
സ്വന്തം ലേഖകൻ: യുകെ കനത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോൾ അധികാരമേറ്റ ലിസ്സ് ട്രസ്സ് സർക്കാരിനു രണ്ടാഴ്ചയ്ക്കിടെ നഷ്ടമായതു രണ്ടാമത്തെ മന്ത്രിയെ. കഴിഞ്ഞയാഴ്ച മന്ത്രിസഭയിലെ രണ്ടാമനായ ചാൻസിലർ ക്വാസി ക്വാർട്ടെങ്ങിനെ പുറത്താക്കിയ പ്രധാനമന്ത്രി ഇന്നലെ ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാന്റെ രാജിയും ചോദിച്ചുവാങ്ങി. ഒരുമാസം മാത്രം പ്രായമായ പുതിയ സർക്കാരിന് ഇതോടെ ഒരു കോമാളി മന്ത്രിസഭയുടെ പ്രതിച്ഛായ വീണുകഴിഞ്ഞു. ബോറിസ് സർക്കാരിൽ ട്രാൻസ്പോർട്ട് സെക്രട്ടറിയായിരുന്ന ഗ്രാന്റ് ഷാപ്സിനെയാണു പുതിയ ഹോം സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.
സാമ്പത്തിക രംഗത്തു നടത്തിയ വൻ നികുതിയിളവ് ഉൾപ്പെടെയുള്ള മണ്ടൻ പരിഷ്കാരങ്ങളാണു ചാൻസിലറുടെ കസേര ഒരാഴ്ചയ്ക്കുള്ളിൽ തെറിക്കാൻ ഇടയാക്കിയതെങ്കിൽ സ്വകാര്യ ഇ-മെയിൽ വിലാസത്തിൽ നിന്നു സഹപ്രവർത്തകരായ എംപിമാർക്കു സർക്കാർ രേഖകൾ അയച്ചതാണു സുവെല്ല ബ്രേവർമാനു വിനയായത്. കുടിയേറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഹോം സെക്രട്ടറി എടുക്കുന്ന കർശന നടപടികളോടു പാർട്ടിയിൽ നിന്നുതന്നെ ശക്തമായ എതിർപ്പുണ്ടായതും സുവല്ലയുടെ പുറത്തേക്കുള്ള വഴി എളുപ്പമാക്കി.
വീസ നയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ഹോം സെക്രട്ടറിയ്ക്കുമിടയിൽ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം ഡാർട്ട്ഫോർഡ് ബ്രിഡ്ജിൽ ഉൾപ്പെടെ വഴിമുടക്കി സമരം ചെയ്ത പരിസ്ഥിതിവാദികളെ അറസ്റ്റുചെയ്യാൻ തടസമായത് ചില സ്വയം പ്രഖ്യാപിത ബുദ്ധിജീവികളാണെന്നു ഹോം സെക്രട്ടറി ആരോപണം ഉന്നയിച്ചിരുന്നു. ഇത്തരം സമരങ്ങളെ തടയാൻ പോലീസിന് കൂടുതൽ അധികാരം നൽകുന്ന ബില്ലിനെ സ്വന്തം പാർട്ടിയിലെ ചില പാർലമെന്റ് അംഗങ്ങൾ ശക്തമായി എതിർത്തതും സുവല്ലെയെ ചൊടിപ്പിച്ചിരുന്നു.
കൺസർവേറ്റീവ് പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ നികുതി ഇളവിന്റെ കാര്യത്തിൽ മലക്കം മറിഞ്ഞ പ്രധാനമന്ത്രിയെ സുവെല്ല പരസ്യമായി വിമർശിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. വീസ കാലാവധി കഴിഞ്ഞിട്ടും ബ്രിട്ടണിൽ തുടരുന്ന വിദേശികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണെന്ന സുവെല്ലയുടെ പരാമർശവും ഏറെ വിമർശനങ്ങൾക്ക് വഴിവച്ചു. ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാരക്കരാറിന്റെ ഭാവിപോലും അനിശ്ചിതത്വത്തിലാക്കുന്നതായി ആ പ്രസ്താവന. സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി കുടിയേറ്റം പ്രോൽസാഹിപ്പിക്കാൻ കഴിയില്ല എന്നതായിരുന്നു സുവെല്ലയുടെ വ്യക്തമായ നിലപാട്. സ്റ്റുഡന്റ് വിസക്കാർക്കൊപ്പം ആശ്രിതരായെത്തുന്നവരുടെ എണ്ണം കുറയ്ക്കാനും അവർക്ക് യുകെയിൽ തൊഴിലെടുക്കുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കാനും സുവെല്ല ശ്രമിച്ചിരുന്നു.
വിദ്യാർഥികളായെത്തുന്നവർക്കു പഠനം കഴിഞ്ഞും രണ്ടുവർഷം ബ്രിട്ടനിൽ തുടരാനാകുന്ന പോസ്റ്റ് സ്റ്റഡി വീസ നിയമങ്ങളിൽ മാറ്റം വരുത്തുന്നതും ഹോം സെക്രട്ടറിയുടെ പരിഗണനയിലായിരുന്നു. സയൻസ്- ടെക്നോളജി വിഷയങ്ങൾ പഠിക്കാനെത്തുന്നവർക്കു മാത്രമായി ഈ സൌകര്യം പരിമിതപ്പെടുത്താനായിരുന്നു നീക്കം. ഇത് വിദ്യാഭ്യാസ മേഖലയിൽ നിന്നു മന്ത്രിക്കെതിരെ കനത്ത എതിർപ്പിന് ഇടയാക്കി. രാജ്യത്തിന്റെ ഏറ്റവും വലിയ വരുമാനമാർഗമായ വിദേശ വിദ്യാർഥികളെ നിയന്ത്രിക്കുന്നതിനെതിരെ സാമ്പത്തിക വിദഗ്ധർ പോലും രംഗത്തെത്തി. ഇതെല്ലാം ഒത്തുചേർന്നതോടെയാണ് ആഴ്ചകൾക്കൊണ്ട് ഹോം സെക്രട്ടറിക്ക് വീട്ടിലിരിക്കേണ്ടി വന്നത്.
ആഫ്രിക്കവഴി ബ്രിട്ടനിലേക്കു കുടിയേറിയ ഗോവൻ- തമിഴ് ദമ്പതികളുടെ മകളാണ് കൺസർവേറ്റീവ് പാർട്ടിയിയിലെ പ്രധാനപ്പെട്ട ഏഷ്യൻ മുഖമായ സുവെല്ല ബ്രേർമാൻ. പ്രധാനമന്ത്രിപദത്തിലേക്കുള്ള മൽസരത്തിന്റെ ആദ്യറൗണ്ടിൽ ലിസ്സ് ട്രസ്സിനും ഋഷി സുനാക്കിനുമെതിരേ മികച്ച മൽസരമാണു സുവെല്ല കാഴ്ചവച്ചത്. മൽസരത്തിൽ നിന്നു പുറത്തായ ഘട്ടത്തിൽ ലിസ്സിനു പിന്തുണയുമായി രംഗത്തെത്തി മന്ത്രിസഭയിൽ സ്ഥാനം ഉറപ്പിച്ചു. ബോറിസ് മന്ത്രിസഭയിലും ഹോം സെക്രട്ടറിയായിരുന്നത് മറ്റൊരു ഏഷ്യൻ നേതാവായ പ്രീതി പട്ടേലായിരുന്നു. പട്ടേലിന്റെ പിൻഗാമിയായി തന്നെ ലിസ്സ് ട്രസ്സ് സുവെല്ലയെ നിയമിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല