1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2020

സ്വന്തം ലേഖകൻ: വിദേശത്ത് നിന്ന് കൂടുതൽ നഴ്സുമാരെയും ഡോക്ടർമാരെയും ആകർഷിക്കാൻ ഹോം ഓഫീസ് പ്രഖ്യാപിച്ച ഫാസ്റ്റ് ട്രാക്ക്, ഹെൽത്ത് ആൻഡ് കെയർ വീസ സംവിധാനത്തിന്റെ പുതിയ മാർഗനിർദേശങ്ങൾ പുറത്ത്. ബ്രക്സിറ്റ് നിലവിൽ വരുന്ന ജനുവരി ഒന്നുമുതൽ പ്രാബല്യത്തിലാകുന്ന പോയിന്റ് ബെയ്സ്ഡ് ഇമിഗ്രേഷൻ സംവിധാനത്തിന്റ ഭാഗമായാണ് ആരോഗ്യ പ്രവർത്തകർക്കുള്ള ഫാസ്റ്റ് ട്രാക്ക് വീസാ ആനുകൂല്യം.

ഹെൽത്ത് ആൻഡ് കെയർ വീസയിൽ എത്തുന്ന ആരോഗ്യ പ്രവർത്തകരെ ഇമിഗ്രേഷൻ സർചാർജിൽ നിന്നും ഒഴിവാക്കുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച് ഇവരുടെ ഡിപ്പൻഡന്റുമാർക്കും ഇമിഗ്രേഷൻ സർചാർജ് നൽകേണ്ടതില്ല. ഓരോ അപേക്ഷയ്ക്കും 624 പൌണ്ട് വീതമാണ് ഇത്തരത്തിൽ അപേക്ഷകർക്ക് ലാഭം.

ഒരു നാലംഗ കുടുബത്തിന് പ്രതിവർഷം 2400 പൌണ്ട് ലാഭിക്കാനാകും. ഫാസ്റ്റ് ട്രാക്ക് ഹെൽത്ത് ആൻഡ് കെയർ വീസയുടെ ഫീസും നേർ പകുതിയായി കുറച്ചിട്ടുണ്ട്. മാത്രമല്ല, ഈ വീസാ അപേക്ഷകൾ മൂന്നാഴ്ചയ്ക്കുള്ളിൽ തീർപ്പാക്കുകയും ചെയ്യും.

ആരോഗ്യ പ്രവർത്തകരെ ഹെൽത്ത് സർചാർജിൽ നിന്നൊഴിവാക്കുന്നതിന്റെ ഭാഗമായി 2020 മാർച്ച് 31നു ശേഷം ഹെൽത്ത് സർചാർജ് അടച്ച നഴ്സുമാർ, ഡോക്ടർമാർ എന്നിവർക്കും അവരുടെ ഡിപ്പൻഡന്റുമാർക്കും അടച്ച തുക തിരികെ ലഭിക്കും. IHSrefunds@homeoffice.gov.uk എന്ന ഇ മെയിൽ വിലാസത്തിൽ പേരും സ്പോൺസറുടെ പേരും സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് നമ്പരും ഐ.എച്ച്.എസ് നമ്പരും നൽകിയാൽ അടച്ച തുക തിരികെ ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

അപേക്ഷിച്ചിട്ടും മറുപടി ലഭിക്കാത്തവർക്ക് IHSenquiries@dhsc.gov.uk ഇമെയിൽ വഴി ഒക്ടോബറിൽ തുടങ്ങുന്ന മറ്റൊരു പദ്ധതിയിലേക്കും റീഫണ്ടിനായി അപേക്ഷ സമർപ്പിക്കാം.

പുതിയ മാർഗനിർദേശങ്ങൾ പ്രകാരം നഴ്സ്, മിഡ് വൈഫ്, സോഷ്യൽ വർക്കർ, പാരാമെഡിക്സ്, ബയോളജിക്കൽ സയന്റിന്റ്, ഫിസിക്കൽ സയൻറ്റിസ്റ്റ്, മെഡിക്കൽ പ്രാക്ടീഷണർ, സൈക്കോളജിസ്റ്റ്, ഫാർമസിസ്റ്റ്, ഓപ്താൽമിക് ഓപ്റ്റീഷ്യൻസ്, ഡെൻറ്റൽ പ്രാക്ടീഷണർ, മെഡിക്കൽ റേഡിയോഗ്രാഫർ, പോഡിയാട്രിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഓക്യൂപേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ് എന്നീ തസ്തികകളാണ് ഹെൽത്ത് ആൻഡ് കെയർ വീസ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.