
സ്വന്തം ലേഖകൻ: അടുത്തമാസം മുതല്‍ യുകെയിലേക്ക് വരാന്‍ നടപടികള്‍ ലളിതമാകും. പ്ലാന്‍ ബി വിലക്കുകള്‍ 26 ന് തന്നെ അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിദേശ യാത്ര നടത്തുന്ന സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ യാത്രക്കാര്‍ക്ക് മടങ്ങിവരവില്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ജനുവരി 26ന് പ്ലാന്‍ ബി വിലക്കുകള്‍ നീക്കാന്‍ പ്രധാനമന്ത്രി തീരുമാനിക്കുമെന്നാണ് കരുതുന്നത്.
ഇതോടൊപ്പം ടെസ്റ്റിംഗ് നിയമങ്ങളിലെയും മാറ്റങ്ങള്‍ പ്രഖ്യാപിക്കാനാണ് സാധ്യത. രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്തെ എല്ലാ കോവിഡ് വിലക്കുകളും അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദിന്റെ പ്രതീക്ഷ. രാജ്യത്തെ കോവിഡ് കണക്കുകള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് ജാവിദ് പറയുന്നു. പിസിആര്‍ ടെസ്റ്റുകള്‍ അവസാനിപ്പിച്ച ശേഷം നിരവധി കുടുംബങ്ങള്‍ ഹാഫ് ടേം ഹോളിഡേ ബുക്ക് ചെയ്യുന്നുണ്ട്. നാല് പേരടങ്ങുന്ന കുടുംബത്തിന് 300 പൗണ്ടാണ് ഇതുവഴി ലാഭം.
ജനുവരി അവസാനത്തോടെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ യാത്രക്കാര്‍ക്കുള്ള എല്ലാ കോവിഡ് ടെസ്റ്റുകളും നീക്കാനാണ് ആലോചിക്കുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയുമായി ബന്ധമുള്ള സ്രോതസ് ടൈംസിനോട് പറഞ്ഞു. പുതിയ ഇളവുകള്‍ കുടുംബങ്ങള്‍ക്ക് മേലുള്ള സാമ്പത്തിക സമ്മര്‍ദം ചുരുക്കുമെന്നാണ് പ്രതീക്ഷ.
ഇടവേളയ്ക്കു ശേഷം യുകെയിലെ പ്രതിദിന കോവിഡ് കേസുകള്‍ കഴിഞ്ഞ ദിവസം ഒരു ലക്ഷത്തില്‍ താഴെയെത്തിയിരുന്നു. ഇംഗ്ലണ്ടിലെ എല്ലാ മേഖലകളിലും കോവിഡ് കേസുകള്‍ താഴുന്നുവെന്നാണ് സൂചന. കൂടാതെ നാല് ഹോം നേഷണുകളിലും കേസുകള്‍ ഒരു പോലെ താഴേക്ക് പോകുന്ന സാഹചര്യത്തില്‍ ഒമിക്രോണ്‍ തരംഗം കെട്ടടങ്ങുന്നുവെന്നാണ് വിലയിരുത്തല്‍ . ദൈനംദിന ആശുപത്രി പ്രവേശനങ്ങളും കുറഞ്ഞ നിലയിലാണ്.
കഴിഞ്ഞ ജനുവരിയിലെ രണ്ടാം തരംഗവുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ചിരട്ടി കുറവാണ് ഇപ്പോഴത്തെ മരണങ്ങള്‍. അതേസമയം സമ്മറില്‍ കോവിഡ് കേസുകളും, ആശുപത്രി പ്രവേശനങ്ങളും വര്‍ദ്ധിക്കുമെന്നാണ് സേജ് ഗ്രൂപ്പിന്റെ പ്രവചനം.
സമ്മറില്‍ തരംഗം കൃത്യമായി പ്രവചിക്കാന്‍ കഴിയില്ലെങ്കിലും ആളുകളുടെ സമ്പര്‍ക്കം വര്‍ദ്ധിക്കുകയും, വാക്‌സിന്‍ പ്രതിരോധം കുറയുകയും ചെയ്യുമ്പോള്‍ കേസുകള്‍ ഉയരുമെന്നാണ് മോഡലിംഗ് വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല