1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2021

സ്വന്തം ലേഖകൻ: യുകെയിൽ “വിദേശ അവധി ആഘോഷ“ക്കുരുക്കിൽ സർക്കാർ; ഈ വേനൽക്കാലത്ത് ബ്രിട്ടീഷുകാർക്ക് വിദേശ അവധിദിനങ്ങൾ എങ്ങനെ ആസ്വദിക്കാമെന്നതിനെക്കുറിച്ച് കൂടുതൽ വിശദമായ പദ്ധതി തയ്യാറാക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് ഒരു വിഭാഗം എം‌പിമാർ ആരോപിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ റോഡ്മാപ്പിൽ മെയ് 17 ന് മുമ്പ് അന്താരാഷ്ട്ര യാത്രകൾ അനുവദിക്കുന്നില്ല.

ഈ മാസം ആദ്യം പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ സർക്കാരിൻ്റെ ഗ്ലോബൽ ട്രാവൽ ടാസ്ക്ഫോഴ്സ് ട്രാഫിക് ലൈറ്റ് സംവിധാനത്തിനുള്ള ശുപാർശകൾ നൽകിയിരുന്നു. ഇതനുസരിച്ച് കോവിഡ് വ്യാപനമുള്ള രാജ്യങ്ങൾ “പച്ച”, “ആമ്പർ”, “ചുവപ്പ്” എന്നിങ്ങനെയാണ് തരംതിരിച്ചിരുന്നത്. ടാസ്ക് ഫോഴ്സ് ശുപാർശ പ്രകാരം ഓരോ വിഭാഗത്തിനും വ്യത്യസ്ത യാത്രാ നിയന്ത്രണങ്ങൾ ബാധകമാകും. ഇവ അതാത് രാജ്യങ്ങളിൽ കോവിഡ് അപകടസാധ്യത പരിഗണിച്ചാണ് നിർണ്ണയിക്കുക.

“പച്ച“ വിഭാഗത്തിലെ രാജ്യങ്ങളിൽ ക്വാറൻ്റീൻ രഹിത യാത്ര അനുവദിക്കും, അതേസമയം “ആമ്പർ” രാജ്യങ്ങളിൽ നിന്ന് മടങ്ങുന്നവർക്ക് 10 ദിവസത്തെ ഐസോലേഷൻ ആവശ്യമാണ്. “ചുവപ്പ്“ രാജ്യങ്ങളിൽ യാത്ര ചെയ്തവർക്ക് 10 ദിവസത്തെ ഹോട്ടൽ ക്വാറൻ്റീനും നിർബന്ധമാണ്.

എന്നാൽ അന്താരാഷ്ട്ര യാത്രകൾ പുനരാരംഭിക്കുന്നതിന് ആവശ്യമായ വിശദാംശങ്ങൾ ഇല്ലാത്തതിനാൽ ടാസ്‌ക്ഫോഴ്‌സിന്റെ റിപ്പോർട്ടിനെ രൂക്ഷമായി വിമർശിച്ച് ഹൗസ് ഓഫ് കോമൺസിന്റെ ഗതാഗത സമിതി രംഗത്തെത്തിയതാണ് ബോ റിസ് ജോൺസൺ സർക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്. വിദേശ അവധി ആഘോഷങ്ങളുടെ ചിറകരിയുന്നതാണ് റിപ്പോർട്ടിലെ ശുപാർശകളെന്നാണ് സമിതിയുടെ ആരോപണം.

വിശദവിവരങ്ങൾ നൽകിയിട്ടുള്ള ഭാഗങ്ങളിൽപ്പോലും ചെലവുകൾ അപകട സാധ്യതയ്ക്ക് ആനുപാതികമല്ലെന്നും സമിതി വിലയിരുത്തി. കൂടാതെ വാക്‌സിൻ റോൾ ഔട്ട് യുകെയുമായി താരതമ്യപ്പെടുത്താവുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന്റെ ചെലവിൽ 500 ഡോളർ വരെ വർധനയുണ്ടാകാമെന്നും എംപിമാർ വ്യക്തമാക്കി.

അതിനിടെ ഇന്ത്യയിൽ നിന്നുള്ള അധിക വിമാനങ്ങൾക്ക് ഹീത്രു വിമാനത്താവളം അനുമതി നിഷേധിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച മുതൽ ഇന്ത്യ റെഡ് ലിസ്റ്റിൽ ഇടം പിടിച്ചതോടെയാണ് വിമാനക്കമ്പനികൾ ഇന്ത്യയിൽ നിന്നുള്ള അധിക വിമാനങ്ങൾ അനുവദിക്കാൻ ഹീത്രോ വിമാനത്താവള അധികൃതരോട് അഭ്യർത്ഥിച്ചത്. എന്നാൽ പാസ്‌പോർട്ട് നിയന്ത്രണ മേഖലകളിലെ തിരക്ക് കാരണമാണ് എയർലൈനുകളിൽ നിന്നുള്ള അഭ്യർത്ഥനകൾ നിരസിച്ചതെന്ന് എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു.

കൂടുതൽ യാത്രക്കാരെ അനുവദിക്കുന്നതിലൂടെ ബോർഡർ കൺട്രോളിൽ നിലവിലുള്ള സമ്മർദ്ദങ്ങൾ വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് അധികൃതർ. അതേസമയം മലയാളികളടക്കം നിരവധി പേരാണ് റെഡ് ലിസ്റ്റ് വിലക്ക് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് യുകെയിലേക്ക് തിരിച്ചെത്താൻ കാത്തിരിക്കുന്നത്.

ബ്രിട്ടീഷ്, ഐറിഷ് പാസ്‌പോർട്ട് ഉടമകളെയും യുകെയിൽ താമസ അവകാശമുള്ള ആളുകൾക്ക് ഇളവ് ലഭിക്കും. എന്നാൽ 10 ദിവസം ഹോട്ടൽ ക്വാറന്റൈനിൽ കഴിയണം. ഇതിന് 1750 പൗണ്ട് ഒരാൾക്ക് ചെലവാകും. 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഈ തുകയിൽ ഇളവുണ്ട്. 5 വയസ്സിനും പന്ത്രണ്ട് വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് £325 പൗണ്ടും അധികമായി വരുന്ന ഓരോ മുതിർന്ന ആൾക്കും 650 പൗണ്ടും നൽകേണ്ടി വരും.

ഭക്ഷണം ഊൾപ്പെടെയാണ് ഇത്. കൂടാതെ രണ്ടാമത്തെയും എട്ടാമത്തെയും ദിവസം കോവിഡ് ടെസ്റ്റ് നടത്തുകയും വേണം. പത്താം ദിവസം നെഗറ്റിവ് ആയാൽ ക്വാറന്റൈൻ മതിയാക്കാം. നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് യാത്രക്കാർ തിരികെയെത്താൻ ആഗ്രഹിക്കുന്നതിനാൽ നാല് വിമാനക്കമ്പനികൾ ഇന്ത്യയിൽ നിന്ന് അധികമായി എട്ട് വിമാനങ്ങൾ സർവീസ് നടത്താനാണ് അഭ്യർത്ഥിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.