1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2023
Group of young teenagers enjoying a school trip in London, they’re visiting Westminster areas.

സ്വന്തം ലേഖകൻ: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി വാദം ശക്തിപ്പെടുത്തി ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍. ഇമിഗ്രേഷന്‍ പേരില്‍ ക്യാബിനറ്റില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കവെയാണ് സുവെല്ലാ ബ്രാവര്‍മാന്‍ നിലപാട് കടുപ്പിക്കുന്നത്.

വിദ്യാര്‍ത്ഥി വീസകളുടെ കാര്യത്തിലാണ് ക്യാബിനറ്റില്‍ തര്‍ക്കങ്ങള്‍ മുറുകുന്നത്. എന്നാല്‍ യുകെയിലേക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് പല മന്ത്രിമാരും എതിര്‍പ്പ് ഉന്നയിക്കുന്നുണ്ട്. ചാന്‍സലര്‍ ജെറമി ഹണ്ട്, എഡ്യുക്കേഷന്‍ സെക്രട്ടറി ഗിലിയാന്‍ കീഗാന്‍ എന്നിവര്‍ നിയന്ത്രണങ്ങള്‍ക്ക് എതിരാണ്.

ഒരു വര്‍ഷത്തെ മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥികള്‍ യുകെയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നത് വിലക്കി പ്രഖ്യാപനം നടത്താന്‍ ഗവണ്‍മെന്റ് ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും വിഷയം ക്യാബിനറ്റില്‍ സജീവ ചര്‍ച്ചയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഈ മാസം നെറ്റ് മൈഗ്രേഷന്‍ സംബന്ധിച്ച് 2022-ലെ വിവരങ്ങള്‍ പുറത്തുവരും. ഇതിന് മുന്നോടിയായാണ് ഹോം സെക്രട്ടറി ഇമിഗ്രേഷന്‍ നടപടികള്‍ കര്‍ശനമാക്കാന്‍ വാദം ഉന്നയിക്കുന്നത്. യുകെയില്‍ പഠിക്കാനെത്തുന്ന പിഎച്ച്ഡി വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളുടെ എണ്ണത്തിന് പരിധി ഏര്‍പ്പെടുത്തണമെന്ന ആവശ്യം കീഗാന്‍ എതിര്‍ത്തുവെന്നാണ് വിവരം. ഇത് കോഴ്‌സുകള്‍ക്കായി മറ്റ് രാജ്യങ്ങളെ സമീപിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുമെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി വാദിച്ചു.

കഴിഞ്ഞ വര്‍ഷം കുടിയേറ്റം ഒരു മില്ല്യണിലേക്ക് അടുത്തതായി കണക്കുകള്‍ പറയുന്നു. മുന്‍പ് രേഖപ്പെടുത്തിയതിന്റെ ഇരട്ടി തോതിലാണ് കുടിയേറ്റക്കാരുടെ വരവ്. 2022-ല്‍ 650,000 പേര്‍ക്കും 997,000 ആളുകള്‍ക്കും ഇടയില്‍ കുടിയേറ്റക്കാര്‍ യുകെയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ഇത് മുന്‍പത്തെ കണക്കായ 504,000 എന്ന ഏറ്റവും ഉയര്‍ന്ന നിരക്കിനെ മറികടക്കുന്നതാണ്. 2021 ജൂണ്‍ മുതല്‍ 2022 വരെ സൃഷ്ടിച്ച റെക്കോര്‍ഡാണിത്. യുക്രൈന്‍ അഭയാര്‍ത്ഥികളുടെ ഒഴുക്കിന് പുറമെ കൂടുതല്‍ നൂറുകണക്കിന് മലയാളികടങ്ങുന്ന വിദ്യാര്‍ത്ഥികളും, എന്‍എച്ച്എസ് ജീവനക്കാരും എത്തിച്ചേരുന്നതാണ് എണ്ണം ഉയര്‍ത്തിയത് .

എന്നാല്‍ നെറ്റ് മൈഗ്രേഷന്‍ കുതിച്ചുയരുന്നത് പ്രധാനമന്ത്രി റിഷി സുനാകിന് കടുത്ത സമ്മര്‍ദം സൃഷ്ടിക്കും. മൈഗ്രേഷന്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സീനിയര്‍ ടോറികള്‍ പോലും വിമര്‍ശിക്കുന്നുണ്ട്. ‘കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ് ഒപ്പം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഇത് വലിയ പ്രശ്‌നമായി മാറും’, മുന്‍ കണ്‍സര്‍വേറ്റീവ് നേതാവ് ഇയാന്‍ ഡങ്കന്‍ സ്മിത്ത് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.