
സ്വന്തം ലേഖകൻ: യുകെയില്‍ പെട്രോള്‍ വില മുകളിലോട്ട്. പെട്രോള്‍ വില ദിവസങ്ങള്‍ക്കുള്ളില്‍ 2 പൗണ്ട് കടക്കും എന്നാണു മുന്നറിയിപ്പ്. ഇന്ധന വിലവര്‍ദ്ധനയാണ് സകല മേഖലകളിലും വിലക്കയറ്റം രൂക്ഷമാക്കുന്നത്. പമ്പുകള്‍ അവസരം മുതലാക്കി കൂടിയ വിലയ്ക്ക് ഇന്ധനം വില്‍ക്കുന്ന സ്ഥിതിയാണ്.
ഇന്ധന ഡ്യൂട്ടി വീണ്ടും കുറയ്ക്കണമെന്ന ആവശ്യം ശക്തമായി. മാര്‍ച്ചില്‍ സര്‍ക്കാര്‍ 5 പെന്‍സ് ഇന്ധന ഡ്യൂട്ടിയില്‍ കുറവ് വരുത്തിയിരുന്നു. വില കൂടുന്നതിനാല്‍ ഇതിന്റെ ഗുണം ഉപഭോക്താക്കളിലേക്ക് എത്താത്ത സാഹചര്യത്തില്‍ വീണ്ടും നികുതി കുറയ്ക്കാന്‍ കഴിയുമോയെന്നാണ് പരിശോധിക്കുന്നതെന്ന് ചാന്‍സലര്‍ സുനാക് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ധന ചെലവ് കുറയ്ക്കാന്‍ ചില മാര്‍ഗങ്ങള്‍ പരീക്ഷിക്കണമെന്നു വിദഗ്ധര്‍ ഉപദേശിക്കുന്നു. മോട്ടോര്‍വെ സര്‍വീസ് സ്‌റ്റേഷനുകള്‍ക്ക് പകരം സൂപ്പര്‍മാര്‍ക്കറ്റുകളെ ഇന്ധനത്തിനായി ആശ്രയിക്കുകയാണ് പ്രധാന പോംവഴി. ഇതിലൂടെ ലിറ്ററിന് 20 പെന്‍സ് ലാഭിക്കാന്‍ കഴിയും, ഇതോടെ 60 ലിറ്റര്‍ ഇന്ധന ടാങ്ക് നിറയ്ക്കുമ്പോള്‍ 12 പൗണ്ട് ലാഭിക്കാം.
പെട്രോള്‍പ്രൈസസ് പോലുള്ള സൗജന്യ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മേഖലയിലെ ഏറ്റവും ലാഭകരമായ വിലകള്‍ അറിയാന്‍ കഴിയും. മെച്ചപ്പെട്ട ഡ്രൈവിംഗ് ടെക്‌നിക്കുകളും ഇന്ധനം ലാഭിക്കാന്‍ ആവശ്യമാണ്. 70 മൈല്‍ വേഗത്തില്‍ വാഹനം ഓടിക്കുമ്പോള്‍ 80 മൈല്‍ വേഗതയേക്കാള്‍ 25 ശതമാനം ഇന്ധന ഉപയോഗം കുറയ്ക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും, പൊടുന്നനെ ആക്‌സിലറേറ്റ് ചെയ്യുന്നതും ഒഴിവാക്കുകയും, എയര്‍ കണ്ടീഷനിംഗ് ഓഫാക്കിയും, ടയര്‍ പ്രഷര്‍ കൃത്യമാക്കിയും, ആവശ്യമില്ലാത്ത ലഗേജ് ഒഴിവാക്കിയും ഇന്ധനക്ഷമത മെച്ചപ്പെടുത്താം.
ഫെബ്രുവരിയില്‍ റഷ്യയുടെ യുക്രൈന്‍ അധിനിവേശം എണ്ണ വിതരണ ഭീതിയിലേക്ക് നയിച്ചതു മുതല്‍ പമ്പ് വില ഉയരുകയാണ്. നിലവില്‍ ജീവിതചെലവ് പ്രതിസന്ധിയില്‍ കഴിയുന്ന ശരാശരി കുടുംബങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുകയാണ് ഈ പൊള്ളുന്ന വില വര്‍ധന. ഇതോടെ ഇന്ധന തീരുവ ഇനിയും കുറയ്ക്കണമെന്ന മുറവിളി ശക്തമായി.
ഊര്‍ജ ബില്ലുകളും ഭക്ഷ്യ വിലയും ഇപ്പോള്‍ തന്നെ ഉയര്‍ന്ന നിരക്കിലാണ്. യുക്രൈന്‍ – റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷമാണ് എണ്ണ വില ഇങ്ങനെ കുത്തനെ ഉയര്‍ന്നത്.
ഭക്ഷ്യവില കുതിച്ചുയരുന്നത് ഇനിയും തുടരുമെന്നും, പണപ്പെരുപ്പത്തിന് എതിരായ പോരാട്ടത്തില്‍ നിസഹായനാണെന്നുമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കിയിരിക്കുന്നത്. ഇത് രാജ്യത്തു ജീവിതചെലവ് ഇനിയും ഉയരുമെന്നും അത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്നുമുള്ള സൂചനയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല