1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2022

സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ വീടുകളില്‍ നിന്ന് പ്രതിവര്‍ഷം 10,000 കോടിയോളം (100 ബില്ല്യണ്‍) പ്ലാസ്റ്റിക് പാക്കറ്റുകള്‍ പുറന്തള്ളപ്പെടുന്നുവെന്ന് സര്‍വേ ഫലം. ‘ഗ്രീന്‍പീസ്’ എന്ന സംഘടന നടത്തിയ സര്‍വേയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളില്‍ 12 ശതമാനം മാത്രമാണ് പുനരുപയോഗിക്കപ്പെടുന്നതെന്നും കണ്ടെത്തി. ജലം, ആഹാരപദാര്‍ത്ഥങ്ങള്‍ പോലെയുള്ളവ പൊതിയാനുപയോഗിച്ച പ്ലാസ്റ്റിക്കുകളായിരുന്നു ഏറിയ പങ്കും. അതായത് 83 ശതമാനം. വീടുകളില്‍ നിന്നും ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകളുടെ കണക്ക് യു.കെ സർക്കാർ രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ പുറന്തള്ളപ്പെടുന്ന പ്ലാസ്റ്റിക്കുകള്‍ ഔദ്യോഗിക രേഖകള്‍ക്ക് പുറത്താണ്.

തുടര്‍ന്ന് പരിസ്ഥിതി സംഘടന കൂടിയായ ഗ്രീന്‍പീസ് ‘ബിഗ് പ്ലാസ്റ്റിക് കൗണ്ട്’ പദ്ധതിയിലൂടെ ഔദ്യോഗിക രേഖകള്‍ക്ക് പുറത്തുള്ള പ്ലാസ്റ്റിക്കുകളുടെ തോത് നിര്‍ണയിക്കുകയായിരുന്നു. ആഴ്ചയില്‍ ശരാശരി 66 എന്ന തോതില്‍ ഒരു വീട്ടില്‍ നിന്നും പ്ലാസ്റ്റിക് കവറുകള്‍ പുറന്തള്ളപ്പെടുന്നുണ്ട്. ശരാശരി കണക്കാക്കുകയാണെങ്കില്‍ പോലും 97,948 വീടുകളില്‍ നിന്നും ഉദ്ദേശം ആഴ്ചയില്‍ 185 കോടി പാക്കറ്റുകളാണ് പുറന്തള്ളപ്പെടുന്നത്. അതായത് പ്രതിവര്‍ഷം 9660 കോടി പാക്കറ്റുകള്‍.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ 2025-ഓടെ 50 ശതമാനമായി പരിമിതപ്പെടുത്തുക, 2025 ഓടെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തുക പോലെയുളള മാര്‍ഗനിര്‍ദേശങ്ങളും സംഘടന ഗവണ്‍മെന്റിന് മുന്നില്‍ വെയ്ക്കുന്നുണ്ട്. പ്ലാസ്റ്റിക്കുകളില്‍ പലതും ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് നിര്‍മ്മിക്കുന്നവയാണ്. പ്ലാസ്റ്റിക് നിര്‍മാണവേളയിലും ഹരിത ഗൃഹ വാതക ബഹിര്‍ഗമനമുണ്ടാകുന്നുണ്ടെന്നും 2019 ല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ എന്‍വയോണ്‍മെന്റല്‍ ലോ നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.