
സ്വന്തം ലേഖകൻ: യുകെയിൽ വിദേശത്തു നിന്നെത്തുന്നവർക്ക് പിസിആർ ഒഴിവാക്കി. ഈ മാസം 24 മുതൽ വിദേശങ്ങളിൽനിന്നും മടങ്ങിയെത്തുന്ന യാത്രക്കാർക്ക് രണ്ടാം ദിവസത്തെ ചിലവേറിയ പിസിആർ പരിശോധനയ്ക്കു പകരം ലാറ്ററൽ ഫ്ലോ ടെസ്റ്റ് മാത്രം നടത്തിയാൽ മതിയാകും. ഇതിൽ പോസിറ്റീവാകുന്നവർ മാത്രം വീണ്ടും സെൽഫ് ഐസൊലേഷന് വിധേയരായി സൗജന്യമായി പിസിആർ ടെസ്റ്റ് ചെയ്ത് രോഗമുണ്ടോ എന്ന് ഉറപ്പുവരുത്തണം.
ഒക്ടോബറിൽ സ്കൂൾ അവധിക്കാലത്ത് നാട്ടിലേക്കും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും യാത്രപോകാനിരിക്കുന്നവർക്ക് സർക്കാരിന്റെ പുതിയ തീരുമാനം നൽകുന്ന ആശ്വാസം ചെറുതല്ല. വിദേശയാത്ര ചെയ്യുന്ന ഒരു നാലംഗ കുടുബത്തിന് ഏകദേശം 250 പൗണ്ടോളം ലാഭമുണ്ടാക്കുന്ന തീരുമാനമാണിത്. ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സാണ് പുതിയ യാത്രാ ഇളവുകൾ പ്രഖ്യാപിച്ചത്. പുതിയ തീരുമാനം യാത്രാമേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജോലിയ്ക്കായും കുടുംബാംഗങ്ങളെ സന്ദർശിക്കാനും വിനോദയാത്രയ്ക്കുമായി വിദേശങ്ങളിൽ പോകുന്നവർക്ക് കൂടുതൽ സൗകര്യപ്രദവും സുഖകരവുമായ യാത്ര ഉറപ്പുവരുത്താനാണ് പുതിയ തീരുമാനമെന്ന് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദും വ്യക്തമാക്കി. ഇംഗ്ലണ്ടിലെ ഇളവുകൾ അതേപടി സ്കോട്ട്ലൻഡിലും വെയിൽസിലും നോർത്തേൺ അയർലൻഡിലും പ്രാബല്യത്തിലാകുന്നില്ല. അവിടങ്ങളിൽ പ്രാദേശിക ഭരണകൂടങ്ങളാകും യാത്രാ ഇളവുകളിൽ മാറ്റം വരുത്തുക.
ഇംഗ്ലണ്ടിലെ നിലവിലുള്ള നിയമപ്രകാരം വിദേശത്തുനിന്നും മടങ്ങിയത്തുന്ന എല്ലാവരും രണ്ടാം ദിവസം പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. ഈ പരിശോധന യാത്രയ്ക്കു മുമ്പ് ബുക്കുചെയ്ത് അതിന്റെ റഫറൻസ് നമ്പർ പാസഞ്ചർ ലൊക്കേറ്റർ ഫോമിൽ രേഖപ്പെടുത്തുകയും വേണം. 75 പൗണ്ട് ചെലവുവരുന്ന ഈ നടപടിയാണ് സർക്കാരിന്റെ പുതിയ തീരുമാനത്തോടെ റദ്ദാക്കപ്പെടുന്നത്.
ഈ മാസം 22 മുതൽ യാത്രക്കാർക്ക് ലാറ്ററൽ ഫ്ലോ ടെസ്റ്റ് കിറ്റുകൾ ബുക്കുചെയ്യാം. GOV.UK എന്ന സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുുന്ന അംഗീകൃത വിതരണക്കാരിൽനിന്നും കിറ്റുകൾ സ്വന്തമാക്കാം. എൻഎച്ച്എസ് ടെസ്റ്റ് ആൻഡ് ട്രേസ് സംവിധാനത്തിന്റെ ഭാഗമായി സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും മറ്റും വിതരണം ചെയ്യുന്ന സൗജന്യ ലാറ്ററൽ ഫ്ലോ കിറ്റുകൾ രാജ്യാന്തര യാത്രകൾക്കായി ഉപയോഗിക്കാൻ പാടില്ലെന്ന് പ്രത്യേകം നിർദേശമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല