1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2022

സ്വന്തം ലേഖകൻ: യുകെയിലെ പണപ്പെരുപ്പത്തിന്റെ ഭാഗമായുള്ള ഭക്ഷ്യവിലക്കയറ്റത്തില്‍ ‘ദുരന്ത’ മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി. ഭക്ഷ്യവില കുതിച്ചുയരുന്നത് ഇനിയും തുടരുമെന്നും, പണപ്പെരുപ്പത്തിന് എതിരായ പോരാട്ടത്തില്‍ നിസഹായനാണെന്നുമാണ് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി എംപിമാരോട് വ്യക്തമാക്കിയിരിക്കുന്നത്. ഇത് രാജ്യത്തു ജീവിതചെലവ് ഇനിയും ഉയരുമെന്നും അത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്നുമുള്ള സൂചനയാണ്.

യുക്രൈന്‍ യുദ്ധം ജീവിതസാഹചര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് നയിക്കുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. ഭക്ഷ്യ പണപ്പെരുപ്പമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നേരിടുന്ന പ്രധാന തലവേദന. ഗോതമ്പ്, പാചക എണ്ണ എന്നിവ സംബന്ധിച്ച് ആശങ്ക ഏറെയാണ്. ഈ വര്‍ഷം വരുമാനത്തില്‍ തിരിച്ചടി ഉണ്ടാകുമെന്നും ബെയ്‌ലി മുന്നറിയിപ്പ് നല്‍കുന്നു.

വിലക്കയറ്റം മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ച്ചയിലാണ്. ഇത് ലക്ഷക്കണക്കിന് ജനങ്ങളെ യഥാര്‍ത്ഥത്തില്‍ ദരിദ്രരാക്കുന്നു. കൂടാതെ പണപ്പെരുപ്പം ഉയരുന്നത് കുടുംബങ്ങളുടെ ചെലവഴിക്കലിനെ സാരമായി ബാധിക്കുകയും, തൊഴിലില്ലായ്മ ഉയരാനും ഇടയാക്കുകയും ചെയ്യും.

യുക്രൈന്‍ യുദ്ധം മൂലം അവിടെ നിന്നും ചരക്കുകള്‍ പുറത്തേക്ക് അയയ്ക്കുന്നത് ബുദ്ധിമുട്ടായി മാറുകയാണെന്ന് ബെയ്‌ലി ചൂണ്ടിക്കാണിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ ഉത്പാദന രാജ്യമായ യുക്രൈനിലെ ധനകാര്യ മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചപ്പോഴാണ് ഷിപ്പിംഗ് മേഖലയിലെ ബുദ്ധിമുട്ട് അറിയിച്ചത്. ലോകത്തിലെ ഗോതമ്പ് ശേഖരത്തിലെ 10 ശതമാനം യുക്രൈനാണ് നല്‍കുന്നത്. സണ്‍ഫ്‌ളവര്‍ ഓയിലിന്റെ പ്രധാന ഉത്പാദനവും അവര്‍ തന്നെ .

അതേസമയം ഉയര്‍ന്ന വരുമാനമുള്ള ആളുകള്‍ വലിയ ശമ്പള വര്‍ദ്ധന ആവശ്യപ്പെടരുതെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഇതൊക്കെ വേണ്ടിവരും. പണപ്പെരുപ്പം കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പരാജയപ്പെടുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.