1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2022

സ്വന്തം ലേഖകൻ: സെപ്റ്റംബര്‍ 28 ന് നടക്കുന്ന യോഗത്തില്‍, നഴ്സുമാരുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം സംബന്ധിച്ചുള്ള നിബന്ധനകളില്‍ രണ്ട് സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ അറിയിച്ചു. ഇംഗ്ലീഷില്‍ കാര്യക്ഷമമായും സുരക്ഷിതമായും നഴ്സുമാര്‍ക്കും മിഡ്വൈഫുമാര്‍ക്കും ആശയവിനിമയം നടത്താന്‍ കഴിയും എന്ന് ഉറപ്പാക്കിക്കൊണ്ടുള്ള മാറ്റങ്ങള്‍ ആയിരിക്കും ഇതെന്നും കൗണ്‍സില്‍ വക്താക്കള്‍ അറിയിച്ചു.

എന്‍ എച്ച് എസില്‍ നഴ്സുമാരുടെ ക്ഷാമം കടുത്തതോടെ വിദേശ രാജ്യങ്ങളില്‍ നഴ്സിംഗ് പരിശീലനം നേടിയവരെയും യുകെയിലേക്ക് ആകര്‍ഷിക്കാന്‍ പലപദ്ധതികള്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍, പ്രധാന തടസ്സമായിരുന്ന ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം സംബന്ധിച്ച നിബന്ധനകള്‍ക്ക് കാര്യമായ മാറ്റം വരുത്തിയിരുന്നില്ല. ഉന്നത നിലവാരത്തിലുള്ള ഭാഷാ പരീക്ഷകള്‍ പലപ്പോഴും നഴ്സിംഗ് വിദ്യാഭ്യാസം ഇംഗ്ലീഷേതര ഭാഷയില്‍ നിര്‍വഹിച്ചവര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു.

ഇത് മറികടക്കാനായിരുന്നു മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലീഷ് പരിജ്ഞാനം സംബന്ധിച്ച നിബന്ധനകളില്‍ ഇളവുകള്‍ വരുത്തിക്കൊണ്ടുള്ള നിര്‍ദ്ദേശം എന്‍ എം സി മുന്‍പോട്ടു വച്ചത്. എട്ടാഴ്ച്ചക്കാലത്തെ കണ്‍സള്‍ട്ടേഷനിടയില്‍ ഇതുമായി ബന്ധപ്പെട്ട് 34,000 പ്രതികരണങ്ങള്‍ ലഭിച്ചതായി എന്‍ എം സി പ്രതിനിധി വെളിപ്പെടുത്തി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ എന്‍ എം സി നടത്തിയ കണ്‍സള്‍ട്ടേഷനുകളില്‍ ഏറ്റവും അധികം പ്രതികരണങ്ങള്‍ ലഭിച്ചത് ഇതിനായിരുന്നു.

നല്ല രീതിയിലുള്ള ഭാഷാ പരിജ്ഞാനം കാര്യക്ഷമമായ ആശയവിനിമയത്തിന് അത്യാവശ്യമാണെന്ന അഭിപ്രായം തന്നെയാണ് എന്‍ എം സിക്കുള്ളത് എന്നു പറഞ്ഞ വക്താവ് ഇപ്പോള്‍ ബ്രിട്ടനു പുറത്തുള്ളവര്‍ക്ക് അത് തെളിയിക്കാനായി ഐ ഇ എല്‍ ടി എസ്, ഒ ഇ ടി എന്നീ രണ്ട് പരീക്ഷകളാണ് ഉള്ളതെന്നും വ്യക്തമാക്കിയിരുന്നു. ഇവ രണ്ടും ഇനിയും തുടരുമ്പോള്‍ തന്നെ അതില്‍ ചില മാറ്റങ്ങള്‍ വരുത്താനാണ് ശ്രമിക്കുന്നതെന്നും കണ്‍സള്‍ട്ടേഷനായി മുന്‍പോട്ടു വച്ച നിര്‍ദ്ദേശത്തിനു മുഖവുരയയി പറയുന്നുണ്ട്.

ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവില്‍ എഴുതിയ ഭാഷാ പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കുകള്‍ ഒന്നാക്കി യോഗ്യത നിശ്ചയിക്കുന്നതായിരുന്നു അതില്‍ ഒരു നിര്‍ദ്ദേശം. പലപ്പോഴും പലരും നിസാര മാര്‍ക്കുകളുടെ കുറവിനാണ് ഇത്തരം പരീക്ഷകളില്‍ പരാജയപ്പെട്ടിരുന്നത്. അത് ഒഴിവാക്കുക എന്നതായിരുന്നു ഈ നിര്‍ദ്ദേശത്തിന്റെ ലക്ഷ്യം.

മറ്റൊന്ന്, ബ്രിട്ടനിലെ നിലവിലെ തൊഴിലുടമയുടെ സാക്ഷ്യപത്രം മുഖവിലക്ക് എടുക്കുക എന്നതാണ്. ഒരു വ്യക്തിയുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തെ കുറിച്ച് നില്വിലുള്ള തൊഴിലുടമയുടെ സാക്ഷ്യപത്രം, അവരുടെ ഭാഷാ പരിജ്ഞാനത്തിന്റെ തെളിവായി എടുക്കാം. എന്നാല്‍, എല്ലാവര്‍ക്കും ഈ ഇളവുകള്‍ ലഭിക്കുകയില്ല. അതിനു ചില നിബന്ധനകള്‍ ഉണ്ട്.

ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവര്‍ ഭൂരിപക്ഷമല്ലാത്ത ഒരു രാജ്യത്തുനിന്നാണ് നിങ്ങള്‍ വരുന്നതെങ്കില്‍, നിങ്ങളുടെ നഴ്സിംഗ് പഠനം ഇംഗ്ലീഷ് മാധ്യമത്തിലായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഈഇളവുകള്‍ ലഭിക്കും. അതുപോലെ, നിസ്സാരമായ മാര്‍ക്കുകള്‍ക്കാണ് നിങ്ങള്‍ ഭാഷാ പരീക്ഷയില്‍ പരാജയപ്പെട്ടതെങ്കിലും നിങ്ങള്‍ക്ക് ഈ ഇളവുകള്‍ ലഭിക്കും.

യുകെയിലെ ഏതെങ്കിലും സോഷ്യല്‍ കെയര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ട്, ശുശ്രൂഷ ആവശ്യമുള്ളവരുമായുള്ള ആശയ സംവേദനം ഉള്‍പ്പടെ അപേക്ഷകരുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കുന്ന വിവരങ്ങള്‍ തൊഴിലുടമ നല്‍കണം. ഈയൊരു നിര്‍ദ്ദേശം ഇതിനോടകം തന്നെ യു കെയിലെ വിവിധ സോഷ്യല്‍ കെയര്‍ സംവിധാനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഏറെ സഹായകരമാകും.

ഇംഗ്ലീഷ് ഭാഷയില്‍ പഠിപ്പിക്കുകയും മൂല്യനിര്‍ണ്ണയം നടത്തുകയും ചെയ്ത പോസ്റ്റ് ഗ്രാഡ്വേറ്റ് കോഴ്സുകളുടെ കാര്യവും പരിഗണനക്ക് എടുക്കാമെന്ന് ആദ്യ നിര്‍ദ്ദേശത്തില്‍ ഉണ്ടായിരുന്നെങ്കിലും അത് ഇപ്പോള്‍ പരിഗണിക്കില്ല. നിരവധി വ്യത്യസ്ത പോസ്റ്റ് ഗ്രാഡ്വേറ്റ് കോഴ്സുകള്‍ ഉള്ളതിനാല്‍ ഈ തരത്തിലുള്ള മൂല്യനിര്‍ണ്ണയം സങ്കീര്‍ണ്ണങ്ങളായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്ന പോതു അഭിപ്രായം ഉയര്‍ന്നതോടെയാണ് ഇത് ഇപ്പോള്‍ പരിഗണിക്കാതെ മാറ്റി വയ്ക്കുന്നത്. സെപ്റ്റംബര്‍ 28 ലെ യോഗത്തില്‍ അംഗീകരിച്ചു കഴിഞ്ഞാല്‍, അടുത്തവര്‍ഷം ജനുവരി മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.