
സ്വന്തം ലേഖകൻ: ചൊവ്വാഴ്ച കൊവിഡ് വാക്സീൻ വിതരണം ആരംഭിക്കുന്ന ബ്രിട്ടനിൽ ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളിൽ എട്ടുലക്ഷം പേർക്ക് വാക്സീന്റെ ഒന്നാം ഡോസ് നൽകും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബിസിനസ് സെക്രട്ടറി അലോക് ശർമ്മ വ്യക്തമാക്കി. 95 ശതമാനവും ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഫൈസർ വാക്സീൻ ലഭിക്കാൻ പോകുന്നതിന്റെ ആഹ്ലാദത്തിലാണ് രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും. എന്നാൽ ചെറിയൊരു ശതമാനം പേർ, പെട്ടെന്ന് വികസിപ്പിച്ച വാക്സീന്റെ ഫലപ്രാപ്തിയിൽ ആശങ്കയും രേഖപ്പടുത്തുന്നു.
വാക്സീനെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ബ്രിട്ടനിലേക്ക് വരാൻപോലും തയാറെടുക്കുമ്പോഴാണ് ഇവിടെ ചിലയാളുകൾ വാക്സിനെതിരെ വ്യാജ പ്രചാരണവും ഒപ്പുശേഖരണവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇതിൽ ചില മെഡിക്കൽ പ്രഫഷണൽമാർ പോലും ഉണ്ടെന്നുള്ളതാണ് ദയനീയമായ കാര്യം. പെട്ടെന്നുണ്ടായ പ്രഖ്യാപനങ്ങളും നിർമാണ കമ്പനികളുടെ അവകാശവാദങ്ങളുമാണ് ആളുകളിൽ ഇത്തരമൊരു ആശങ്ക ഉടലെടുക്കാൻ കാരണം. കെയർഹോമുകളിലെ വൃദ്ധജനങ്ങളെ വാക്സിനേഷനായി ആദ്യം തിരഞ്ഞെടുത്തത് ഇവരെ പരീക്ഷണജീവികളാക്കുന്നതിന്റെ ഭാഗമാണെന്നുവരെ വാക്സീൻ വിരുദ്ധർ പറഞ്ഞുപരത്തുന്നു. കുട്ടികളിൽ ഇത് വന്ധ്യത പരത്തുമെന്നും മറ്റുമുള്ള വ്യാജ പ്രചാരണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
വാക്സീനെതിരായ ഓൺലൈൻ പരാതിയിൽ ഇതിനോടകം മൂന്നു ലക്ഷത്തിലധികം ആളുകൾ ഒപ്പിട്ടുകഴിഞ്ഞു. ഇതോടെ ഈ വിഷയം അടുത്തയാഴ്ച പാർലമെന്റിൽ ചർച്ചയാകും. നിലവിലെ സാഹചര്യത്തിൽ പരാതി തള്ളിപ്പോകും. ഒപ്പം വ്യാജ പ്രചാരകരെ നിയന്ത്രിക്കാനും നടപടിയുണ്ടാകുമെന്നാണ് സൂചന.
ബ്രിട്ടനിലെ ഇൻഡിപ്പെൻഡന്റ് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) ആണ് വിശദമായ പരിശോധനകൾക്കുശേഷം ഫൈസർ വാക്സീന് അംഗീകാരം നൽകാമെന്ന് സർക്കാരിനോട് നിർദേശിച്ചത്. മാനുഫാക്ചറിങ് ആൻഡ് ക്വാളിറ്റി കൺട്രോൾ, ലാബ് ആൻഡ് ക്ലിനിക്കൽ ട്രയൽ റിസൽറ്റ്, പ്രൊജക്ട് സാമ്പിളിങ് എന്നിവയെല്ലാം പൂർത്തിയാക്കിയാണ് ഏജൻസി വാക്സീൻ വിതരണ യോഗ്യമാണെന്ന് കണ്ടെത്തിയത്.
ഫൈസർ- ബയോ എൻടെക് വാക്സീന്റെ 40 മില്യൻ ഡോസുകളാണ് (നാല് കോടി) ബ്രിട്ടൻ ഓർഡർ നൽകിയിരിക്കുന്നത്. രണ്ട് ഡോസുവീതം രണ്ടുകോടി ആളുകൾക്ക് വിതരണം ചെയ്യാനുളളതാണിത്. ഇതിനു പുറമേ പരീക്ഷണങ്ങൾ അവസാനഘട്ടത്തിലെത്തി 90 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയ ഇ ഓക്സ്ഫെഡ്- അസ്ട്രാസെനിക്ക വാക്സീന്റെ 100 മില്യൻ ഡോസിനും (പത്തുകോടി) സർക്കാർ ഓർഡർ നൽകി. ഇവയ്ക്കൊപ്പം അമേരിക്കയിലെ തന്നെ മൊഡേണ വാക്സീന്റെ അഞ്ച് മില്യൻ ഡോസും ബ്രിട്ടൻ വാങ്ങും. വൽനേവ, നൊവാക്സ്, ജാൻസെൻ എന്നീ കമ്പനികളുടെ വാക്സീനുകളും ബ്രിട്ടൻ വാങ്ങുന്നുണ്ട്. എന്നാൽ റഷ്യ ഇതിനോടകം നിർമിച്ച സ്പുട്നിക്ക് വാക്സീൻ വാങ്ങാൻ തൽകാലം പദ്ധതിയില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല