1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2021

സ്വന്തം ലേഖകൻ: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിർത്തലാക്കിയ ഇന്ത്യ-യുകെ വ്യോമഗതാഗതം പുനരാരംഭിക്കുകയാണ്. ജനുവരി ആറ് മുതൽ ഇന്ത്യയിൽ നിന്ന് യുകെയിലേക്കും എട്ട് മുതൽ തിരിച്ചും വിമാന സർവീസുകൾ ആരംഭിക്കും. ഇതിന് മുന്നോടിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയം യാത്രക്കാർക്കുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസിജ്യർ (എസ്ഒപി) പ്രസിദ്ധീകരിച്ചു.

ജനുവരി 8 2021 മുതൽ വിമാനങ്ങൾ ഇന്ത്യയിൽ നിന്ന് യുകെയിലേക്കും യുകെയിൽ നിന്ന് തിരികെയും സർവീസ് തുടങ്ങും. ജനുവരി 23 വരെ ആഴ്ചയിൽ 15 ഫ്ലൈറ്റുകൾ മാത്രമേ സർവീസ് നടത്തൂ. ദില്ലി, മുംബൈ, ബെംഗളുരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്ക് മാത്രമേ സർവീസുകളുണ്ടാകൂ.

ഡിസംബർ 23ന് യാത്ര ചെയ്യാനായി ബുക്ക് ചെയ്ത യാത്രക്കാരാണ് യുകെയിൽ നിന്ന് ആദ്യം പുറപ്പെടുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. നേരത്തെ യുകെയിൽ നിന്നുള്ള വിമാനങ്ങൾ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നെങ്കിലും പ്രത്യേക സാഹചര്യത്തിൽ നാല് നഗരങ്ങളിലേക്ക് മാത്രം സർവീസ് നടത്താനാണ് തീരുമാനം. മറ്റ് നഗരങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ ഈ നാല് ഹബുകളിൽ നിന്ന് കണക്റ്റിംഗ് ഫ്ലൈറ്റുകൾ ബുക്ക് ചെയ്യേണ്ടതുണ്ട്.

ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലെത്തുന്നവർ പാലിക്കേണ്ട മാർഗനിർദേശങ്ങളിൽ പ്രധാനം യാത്രയ്ക്ക് മുമ്പ് 14 ദിവസത്തെ ട്രാവൽ ഹിസ്റ്ററി കാണിക്കുന്ന സെൽഫ് ഡിക്ലറേഷൻ ഫോം ഓൺലൈനായി സമർപ്പിക്കണം എന്നതാണ്. യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് വേണം ഇത് ചെയ്യാൻ. യാത്രക്കാരുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് വിമാനകമ്പനികൾ ഉറപ്പാക്കണം. നാട്ടിലെത്തിയാലുടൻ സ്വന്തം ചെലവിൽ ആർടിപിസിആർ പരിശോധന നടത്തണം. പരിശോധനയിൽ നെഗറ്റീവായാലും 14 ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യുഷണൽ ക്വാറന്റൈൻ പൂർത്തിയാക്കണം.

ഇത്തരത്തിൽ ബ്രിട്ടനിൽ നിന്ന് വരുന്ന ഒരു യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചാൽ അതാത് സംസ്ഥാന അതോറിറ്റി ഒരുക്കുന്ന പ്രത്യേക ക്വാറന്റൈനിൽ കഴിയണം. ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസാണ് സ്ഥിരീകരിക്കുന്നതെങ്കിൽ പ്രത്യേക ക്വാറന്റൈനിൽ തുടരണം. അല്ലായെങ്കിൽ വീടുകളിലാണെങ്കിലും ക്വാറന്റൈൻ പൂർത്തിയാക്കിയാൽ മതിയാകും. കൊവിഡ് ഫലം നെഗറ്റീവാകുന്നതുവരെ ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.