1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2021

സ്വന്തം ലേഖകൻ: യുകെയിൽ ആശങ്ക പരത്തി ഇന്ത്യൻ വകഭേദത്തിൻ്റെ വ്യാപനം. വൈറസിൻ്റെ അതിവ്യാപന ശേഷിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് സർക്കാർ വൃത്തങ്ങൾ വേരിയന്റിനെ കൈകാര്യം ചെയ്യുന്നതിനായി പ്രാദേശിക നിയന്ത്രണങ്ങൾ വരുത്തുന്നത് തള്ളിക്കളയാനാവില്ലെന്ന് സൂചന നൽകി. ആവശ്യമെങ്കിൽ സാമ്പത്തികവും സാമൂഹികവുമായ നിയന്ത്രണങ്ങൾ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ വീണ്ടും നടപ്പാക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.

വ്യാപനം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിൽ ചില ആളുകൾക്കായി വാക്സിൻ ബൂസ്റ്റർ ഡോസുകൾ ഉൾപ്പെടെ പ്രതിരോധ നടപടികളിൽ ഉൾപ്പെടാം. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൻ്റെ കണക്കുകൾ പ്രകാരം ഇന്ത്യൻ വേരിയന്റിൻ്റെ 1,313 കേസുകൾ യുകെയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് 5 വരെ പി‌എച്ച്ഇ രേഖപ്പെടുത്തിയ 520 കേസുകളുടെ ഇരട്ടിയാണ് വ്യാഴാഴ്ച പുറത്തുവിട്ട ഈ കണക്കുകൾ.

എന്നാൽ ഈ വകഭേദം രോഗത്തിന്റെ തീവ്രതയെ കൂടുതൽ സ്വാധീനിക്കുകയോ വാക്സിൻ ഫലങ്ങളെ ബാധിക്കുകയോ ചെയ്യുന്നുവെന്ന് തെളിയിക്കാൻ ഇതുവരെ വ്യക്തമായ തെളിവുകളൊന്നുമില്ല. വാക്‌സിനെ ചെറുക്കാൻ കഴിയുന്ന ഒരു വകഭേദത്തിൻ്റെ അതിതീവ്ര വ്യാപനം ഉറപ്പായാൽ പ്രാദേശിക തലത്തിൽ സാമ്പത്തികവും സാമൂഹികവുമായ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തുന്നത് സർക്കാരിന് തള്ളിക്കളയാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന പ്രദേശങ്ങളെ സർക്കാർ പിന്തുണയ്ക്കുന്നുണ്ടെന്നും ജാഗ്രത തുടരാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു. സ്ഥിതിഗതികൾ തങ്ങൾ വളരെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയാണെന്നും ആവശ്യമെങ്കിൽ തുടർനടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രാദേശിക നിയന്ത്രണങ്ങൾ വീണ്ടും കൊണ്ടുവരുന്ന കാര്യം തള്ളിക്കളഞ്ഞിരുന്നില്ല. ഇത് ആശങ്ക പരത്തുന്ന ഒരു വകഭേദമാണ്, തങ്ങൾ ഇതിനെക്കുറിച്ച് ആശങ്കയിലാണെന്നും എന്നാൽ നിലവിൽ ആസൂത്രിതമായി മുന്നോട്ട് പോകുന്ന റോഡ്മാപ്പിനെ അത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിലെ അടുത്ത പ്രധാന ലോക്ക്ഡൗൺ ഇളവുകൾ മെയ് 17 മുതൽ പ്രാബല്യത്തിൽ വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.