1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2022

സ്വന്തം ലേഖകൻ: ജനം വിലക്കയറ്റം മൂലം വലിയ തിരിച്ചടി നേരിടുന്ന സമയത്തു രണ്ട് മില്ല്യണ്‍ മിഡില്‍-ക്ലാസ് കുടുംബങ്ങള്‍ ഉയര്‍ന്ന ടാക്‌സ് പരിധിയിലേക്ക്! ലക്ഷക്കണക്കിന് മിഡില്‍ ക്ലാസ് കുടുംബങ്ങള്‍ക്ക് ഉയര്‍ന്ന നികുതി നല്‍കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. കുറഞ്ഞത് രണ്ട് മില്ല്യണ്‍ ജനങ്ങളാണ് ഉയര്‍ന്ന ടാക്‌സ് ബ്രാക്കറ്റില്‍ പെടുന്നതോടെ കൂടുതല്‍ നികുതി ചുമക്കേണ്ടി വരുന്നത്.

അഞ്ചിലൊന്ന് നികുതിദായകര്‍ക്കാണ് ഉടന്‍ തന്നെ 40 മുതല്‍ 45 ശതമാനം വരെ നിരക്കില്‍ പേയ്‌മെന്റ് നല്‍കേണ്ടി വരുന്നത്. കഴിഞ്ഞ വര്‍ഷം ചാന്‍സലര്‍ സുനാക് ഇന്‍കം ടാക്‌സ് പരിധി 2026 വരെ മരവിപ്പിച്ചിരുന്നു. ടാക്‌സ് നിരക്ക് വെട്ടിക്കുറയ്ക്കാന്‍ ചാന്‍സലര്‍ പ്രഖ്യാപിച്ചിട്ടുള്ള തീയതി മുന്നോട്ട് നീക്കണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്. എന്നാല്‍ ജീവിതച്ചെലവുകള്‍ ഉയരുന്നത് മൂലം യഥാര്‍ത്ഥത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ വരുമാനം കുറയ്ക്കുന്നതാണ് ഈ നീക്കമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

2019 പൊതുതെരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സണ്‍ വിജയിക്കുമ്പോള്‍ 40 പെന്‍സ് അല്ലെങ്കില്‍ 45 പെന്‍സ് അധികം ഇന്‍കം ടാക്‌സ് നല്‍കിയിരുന്നത് 4.3 മില്ല്യണ്‍ ജനങ്ങളാണ്. എന്നാല്‍ ഈ വര്‍ഷം ഇത് 6.1 മില്ല്യണെന്ന റെക്കോര്‍ഡ് തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2010ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എണ്ണം ഇരട്ടിക്കുകയാണ് ചെയ്തത്.

2024ല്‍ ഏഴ് മില്ല്യണിലേറെ പേര്‍ ഈ ടാക്‌സ് ബ്രാക്കറ്റിലെത്തുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇതോടെ അഞ്ചിലൊന്ന് ആളുകളും ഉയര്‍ന്ന നികുതിയിലേക്ക് എത്തിച്ചേരും. കുറഞ്ഞ ടാക്‌സ് പാര്‍ട്ടിയെന്ന പേര് തങ്ങള്‍ക്ക് നഷ്ടമാകുമെന്ന് ആശങ്കപ്പെടുന്ന ടോറി എംപിമാര്‍ നികുതി കുറയ്ക്കല്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയാണ്.

ഉയര്‍ന്ന നികുതി നിരക്ക് വര്‍ദ്ധിക്കുന്ന വരുമാനത്തിനൊപ്പമല്ലെന്നതാണ് പ്രശ്‌നമാകുന്നത്. അഞ്ച് വര്‍ഷത്തോളം വര്‍ദ്ധനകള്‍ മരവിപ്പിച്ച് നിര്‍ത്തിയത് ഈ അവസ്ഥയെ ഉത്തേജിപ്പിച്ചു. പണപ്പെരുപ്പം ഉയരുന്നതിനൊപ്പം വരുമാനവും, പെന്‍ഷനും പെട്ടെന്ന് വര്‍ദ്ധിക്കുന്നതിനാല്‍ സ്ഥിതി മോശമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.