1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2022

സ്വന്തം ലേഖകൻ: ഡോക്ടര്‍മാരെ മറ്റു തിരക്കുകളില്‍ നിന്നുമൊഴിവാക്കി രോഗികളെ ശ്രദ്ധിക്കാന്‍ കൂടുതല്‍ സമയം നല്‍കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. അതുസാദ്ധ്യമാക്കുന്നതിനായി 1000 ല്‍ അധികം ജി പി അസിസ്റ്റന്റുമാരെ നിയമിക്കാന്‍ ഒരുങ്ങുകയാണ് എന്‍ എച്ച് എസ്. അഡിമിന്‍ സംബന്ധിച്ച ചുമതലകളും അടിസ്ഥാനപരമായ പരിശോധനകളും ഇവര്‍ ആയിരിക്കും നടത്തുക. ഇതുവഴി ജി പി മാര്‍ക്ക് ഏറെ സമയം ലാഭിക്കാന്‍ കഴിയും.

മെഡിക്കല്‍ ഡിഗ്രി ആവശ്യമില്ലാത്ത ഈ തസ്തികയിലേക്ക് ആളുകളെ നിയമിക്കാന്‍ ഇപ്പോള്‍ ജി പി മാര്‍ക്ക് അധിക ഫണ്ട് ആവശ്യപ്പെടാം. പ്രതിവര്‍ഷം 24,000 പൗണ്ടായിരിക്കും ഇവരുടെ ശമ്പളം.രക്തം ശേഖരിക്കുക, കുത്തിവയ്പ്പുകള്‍ നടത്തുക, രക്ത സമ്മര്‍ദ്ധവും ഹൃദയ മിടിപ്പും പരിശോധിക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ ഇവര്‍ക്ക് പരിശീലനം നല്‍കും. ഡോക്ടര്‍മാര്‍ കത്തുകള്‍ എഴുതാനും മറ്റും ചെലവാക്കുന്ന സമയത്തിന്റെ പകുതിയോളം ഇവര്‍ വഴി ലാഭിക്കാന്‍ കഴിയും എന്നാണ് കണക്കാക്കുന്നത്.

അതേസമയം, ഇത്തരത്തില്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നത് രോഗികള്‍ക്കും ഏറെ പ്രയോജനം ചെയ്യും. ഹോസ്പിറ്റല്‍ റഫറലുകള്‍, ചികിത്സയെ കുറിച്ചുള്ള വിശദീകരണങ്ങള്‍ എന്നിവയിലെല്ലാം ഇവര്‍രോഗികള്‍ക്ക് ഏറെ പ്രയോജനപ്പെടും. മാത്രമല്ല, രോഗികള്‍ ഡോക്ടറെ കാണുന്നതിനു മുന്‍പായി ഇവര്‍ രോഗിയുടെ മെഡിക്കല്‍ ഹിസ്റ്ററി തയ്യാറാക്കുകയും ചെയ്യും. ജി പി കളിലെ പരിഷ്‌കരണങ്ങള്‍ക്ക് മുന്‍ഗണന നല്‍കി അവരുടേ സേവനത്തിന്റെ നിലവാരം മെച്ചപ്പെടുത്തുമെന്ന് നേരത്തേ ആരോഗ്യ സെക്രട്ടരി തെരേസ കോഫെ പ്രഖ്യാപിച്ചിരുന്നു.

അപേക്ഷിച്ചാല്‍ എല്ലാ രോഗികള്‍ക്കും രണ്ടാഴ്ച്ചക്കുള്ളില്‍ അപ്പോയിന്റ്‌മെന്റ് ലഭിക്കുന്ന രീതിയിലുള്ള മാറ്റമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് അവര്‍ പറഞ്ഞിരുന്നു. അതുപോലെ ഗുരുതരമായ രോഗങ്ങള്‍ ഉള്ളവരാണെങ്കില്‍, അവര്‍ ആവശ്യപ്പെടുന്ന ദിവസം തന്നെ അപ്പോയിന്റ്‌മെന്റ് ലഭ്യമാക്കണം. അതുപോലെ, മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ഇപ്പോള്‍ ഒരുമിച്ച് ചേര്‍ന്ന് 1250 ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ലീഡ്‌സിനെ എടുക്കാം. പൈമറി കെയര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍ജറികാര്‍ കൂടുതല്‍ ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നു വെന്നും കോള്‍ റെസ്‌പോണ്‍സ് സമയം നിരീക്ഷിക്കാനും ഇതു വഴി സാധിക്കും. മാത്രമല്ല, സാങ്കേതിക വിദഗ്ധര്‍ എന്‍ എച്ച് എസ് ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രോഗികളെ സഹായിക്കുകയും ചെയ്യും. നാളെ നടക്കുന്ന എന്‍ എച്ച് എസ് ഇംഗ്ലണ്ടിന്റെ ബോര്‍ഡ് മീറ്റിംഗില്‍ പുതിയ അസിസ്റ്റന്റ്മാരെ നിയമിക്കുന്ന കാര്യം പ്രഖ്യാപിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. ജി പിമാരുടെ സേവനത്തെ കുറിച്ചുള്ള അതൃപ്തി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സമയത്താണ് ഇത്തരമൊരു നടപടിയുമായി സര്‍ക്കാര്‍ എത്തുന്നതെന്നത് ശ്രദ്ധേയമാണ്.

അതിനിടെ പോസ്റ്റൽ ജീവനക്കാരുടെയും റയിൽ ജീവനക്കാരുടെയും പിന്നാലെ ബ്രിട്ടനിൽ ശമ്പള വർധന ആവശ്യപ്പെട്ടു നഴ്സുമാരും സമരത്തിന്. 106 വർഷത്തെ ചരിത്രത്തിലാദ്യമായി സമരത്തിനിറങ്ങാൻ റോയൽ കോളജ് ഓഫ് നഴ്സിങ് മൂന്നു ലക്ഷത്തിലധികം വരുന്ന അംഗങ്ങളോട് അഭ്യർഥിച്ചു. സമരം ആവശ്യമാണോ എന്നതു സംബന്ധിച്ചു യൂണിയൻ അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിന്റെ ഫലം അടുത്തയാഴ്ച പുറത്തു വരുന്നതോടെ സമരത്തിനുള്ള തീയതികൾ നിശ്ചയിക്കപ്പെടും. ആർസിഎൻ അംഗങ്ങളിൽ 50,000 പേരാണു നഴ്സുമാരായുള്ളത്.

സമരവുമായി യൂണിയൻ മുന്നോട്ടു പോയാൽ അത് എൻഎച്ച്എസിലെ എമർജൻസി കെയർ ഒഴികെയുള്ള എല്ലാ ആരോഗ്യസേവനങ്ങളെയും ബാധിക്കും. രോഗികൾക്ക് ഉണ്ടാകുന്ന ദുരിതം കണക്കിലെടുത്തു വേണം സമരത്തിന് ഇറങ്ങാനെന്നു സർക്കാർ യൂണിയനു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

വിലക്കയറ്റം 12 ശതമാനവും കഴിഞ്ഞ് മുന്നേറുന്ന സാഹചര്യത്തിൽ ചുരുങ്ങിയത് അഞ്ച് ശതമാനത്തിന്റെ വർധനയെങ്കിലും ശമ്പളത്തിൽ വരുത്തണമെന്നാണു റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ ആവശ്യം. എന്നാൽ ഇതു നൽകാൻ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, അയർലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങൾ തയാറായിട്ടില്ല.

ഇംഗ്ലണ്ടിൽ 25,000-27,000 പൗണ്ട് വരെയാണു തുടക്കക്കാരായ നഴ്സുമാരുടെ ശമ്പളം. സീനിയർ നഴ്സുമാർക്ക് ഇതു പരമാവധി 55,000 പൗണ്ട് വരെയെത്തും. ശരാശരി കണക്കാക്കിയാൽ 32,000 പൗണ്ടാണ് ഇംഗ്ലണ്ടിലെ ഒരു നഴ്സിന്റെ വാർഷിക ശമ്പളം. നിലവിലെ സാഹചര്യത്തിൽ ഇതു തികച്ചും അപര്യാപ്തമാണെന്നാണു യൂണിയൻ ചൂണ്ടിക്കാട്ടുന്നത്.

സ്കോട്ട്ലൻഡിലെ മിഡ്‌വൈഫുമാരും സമരത്തിനു തയാറെടുക്കുകയാണ്. ഇവിടെ റോയൽ കോളജ് ഓഫ് മിഡ്‌വൈഫ്സ് സമരത്തിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തിക്കഴിഞ്ഞു. നഴ്സുമാർക്കൊപ്പം ജൂനിയർ ഡോക്ടർമാരും സമരത്തിന് തയാറെടുക്കുന്നുണ്ട്. ഇവരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും സമരത്തിനായി ബാലറ്റ് തയാറായി കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.