1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം യുകെയിൽ തൊഴിൽ രംഗത്തുണ്ടാക്കിയ ആഘാതം ദീർഘകാലം നീണ്ടുനിന്നേക്കും. സെപ്റ്റംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ 314,000 തൊഴിലുകളാണ് രാജ്യത്ത് ഇല്ലാതായത്. മുൻ‌ വർഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് റെക്കോർഡാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎൻ‌എസ്) കണക്കുകൾ പ്രകാരം തൊഴിലില്ലായ്മാ നിരക്ക് 4.8 ശതമാനമായി ഉയർന്നു, 2016 നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്. കഴിഞ്ഞ മാസം ഇത് 4.5 ശതമാനമായിരുന്നു.

ഫർലോ സ്കീം ഒക്ടോബർ അവസാനത്തോടെ അവസാനിക്കുമെന്ന പ്രതീക്ഷയിൽ തൊഴിലുടമകൾ ജോലിക്കാരുടെ എണ്ണം വെട്ടിക്കുറച്ചതാണ് കണക്കുകൾ ഇത്രയും ഉയരാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ താൽക്കാലികമായി പിരിച്ചുവിട്ട തൊഴിലാളികളുടെ വേതനം സബ്‌സിഡിയായി നൽകുന്ന ഫർലോ സ്കീം ചാൻസലർ റിഷി സുനക് മാർച്ച് അവസാനം വരെ നീട്ടിയിരുന്നു.

മാർച്ചിന് ശേഷം യുകെയിലെ ശമ്പളപ്പട്ടികയിലെ ജീവനക്കാരുടെ എണ്ണത്തിൽ 782,000 ത്തോളം കുറവുണ്ടായതായി ഒക്ടോബറിലെ ഒഎൻ‌എസ് ഡാറ്റ സൂചിപ്പിക്കുന്നു. സെപ്റ്റംബറിൽ അവസാനിച്ച മൂന്ന് മാസങ്ങളിൽ ഔദ്യോഗികമായി തൊഴിൽ രഹിതരായത് 243,000 പേരാണ്. രാജ്യത്തെ ആകെ തൊഴിൽ രഹിതരുടെ എണ്ണൽ 1.62 ദശലക്ഷമായി. 2009 ന് ശേഷമുള്ള ഏറ്റവും വലിയ വർധനയാണിത്. ഇല്ലാതായ തൊഴിലുകളുടെ എണ്ണമാകട്ടെ രണ്ടാം പാദത്തേക്കാൾ 181,000 കൂടുതലാകുകയും ചെയ്തു.

2020 തുടക്കത്തിൽ പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥ തിരിച്ചുവരികയാണെങ്കിലും, തൊഴിൽ പ്രതിസന്ധി കൂടുതൽ വഷളായതായി ഈ കണക്കുകൾ സൂചിപ്പിക്കുന്നു. വരും മാസങ്ങളിൽ ഇത് കൂടുതൽ ആഴത്തിലാകുമെന്ന ആശങ്കയും ശക്തമാണ്. 2021 ന്റെ രണ്ടാം പാദത്തിൽ തൊഴിലില്ലായ്മ 7.75 ശതമാനമായി ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ തൊഴിലില്ലായ്മ നിരക്ക് ഇതിലും മോശമാകുമെന്ന് ചില വിദഗ്ധർ കരുതുന്നു.

“ഇന്നത്തെ കണക്കുകൾ നമ്മൾ നേരിടുന്ന വെല്ലുവിളിയുടെ തോത് അടിവരയിട്ട് വ്യക്തമാക്കുന്നു,” തൊഴിലില്ലായ്മയുടെ ഏറ്റവും പുതിയ കണക്കുകളെക്കുറിച്ച് സുനക് പറഞ്ഞു.

“ഇതിനകം ജോലി നഷ്‌ടപ്പെട്ടവർക്ക് ഇത് ഒരു ദുഷ്‌കരമായ സമയമാണെന്ന് എനിക്കറിയാം, വരാനിരിക്കുന്ന ശൈത്യകാലത്തെക്കുറിച്ച് ആശങ്കപ്പെടുന്ന ഏതൊരാൾക്കും ആശ്വാസം പകരാൻ ഞാൻ ആഗ്രഹിക്കുന്നു, ദുരിതബാധിതരെ പിന്തുണയ്ക്കുന്നത് തുടരുമെന്നും രാജ്യത്ത് ഉടനീളമുള്ള ആളുകളുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കുമെന്നും ഉറപ്പ് നൽകുകയും ചെയ്യുന്നു,” ചാൻസലർ അറിയിച്ചു.

യുകെയിൽ തൊഴിൽ നഷ്ട നിരക്ക് റെക്കോർഡ് നിലയിൽ എത്തിയതിനിടെ കൊവിഡ് വാക്സിൻ ഡിസംബർ ആദ്യം മുതൽ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് എൻ‌എച്ച്‌എസിനോട് ആവശ്യപ്പെട്ടു. തങ്ങൾ വികസിപ്പിച്ച കൊവിഡ് വാക്സിൻ 90% ഫലപ്രദമാണെന്ന് ഫൈസറും ബയോടെക്കും തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഈ പ്രഖ്യാപനത്തെ “പ്രോമിസിംഗ് ന്യൂസ്” എന്ന് വിശേഷിപ്പിച്ച ഹാൻ‌കോക്ക് അതേസമയം ഈ മഹാമാരിയെ എന്നന്നേക്കുമായി തോൽപ്പിക്കാനുള്ള പല മാർഗങ്ങളിൽ ഒന്ന് മാത്രമാണ് വാക്സിൻ എന്നും ഓർമ്മിപ്പിച്ചു. കെയർ ഹോം, എൻ‌എച്ച്‌എസ്, സോഷ്യൽ കെയർ ജീവനക്കാർ, പ്രായമായവർ എന്നിവർക്കാണ് ആദ്യം കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിന് അവസരമെന്നും ഹാൻ‌കോക്ക് പറഞ്ഞു. എന്നാൽ അടുത്ത വർഷം വസന്തകാലത്തോടെ ജീവിതം സാധാരണ നിലയിലാകുമെന്ന് വാദത്തോട് പ്രതികരിക്കാൻ ഹെൽത്ത് സെക്രട്ടറി വിസമ്മതിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.