
സ്വന്തം ലേഖകൻ: യുകെയിലെ ഇന്ധന ക്ഷാമത്തിന് താൽക്കാലിക ആശ്വാസമായി തിങ്കളാഴ്ച്ച മുതൽ ഇന്ധന വിതരണത്തിന് പട്ടാളം ഇറങ്ങും. ആർമി ടാങ്കർ ഡ്രൈവർമാർ തിങ്കളാഴ്ച മുതൽ പെട്രോൾ പമ്പുകളിൽ ഇന്ധനം എത്തിക്കാൻ തുടങ്ങുമെന്ന് സർക്കാർ സ്ഥിരീകരിച്ചു. അതേസമയം ഇന്ധന വിതരണ തടസ്സം പരിഹരിക്കുന്നതിലെ കാലതാമസം മന്ത്രിസഭയിൽ തന്നെ അതൃപ്തി ഉണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ.
ഒരാഴ്ചയിൽ ഏറെയായി തുടരുന്ന പ്രതിസന്ധിക്ക് തിങ്കളാഴ്ചയോടെ പരിഹാരമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. നിലവിൽ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും ഡ്രൈവർമാർ വാഹനവുമായി മണിക്കൂറുകളോളം കാത്തുകെട്ടി കിടക്കുവാൻ നിർബന്ധിതരാകുന്നുണ്ട്.
ടാങ്കറുകളും പെട്രോൾ പമ്പുകളും എങ്ങനെ നിറയ്ക്കാം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എകദേശം 200 സൈനികരും 100 ഡ്രൈവർമാരും ഈയാഴ്ച ഹാളേജ് സ്ഥാപനങ്ങളിൽ പരിശീലനം പൂർത്തിയാക്കി. തിങ്കളാഴ്ച രാവിലെ ഓപ്പറേഷൻ എസ്കാലിന്റെ ഭാഗമായി ആദ്യ ബാച്ച് ടാങ്ക റുകളുമായി നിരത്തിലിറങ്ങാൻ സൈന്യം സജ്ജമാണെന്ന് സൈനിക കേന്ദ്രങ്ങളും സ്ഥിരീകരിച്ചു.
സൈനികരെ രംഗത്തിറക്കി നിലവിലെ പ്രതിസന്ധി പരിഹരിക്കുമെന്ന് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. വിതരണ ശൃംഖലകളിലേക്കുള്ള ഹ്രസ്വകാല തടസ്സത്തെ നേരിടാൻ സർക്കാർ നിർണ്ണായക നടപടി സ്വീകരിച്ചുവെന്നും അനാവശ്യമായി ഇന്ധനം വാങ്ങുന്നത് ഒഴിവാക്കണമെന്നും ക്യാബിനറ്റ് ഓഫീസ് മന്ത്രി സ്റ്റീവ് ബാർക്ലേ ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല