1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2023

സ്വന്തം ലേഖകൻ: ഷ്ണതരംഗത്തില്‍ കഴിഞ്ഞവർഷം യൂറോപ്പില്‍ മരിച്ചത് 15,700 പേർ. ലോകമെങ്ങും മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ഉഷ്ണതരംഗം വലിയ തോതിൽ ബാധിച്ചു വരികയാണെന്നും യുഎൻ കാലാവസ്ഥ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. അന്തരീക്ഷത്തില്‍ ചൂടിനെ പിടിച്ചുനിര്‍ത്തുന്ന ഗ്രീന്‍ഹൗസ് വാതകങ്ങളുടെ അളവ് കുത്തനെ ഉയരുന്നത് ആഗോള തലത്തില്‍ വെള്ളപ്പൊക്കം, വരള്‍ച്ച, ഉഷ്ണതരംഗം തുടങ്ങിയ സംഭവങ്ങള്‍ വര്‍ധിപ്പിച്ചതായി ലോക കാലാവസ്ഥ സംഘടനയുടെ (ഡബ്ല്യു എം ഒ ) 2022ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രീന്‍ ഹൗസ് വാതകങ്ങളായ കാര്‍ബണ്‍ ഡയോക്‌സൈഡ്, മീഥെയിന്‍, നൈട്രസ് ഓക്‌സൈഡ് എന്നിവയുടെ അളവ് 2022ല്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വരള്‍ച്ച, വെള്ളപ്പൊക്കം, ഉഷ്ണതരംഗം എന്നിവ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെയും ഭൂഖണ്ഡങ്ങളിലെയും സമൂഹത്തെ സാരമായി ബാധിക്കുകയും കോടിക്കണക്കിന് തുക ചെലവാക്കുന്നതിന് കാരണമായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അന്റാര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞ് ഏറ്റവും കുറഞ്ഞ നിലയിലേക്കു താഴ്ന്നതായും ചില യൂറോപ്യന്‍ ഹിമാനികള്‍ ഉരുകുന്നത് അപ്രതീക്ഷിതമായ നിലയില്‍ എത്തിയിരിക്കുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

എട്ട് വര്‍ഷത്തിനിടയിലെ ആഗോള ശരാശരി താപനില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നതാണ്. 1850-1900ലെ ശരാശരിയേക്കാള്‍ 1.15 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുതലായിരുന്നു 2022ൽ. ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ തുടര്‍ച്ചയായി പുറന്തള്ളപ്പെടുന്നതിനെത്തുടർന്ന് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ലോകമെമ്പാടുമുള്ള ജനസംഖ്യയെ ഗുരുതരമായി ബാധിക്കുന്നത് തുടരുകയാണെന്ന് ഡബ്ല്യൂ എം ഒ സെക്രട്ടറി ജനറല്‍ പെറ്റേരി ടാലാസ് പറയുന്നു.

2022ലെ കിഴക്കന്‍ ആഫ്രിക്കയിലുണ്ടായ തുടര്‍ച്ചയായ വരള്‍ച്ചയും പാക്കിസ്ഥാനിലെ റെക്കോര്‍ഡുകള്‍ തകര്‍ത്ത മഴയും ചൈനയിലേയും യൂറോപ്പിലേയും കടുത്ത ഉഷ്ണതരംഗങ്ങളും ദശലക്ഷക്കണക്കിന് ആളുകളെയാണ് ബാധിച്ചത്. ഇത് ഭക്ഷ്യ അരക്ഷിതാവസ്ഥ വര്‍ധിപ്പിക്കുകയും വന്‍തോതിലുള്ള കുടിയേറ്റത്തിനും ബില്യണ്‍ കണക്കിന് ഡോളറുകളുടെ നഷ്ടങ്ങളും നാശങ്ങൾക്കും കാരണമായതായും ടാലാസ് ചൂണ്ടിക്കാട്ടി.

2022ല്‍ ഇന്ത്യയിൽ മണ്‍സൂണ്‍ നേരത്തെ ആരംഭിക്കുകയും പതിവിലും വൈകി അവസാനിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലും പാക്കിസ്ഥാനിലും മണ്‍സൂണിന് മുമ്പുള്ള മാസങ്ങളില്‍ പതിവിലും ചൂട് അനുഭവപ്പെടുകയുണ്ടായി. കടുത്ത ചൂട് രാജ്യത്തെ ധാന്യവിളവ് കുറയുന്നതിലേയ്ക്ക് നയിച്ചു.

കൂടെ യുക്രെയ്ൻ യുദ്ധവും വന്നതോടെ ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പിന്റെ കയറ്റുമതി നിരോധിക്കുകയും അരിയുടെ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇത് അന്താരാഷ്ട്ര ഭക്ഷ്യ വിപണിയില്‍ പ്രധാന ഭക്ഷണങ്ങളുടെ ലഭ്യതയെയും സുസ്ഥിരതയെയും ഭീഷണിയിലാഴ്ത്തി. കൂടാതെ ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം അനുഭവിക്കുന്ന രാജ്യങ്ങളെ കാര്യമായി ബാധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ധാന്യവിളകള്‍ കുറഞ്ഞത് കൂടാതെ, കടുത്ത ചൂട് നിരവധി പ്രദേശങ്ങളില്‍ കാട്ടുതീ പടരുന്നതിനും കാരണമായി. പ്രത്യേകിച്ച് ഉത്തരഖണ്ഡിലെ കുന്നുകളില്‍.

കനത്ത വേനലിന് മാത്രമല്ല, കനത്ത മഴയ്ക്കും കൂടിയാണ് ഉഷ്ണതരംഗങ്ങള്‍ കാരണമായത്. 2022 ജൂണിലെ മണ്‍സൂണില്‍ പല ഘട്ടങ്ങിലായി ഇന്ത്യയില്‍ വലിയ വെള്ളപ്പൊക്കങ്ങളാണ് ഇത് സൃഷ്ടിച്ചത്, പ്രത്യേകിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍. മണ്‍സൂണില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി എഴുന്നൂറിലധികം പേരാണ് മരിച്ചത്. ഇടിമിന്നലില്‍ 900 പേരും മരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.