
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ ജനറല്‍ പ്രാക്ടീഷണറുമാര്‍ ഇനി മുതല്‍ ശനിയാഴ്ച ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയും പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകിട്ട് ആറര മുതല്‍ എട്ടു വരെയും അധികമായി പ്രവര്‍ത്തിക്കണമെന്ന പുതിയ മാര്‍ഗനിര്‍ദേശം എന്‍എച്ച്എസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഒക്ടോബര്‍ മാസം മുതലാണ് ഈ മാറ്റങ്ങള്‍ നിലവില്‍ വരുക. പുതിയ എന്‍എച്ച്എസ് നിയമങ്ങളില്‍ കടുത്ത എതിര്‍പ്പുമായി ജിപിമാര്‍ രംഗത്തുവന്നു.
എന്‍എച്ച്എസ് ഇംഗ്ലണ്ട് കോണ്‍ട്രാക്ടില്‍ തങ്ങളുടെ പിന്തുണ കൂടാതെ നടപ്പാക്കിയ മാറ്റങ്ങള്‍ ഡോക്ടര്‍മാരെ നിരാശപ്പെടുത്തിയെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വാദം. രാജിവെയ്ക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പ് ഉണ്ട്. ഒരു വര്‍ഷത്തോളമായി എന്‍എച്ച്എസുമായി നീക്കുപോക്ക് ഉണ്ടാക്കാന്‍ യൂണിയന്‍ മേധാവികള്‍ ശ്രമിച്ച് വരികയാണ്. രോഗികള്‍ക്ക് മുഖാമുഖം അപ്പോയിന്റ്‌മെന്റ് നല്‍കുന്ന കാര്യത്തില്‍ വാദപ്രതിവാദം നടക്കവെ ചര്‍ച്ചകള്‍ ഫലവത്തായില്ല.
ഉയരുന്ന നാഷണല്‍ ഇന്‍ഷുറന്‍സ് ചെലവും, പണപ്പെരുപ്പവും കവര്‍ ചെയ്യാന്‍ അധിക ഫണ്ടിംഗ് വേണമെന്നാണ് ഫാമിലി ഡോക്ടര്‍മാരുടെ ആവശ്യം. എന്നാല്‍ അന്തിമ കോണ്‍ട്രാക്ടില്‍ അധിക ഫണ്ടിംഗ് സംബന്ധിച്ച് ഒരുവരി പോലുമില്ല. ബിഎംഎയ്ക്ക് കരാര്‍ കൈമാറി മണിക്കൂറുകള്‍ക്കുള്ളില്‍ പൊതുജനങ്ങളെയും ഇതുസംബന്ധിച്ച് അറിയിച്ചു. ജിപിമാര്‍ ഇപ്പോള്‍ തന്നെ വീക്കെന്‍ഡിലും, വീക്ക്‌നൈറ്റുകളിലും ജോലി ചെയ്യുന്നുവെന്നാണ് ബിഎംഎയുടെ വാദം.
അടിയന്തര രക്ഷാപാക്കേജ് നല്‍കിയില്ലെങ്കില്‍ ജീവനക്കാരെ നഷ്ടമാകുമെന്നാണ് ബിഎംഎ മുന്നറിയിപ്പ്. എത്ര പണമാണ് വേണ്ടതെന്ന് ബഎംഎ വ്യക്തമാക്കുന്നില്ല. ഈ നീക്കം റിട്ടയര്‍മെന്റുകള്‍ക്കും, പ്രാക്ടീസുകളെ വീക്ക്‌ഡേ അപ്പോയിന്റ്‌മെന്റുകള്‍ റേഷന്‍ സംവിധാനത്തില്‍ നല്‍കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
എന്നാല്‍ കോവിഡ് കാലത്ത് ഉണ്ടായിരിക്കുന്ന അപ്പോയ്ന്റ്മെന്റുകളുടെ നീണ്ടനിര പരിഹരിക്കുവാന്‍ ആണ് പുതിയ മാറ്റങ്ങള്‍ക്കു എന്‍എച്ച്എസ് തീരുമാനിച്ചിരിക്കുന്നത്. നിരവധി പേര്‍ക്ക് ഡോക്ടര്‍മാരെ കാണുവാന്‍ സാധിക്കുന്നില്ല എന്നുള്ള പരാതിയെതുടര്‍ന്നാണ് ഈ നീക്കം. ഇത് രോഗികള്‍ക്ക് ക്രമമായുള്ള ചെക്കപ്പിനും, വാക്സിനേഷനും, മറ്റ് ടെസ്റ്റുകള്‍ക്കും എല്ലാം കൂടുതല്‍ സൗകര്യപ്രദം ആകും എന്നാണ് എന്‍എച്ച്എസ് വ്യക്തമാക്കുന്നത്.
തങ്ങളെ ഒരുതരത്തിലും പരിഗണിക്കാതെയുള്ള തീരുമാനത്തോട് എതിര്‍പ്പുണ്ടെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ജി പി കമ്മറ്റി ചെയര്‍ ഹെഡ് ഡോക്ടര്‍ ഫറാ ജമീല്‍ വ്യക്തമാക്കി. മറ്റ് നിരവധി മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും, അതൊന്നും തിരഞ്ഞെടുക്കാതെ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്ന ഈ നീക്കം തങ്ങളെ തികച്ചും ബുദ്ധിമുട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല