ്ണ വോട്ടവകാശം യൂറോപ്യന്‍ യൂണിയനും നല്‍കുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പാര്‍ട്ടി അനുയായിയുടെ പ്രസ്താവനയെ സ്റ്റാര്‍മര്‍ തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.