1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2021

സ്വന്തം ലേഖകൻ: ദീപാവലി ആഘോഷത്തിൻ്റെ ശോഭയിൽ യുകെ. വെള്ളിയാഴ്ച ആരംഭിക്കുന്ന ദീപാവലി വെടിക്കെട്ട് വാരാന്ത്യം മുഴുവൻ നീണ്ടുനിൽക്കും. ഇന്ത്യക്കാർ ഏറെയുള്ള ലണ്ടൻ, ലെസ്റ്റർ, മാഞ്ചസ്റ്റർ, ബർമിങ്ങാം, കവട്രി, ബ്രിസ്റ്റോൾ തുടങ്ങിയ വൻ നഗരങ്ങളിലാകും ആഘോഷം പൊടിപൊടിക്കുക. സൂപ്പർ മാർക്കറ്റുകളിൽ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾക്കും ഫയർവർക്കുകൾക്കുമായി പ്രത്യേകം ഷെൽഫുകൾ തന്നെ തുറന്നു.

കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞവർഷം ബ്രിട്ടനിൽ ദീപാവലി ആഘോഷങ്ങൾ ഇല്ലായിരുന്നു. എന്നാൽ ഇക്കുറി കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ പൂർവാധികം ആവേശത്തോടെയാണ് ആളുകൾ ദീപാവലിയെ വരവേൽക്കുന്നത്. കുടുംബങ്ങളിൽ ഒത്തുചേർന്നും കമ്മ്യൂണിറ്റി ഹാളുകളിൽ സംഘടിച്ചും രാവേറെ നീളുന്ന ആഘോഷങ്ങൾക്കാണ് വിവിധ കൂട്ടായ്മകളും സംഘടനകളും ഒരുങ്ങുന്നത്.

ദീപാവലി ആഘോഷിക്കുന്ന ബ്രിട്ടീഷ് ഇന്ത്യൻ സമൂഹത്തിന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിഡിയോ സന്ദേശത്തിലൂടെ ആശംസകൾ അർപ്പിച്ചു. ലെസ്റ്റർ ഗോൾഡൻ മൈൽസിലെ ദീപാലങ്കാരങ്ങളും സമോസയുടെയും ഇന്ത്യൻ മധുരങ്ങളുടെയും രുചിവർണനയും ദീപാവലിക്കു പിന്നിലെ ഐതിഹ്യകഥയും എല്ലാം എടുത്തുപറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.

ദീപാവലി ആഘോഷങ്ങൾ പുതിയ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും തുടക്കമാകട്ടെ എന്നാശംസിച്ച പ്രധാനമന്ത്രി ഇന്ത്യൻ സമൂഹം രാജ്യത്തിനായി നൽകുന്ന സേവനങ്ങളെ പ്രകീർത്തിച്ചു. ഇന്ത്യൻ ബിസിനസുകാരും ശാസ്ത്രജ്ഞരും എൻഎച്ച്എസ്, പൊലീസ്, സായുധസേനകൾ എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരുമെല്ലാം രാജ്യത്തെ കൂടുതൽ ശക്തവും സുരക്ഷിതവും ഐശ്വര്യ സമൃദ്ധവുമാക്കുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.

അറുപതു ലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള ബ്രിട്ടനിൽ ക്രിസ്മസ് കഴിഞ്ഞാൽ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായി ദീപാവലി മാറിക്കഴിഞ്ഞു. ബ്രിട്ടനിലെ രണ്ടുലക്ഷത്തിലേറെ വരുന്ന മലയാളി സമൂഹവും ദീപാവലി ആഘോഷത്തിന്റെ ലഹരിയിലാണ്.

അതിനിടെ ഇന്ത്യക്കാർക്ക് ദീപാവലി സമ്മാനമായി ഗാന്ധിജിയുടെ പേരിൽ നാണയമിറക്കിയും സർക്കാർ കൈയ്യടി നേടി. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ചാൻസിലർ ഋഷി സുനാക്കാണ് ഇന്നലെ റോയൽ മിന്റ് പുറത്തിറക്കിയ നാണയം പ്രകാശനം ചെയ്തത്. ദീപാവലി കളക്ഷന്റെ ഭാഗമായി ലക്ഷ്മീദേവിയുടെ ചിത്രം ആലേഖനം ചെയ്ത ഗോൾഡ് ബാറും ഇന്നലെ റോയൽ മിന്റ് പുറത്തിറക്കി.

ഹീനാ ഗ്ലോവർ ഡിസൈൻ ചെയ്ത അഞ്ചുപൗണ്ടിന്റെ ഗാന്ധി നാണയത്തിൽ ഇന്ത്യൻ ദേശീയ പുഷ്പമായ താമരയുടെ ചിത്രത്തോടൊപ്പം എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന വിശ്വപ്രസിദ്ധമായ ഗാന്ധിജിയുടെ വാക്യങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. ഗോൾഡ്, സിൽവർ മോഡലുകളിലുള്ള കളക്ടേഴ്സ് എഡിഷനാണ് ഈ ഗാന്ധി നാണയം.

ലോകത്തെയാകെ സ്വാധീനിച്ച മഹാനായ നേതാവിനുള്ള ശ്രദ്ധാഞ്ജലിയാകും ഈ നാണയമെന്ന് ഋഷി സുനാക് പറഞ്ഞു. ഹിന്ദുമതവിശ്വാസിയായ തനിക്ക് ദീപാവലി നാളിൽ ഈ നാണയം പുറത്തിറക്കാനായതിൽ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.