1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2023

സ്വന്തം ലേഖകൻ: വെസ്ററ് ഇംഗ്ലണ്ടിലും വെയിൽസിലും ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് അനധികൃത തൊഴിലാളികൾക്കുള്ള റെയ്‌ഡുകൾ കഴിഞ്ഞദിവസങ്ങളിൽ ശക്തമാക്കി. ഈ സ്ഥലങ്ങളിലെ റെസ്‌റ്റോറന്റുകളിലും ഷോപ്പുകളിലും ഓഫ് ലൈസൻസ് ഷോപ്പുകളിലുമാണ് പ്രധാന പരിശോധന. നിയമവിരുദ്ധമായി ജോലിചെയ്യുന്ന ജീവനക്കാരെ കണ്ടെത്തിയതിനെ തുടർന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നെയിൽസീയിലെ ഏഷ്യക്കാർക്കിടയിൽ ഏറെ പ്രശസ്‌തമായിരുന്ന ഇന്ത്യൻ റെസ്റ്റോറന്റ് അടച്ചുപൂട്ടി.

നെയിൽസീയിലെ ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള ‘പോഷ് സ്പൈസ്’ഹോട്ടലിലാണ് ഇമിഗ്രേഷൻ സംഘം റെയ്ഡ് നടത്തിയത്. നിയമവിരുദ്ധമായി വർക്ക് പെർമിറ്റില്ലാതെ ജോലിചെയ്‌ത രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഈ ജീവനക്കാരെ നിയമിച്ചതിന് ഉടമയ്ക്ക് 100,000 പൗണ്ട് പിഴ നൽകുകയും ചെയ്തു. പുതിയ നിയമം മൂലം ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഹോം ഓഫീസ് പിഴ മൂന്നിരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്.

നേരത്തെ ലഭിച്ചിരുന്ന ഇമ്മിഗ്രേഷൻ ജാമ്യം ലംഘിച്ചുവെന്നാരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്യുകയും യുകെ വിടാൻ ആവശ്യപ്പെടുകയും ചെയ്തതായും ഹോം ഓഫീസ് സ്ഥിരീകരിച്ചു. അറസ്‌റ്റിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരെ കണ്ട് റെസ്റ്റോറന്റുകളിൽ നിന്നും ഷോപ്പുകളിൽ നിന്നും നിരവധിപ്പേർ ഓടിപ്പോയതായും ചീഫ് ഇമിഗ്രേഷൻ ഓഫീസർ ഐമി ലാങ്സ്റ്റൺ പറഞ്ഞു. അവർക്കായി കൂടുതൽ തിരച്ചിലുകൾ നടത്തും.

ഫൈൻ അടച്ച് റെസ്റോറന്റ്റ് തുറന്നാലും ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് എല്ലാ മാസവും പോഷ് സ്‌പൈസ് സന്ദർശിച്ച് നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. വെയിൽസിലും വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിലും എൻഫോഴ്‌സ്‌മെന്റ് സന്ദർശനങ്ങൾ 2019 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50% വർധനവാണ്. ഹോം ഓഫീസ് കണക്കനുസരിച്ച്, 220 റെസ്റ്റോറന്റുകളും ടേക്ക്‌അവേകളും പരിശോധിച്ചു.

ഈ വർഷം പിഴയും മൂന്നിരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്, ഒരു അനധികൃത ജീവനക്കാരന് പിഴ 15,000 പൗണ്ടിൽ നിന്ന് 45,000 പൗണ്ടായി ഉയർത്തി. അനധികൃത കുടിയേറ്റക്കാർക്കെതിരെ ഹോം ഓഫീസ് നടപടികൾ ശക്തമാക്കിയതിനെ തുടർന്ന് യുകെയിലെമ്പാടും തിരച്ചിലുകൾ വ്യാപകമാക്കിയിട്ടുണ്ട്.

വിദ്യാർത്ഥി വീസകളിലും സന്ദർശന വീസകളിലും വർക്ക് വീസകളിലുമെത്തി കാലാവധി കഴിഞ്ഞും മുങ്ങി നിൽക്കുന്നവരിൽ നിരവധി മലയാളികളുമുണ്ട്. ഇത്തരക്കാരിൽ കൂടുതൽപ്പേരും ജോലിചെയ്യുന്നത് റെസ്റ്റോറന്റുകളിലും ഓഫ് ലൈസൻസ് ഷോപ്പുകളിലുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.