
സ്വന്തം ലേഖകൻ: സകല മേഖലയിലും നടക്കുന്ന സമരകാഹളം പരീക്ഷാ നടത്തിപ്പിനെയും ബാധിക്കുമെന്ന് ആശങ്ക. കോവിഡ് മഹാമാരി മൂലം രണ്ട് വര്‍ഷമായി പരീക്ഷകള്‍ നടന്നിരുന്നില്ല. അധ്യാപകരുടെ മാര്‍ക്ക് ദാനം ആണ് നടന്നത്. അത് മികച്ച വിജയം പ്രതീക്ഷിക്കുന്നവര്‍ക്കു തിരിച്ചടിയായി മാറിയിട്ടുമുണ്ട്. പരീക്ഷകള്‍ സാധാരണ നിലയിലേക്ക് മടങ്ങുമ്പോള്‍ ഈ വര്‍ഷം വലിയ പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍. എന്നാല്‍ പരീക്ഷാ ബോര്‍ഡിലെ ടെസ്റ്റര്‍മാരുടെ സമരം പുതിയ തലവേദനയാകുകയാണ്. ഇതുമൂലം ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷാഫലങ്ങള്‍ വൈകിയേക്കുമെന്നു ആശങ്കയുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ എക്‌സാം ബോര്‍ഡിലെ എക്യുഎ ജീവനക്കാരാണ് സമരത്തിന് അനുകൂലമായി വോട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഈ സമ്മറില്‍ എ-ലെവല്‍, ജിസിഎസ്ഇ ഫലങ്ങള്‍ വൈകുമെന്നാണ് മുന്നറിയിപ്പ്. യുണീഷന്‍ യൂണിയനില്‍ പെട്ട അംഗങ്ങള്‍ 3 ശതമാനം ശമ്പള വര്‍ദ്ധനവും, 500 പൗണ്ട് പേയ്‌മെന്റും തള്ളിക്കൊണ്ടാണ് സമരത്തിന് അനുകൂല നിലപാട് സ്വീകരിച്ചത്.
പേപ്പറുകള്‍ പരിശോധിച്ച് മാര്‍ക്കിട്ട് വെയ്ക്കുമെങ്കിലും ഫലം പുറത്തുവരില്ലെന്നതാണ് ഇതിലെ പ്രശ്‌നം. സമരം മൂലം ഇത്തരം പ്രത്യാഘാതങ്ങള്‍ ഇല്ലാതിരിക്കാന്‍ നടപടിക്രമങ്ങള്‍ ഉണ്ടെന്നാണ് എക്യുഎ പറയുന്നതെങ്കിലും റിസല്‍റ്റ് ദിനത്തില്‍ ചില ഗ്രേഡുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാതെ പോകുമെന്നാണ് മുന്നറിയിപ്പ്.
വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേഡ് ലഭിക്കാന്‍ താമസിച്ചാല്‍ തങ്ങളുടെ സീറ്റ് തടഞ്ഞുവെയ്ക്കാന്‍ ഇവര്‍ക്ക് യൂണിവേഴ്‌സിറ്റികളുടെ കാലുപിടിക്കേണ്ടി വരും. മറിച്ചായാല്‍ സീറ്റ് നഷ്ടമാകാനും ഇടയുണ്ട്. 1200 എക്യുഎ ജീവനക്കാരില്‍ 160-ഓളം പേരെയാണ് യുണീഷന്‍ പ്രതിനിധീകരിക്കുന്നത്. 71 ശതമാനം പേരാണ് സമരത്തെ പിന്തുണച്ചത്.
യുണൈറ്റ് യൂണിയനില്‍ പെട്ട എക്യുഎ ജീവനക്കാരും സമരം നടത്താനുള്ള ആലോചനയിലാണ്. എന്നാല്‍ ശമ്പളവര്‍ദ്ധന ശരാശരി 5.6 ശതമാനം വരുമെന്നാണ് എക്യുഎ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല