1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2024

സ്വന്തം ലേഖകൻ: ഒരു ഭാഗത്ത് ജനരോഷം മറുഭാഗത്തു സാമ്പത്തിക പ്രതിസന്ധി . ഇതിനിടെ ബജറ്റ് എങ്ങനെ ജനപ്രിയമാക്കാമെന്ന ആലോചനയിലാണ് ചാന്‍സലര്‍ ജെറമി ഹണ്ട്. സ്വന്തം പാര്‍ട്ടിക്കാരുടെ മുറുമുറുപ്പ് ശക്തമാകുന്നതിനിടെ പൊതുചെലവുകള്‍ക്ക് കത്തിവച്ച് ബജറ്റ് ജനപ്രിയമാക്കുവാനുള്ള ഒരുക്കത്തിലാണ് ചാന്‍സലര്‍. അടുത്ത ആഴ്ച ജെറമി ഹണ്ട് അവതരിപ്പിക്കുന്ന ബജറ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായത് കൊണ്ടുതന്നെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഒഴിവാക്കാനും കഴിയില്ല. എന്നാല്‍ നികുതി കുറയ്ക്കുന്നത് ഉള്‍പ്പെടെ നീക്കങ്ങള്‍ നടത്താന്‍ മറുഭാഗത്ത് പൊതുചെലവുകള്‍ കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ബജറ്റില്‍ ഒരു റൗണ്ട് നികുതി വര്‍ദ്ധനവുകള്‍ കൂടി പ്രഖ്യാപിക്കാനാണ് ഹണ്ട് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പബ്ലിക് സെക്ടര്‍ ചെലവഴിക്കലുകള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് കരുതുന്നത്. 2010 മുതല്‍ 2015 വരെ കാലത്ത് ഡേവിഡ് കാമറൂണ്‍ ഗവണ്‍മെന്റ് നടപ്പാക്കിയ കര്‍ശനമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ക്ക് തുല്യമാകും ഇതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ അടുത്ത ഗവണ്‍മെന്റിന് ഇത് നടപ്പാക്കാന്‍ കഴിയാതെ പോകുകയും, ഇതോടെ നികുതി വര്‍ദ്ധിപ്പിക്കുകയോ, കൂടുതല്‍ കടമെടുക്കാന്‍ നിര്‍ബന്ധിതമാകുകയോ ചെയ്യുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. അടുത്ത ആഴ്ചയിലെ ബജറ്റില്‍ ഇന്‍കം ടാക്‌സ് അല്ലെങ്കില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കുറയ്ക്കാനുള്ള നടപടികളാണ് ഹണ്ട് പ്രഖ്യാപിക്കുക. ഇതോടെ പൊതുചെലവുകളില്‍ നിന്നും ബില്ല്യണുകള്‍ വെട്ടിച്ചുരുക്കും.

ഇതോടെ പല ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും 20 ശതമാനം ബജറ്റ് വിഹിതം കുറയ്ക്കാന്‍ വഴിയൊരുങ്ങുമെന്നാണ് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ കണക്കാക്കുന്നത്. ഹെല്‍ത്ത് ഉള്‍പ്പെടെ ഏതാനും വകുപ്പുകള്‍ മാത്രമാണ് ഇതില്‍ നിന്നും രക്ഷപ്പെടുക. കൂടുതല്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതികളാണ് ഗവണ്‍മെന്റിനുള്ളത്. ഇതോടെ പ്രതിവര്‍ഷം ഹെല്‍ത്ത് വകുപ്പ് ബജറ്റില്‍ 3.6% വര്‍ദ്ധന പ്രതീക്ഷിക്കാം. പ്രതിരോധ മേഖലയ്ക്കും ഈ സുരക്ഷ ലഭിക്കും.

അതേസമയം ബ്രിട്ടീഷ് സര്‍ക്കാര്‍ വിവിധങ്ങളായ നിയന്ത്രണങ്ങള്‍ നടപ്പാക്കിയിട്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന വിദ്യാര്‍ത്ഥി വീസക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. ഈ വര്‍ഷത്തെ പ്രവേശന നടപടികളും ആ കണക്കുകളാണ് കാണിക്കുന്നത്. ആകെ ഇടിവുണ്ടായത് സ്റ്റുഡന്റ് വീസയെന്ന പേരില്‍ ബ്രിട്ടനിലേക്ക് സ്ഥിരമായി കുടിയേറാന്‍ ശ്രമിച്ച മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെയും നൈജീരിയക്കാരുടെയും എണ്ണത്തില്‍ മാത്രമാണ് എന്നതും മറ്റു വഴികള്‍ ആലോചിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകമാണ്.

അടുത്ത നാലു വര്‍ഷം കൊണ്ട് കുടിയേറ്റ നിരക്ക് പ്രതിവര്‍ഷം മൂന്നര ലക്ഷത്തില്‍ എത്തിക്കാനായാല്‍ യുകെയില്‍ ജീവിക്കുന്ന ഓരോ മനുഷ്യര്‍ക്കും വര്‍ഷത്തില്‍ 1100 പൗണ്ടിന്റെ ജീവിത സൗകര്യം മെച്ചപ്പെടുത്താനാകും എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. നിലവിലെ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും കുടിയേറ്റ നിരക്ക് പാതിയാക്കിയാലും രാജ്യം ഉദ്ദേശിക്കുന്ന ഗുണം ലഭിക്കില്ല എന്നാണ് ഇപ്പോള്‍ സര്‍ക്കാരിന് മുന്നില്‍ എത്തിയിട്ടുള്ള പ്രധാന നിര്‍ദേശം, അതിനായി കുടിയേറ്റ നിരക്ക് ഒന്നരലക്ഷം എന്ന സംഖ്യയിലേക്ക് താഴ്ത്തി എടുക്കണം എന്ന നിര്‍ദേശവും കര്‍ക്കശ ഭാഷയില്‍ സര്‍ക്കാരിനെ തേടി എത്തിയിരിക്കുകയാണ്. അടുത്ത മാസം പാര്‍ലിമെന്റില്‍ ധനസെക്രട്ടറി അവതരിപ്പിക്കുന്ന ബജറ്റിന് മുന്നോടിയായി ഗ്രോത്ത് കമ്മീഷന്‍ തയ്യാറാക്കിയ ദീര്‍ഘകാല വളര്‍ച്ച പദ്ധതിയിലാണ് ഇത് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് ഒഴിവാക്കുന്നത് അടക്കമുള്ള വിപ്ലവകരമായ മാറ്റങ്ങളും ഈ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ബ്രിട്ടനെ എങ്ങനെ ഭാവിയിലേക്ക് വേണ്ടി പരുവപ്പെടുത്താം എന്ന ചിന്തയില്‍ മുന്‍ പ്രധാനമന്ത്രി ലിസ് ട്രേസ് നിയമിച്ചതാണ് ഈ ഗ്രോത് കമ്മീഷന്‍. കുടിയേറ്റ കണക്കില്‍ കുറവ് വരുത്തിയാല്‍ ബ്രിട്ടനിലെ ജീവിത നിലവാരം മെച്ചപ്പെടുത്താനാകും എന്നാണ് കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശയിലെ പ്രധാന വസ്തുത. അടുത്ത മാസം ആറിന് പാര്‍ലിമെന്റില്‍ ജെറമി ഹണ്ട് അവതരിപ്പിക്കുന്ന ബജറ്റില്‍ തിരഞ്ഞെടുപ്പ് വര്‍ഷം എന്ന നിലയില്‍ ജനങ്ങള്‍ക്ക് നേരിട്ട് നേട്ടം ലഭിക്കുന്ന ആദായ നികുതി ഇളവ് ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരിക്കെയാണ് മറ്റു നികുതികള്‍ വെട്ടിക്കുറയ്ക്കാന്‍ ആലോചിക്കണം എന്ന ശുപാര്‍ശ ഗ്രോത് കമ്മിഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ആശുപത്രികള്‍, സ്‌കൂളുകള്‍, പൊതു ഗതാഗത സൗകര്യം, ജനങ്ങളുടെ താമസ സൗകര്യം എന്നിവയില്‍ ഒക്കെ വിമ്മിട്ടം അനുഭവപ്പെടുന്ന അവസ്ഥ സമീപകാല ബ്രിട്ടീഷ് ജീവിതത്തില്‍ സൃഷ്ടിക്കുന്ന വീര്‍പ്പുമുട്ടലുകള്‍ സര്‍ക്കാരില്‍ കണക്കുകള്‍ സഹിതം സമര്‍പ്പിച്ചിരിക്കുകയാണ് ഗ്രോത് കമ്മീഷന്‍. അടുത്ത 20 വര്‍ഷത്തേക്ക് ബ്രിട്ടന്റെ സാമ്പത്തിക ഭാവി എന്ന ചിന്തയിലാണ് കമ്മീഷന്‍ കണക്കുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. കുടിയേറ്റം നേര്‍ പാതിയായി വെട്ടികുറയ്ക്കുക എന്ന അത്യന്തം ദുഷ്‌കരമായ പദ്ധതിയാണ് കമ്മീഷന്റെ ഏറ്റവും പ്രാധാന്യമുള്ള നിര്‍ദേശം. ഉയര്‍ന്ന കുടിയേറ്റം ബ്രിട്ടന്റെ ജനസംഖ്യ കണക്കെടുപ്പുകള്‍ താളം തെറ്റിച്ചെന്നും വീടുകള്‍ കിട്ടാനില്ലാത്ത അവസ്ഥ പുകയുന്ന അഗ്‌നിപര്‍വതം കണക്കെ നീറികൊണ്ടിരിക്കുക ആണെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.