
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി മൂലം രണ്ടു വര്‍ഷമായി മുടങ്ങിയ ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകള്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കുന്നു. കോവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് പരീക്ഷകള്‍ ഈ വര്‍ഷം നടക്കുന്നത്. കോവിഡ് പഠനത്തിനേല്പിച്ച പ്രതിബന്ധം കണക്കിലെടുത്ത് പരീക്ഷകള്‍ കൂടുതല്‍ ഉദാരമാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗ്രേഡ് പരിധി കുറവാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ഇംഗ്ലണ്ടിന്റെ പരീക്ഷാ റെഗുലേറ്റര്‍ ഓഫ്ക്വല്‍ പറയുന്നു. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെപോലെ മാര്‍ക്ക് ദാനം ഉണ്ടാവില്ല.
വിദ്യാര്‍ത്ഥികളുടെ പഠനനഷ്ടം പരിഹരിക്കുന്നതിനായി പരീക്ഷകളെപറ്റിയുള്ള മുന്‍കൂര്‍ വിവരങ്ങള്‍ പരീക്ഷ ബോര്‍ഡ് പ്രസിദ്ധീകരിച്ചു. കണക്ക്, ജീവശാസ്ത്രം, രസതന്ത്രം, ഭാഷ എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളുടെ പരീക്ഷകളില്‍ എന്തെല്ലാം വരുമെന്നതിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കോഴ്‌സ് വര്‍ക്കിലൂടെ മാത്രം വിലയിരുത്തുന്ന വിഷയങ്ങള്‍ക്ക് മുന്‍കൂര്‍ വിവരങ്ങള്‍ ലഭ്യമാകില്ല.
ഇംഗ്ലീഷ് സാഹിത്യം, ഭൂമിശാസ്ത്രം, ചരിത്രം എന്നിവയുടെ ചോദ്യ പേപ്പറുകളില്‍ കൂടുതല്‍ ചോയ്സ് ഉണ്ടാവും. ജിസിഎസ്ഇ ഗണിതത്തിലെ ഫോര്‍മുല ഷീറ്റ്, ജിസിഎസ്ഇ ഭൗതികശാസ്ത്രത്തില്‍ പരിഷ്കരിച്ച സമവാക്യ ഷീറ്റ് എന്നിവ പോലുള്ള പരീക്ഷാ സഹായങ്ങളും നല്‍കും.
കോവിഡ് മഹാമാരി മൂലം തുടരെ രണ്ടു വര്‍ഷവും ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ അധ്യാപക മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മാര്‍ക്ക് നല്‍കിയത്. അധ്യാപക മൂല്യനിര്‍ണ്ണയത്തിന് കീഴില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന മാര്‍ക്ക് നേടുകയും ചെയ്തു. ഇതോടെ യൂണിവേഴ്സിറ്റി പ്രവേശനത്തിനും വലിയ തിരക്ക് അനുഭവപ്പെട്ടു. പഠനത്തില്‍ മികവ് കാട്ടുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ച മികച്ച ഗ്രേഡ് ലഭിച്ചിരുന്നില്ല.
മാര്‍ക്ക് ദാനം വിവാദമായതോടെ ഇത് അവസാനിപ്പിക്കാന്‍ മന്ത്രിമാര്‍ തന്നെ രംഗത്തെത്തി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തന്നെ വിദ്യാഭ്യാസ വകുപ്പും (ഡിഎഫ്‌ഇ) റെഗുലേറ്റര്‍ ഓഫ്‌ക്വാലും 2022 ലെ സമ്മര്‍ പരീക്ഷയ്ക്കുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇത് പ്രകാരമാണ് പരീക്ഷയെയും ടോപ്പിക്കുകളെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ പരീക്ഷകള്‍ എഴുതുന്നതിനായാണ് വിവരങ്ങള്‍ നേരത്തെ പ്രസിദ്ധീകരിച്ചതെന്ന് വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല