
സ്വന്തം ലേഖകൻ: യുകെയിൽ അടുത്ത രണ്ട് വര്‍ഷം പണപ്പെരുപ്പം സൃഷ്ടിക്കുന്ന ആഘാതം വലുതായിരിക്കുമെന്ന് മുന്നറിയിപ്പ്. പലിശ നിരക്കായും ബില്ലുകളായും വിലക്കയറ്റമായും അത് കുടുംബ ബജറ്റിൻ്റെ താളം തെറ്റിക്കുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. 2023ഓടെ പണപ്പെരുപ്പം 2 ശതമാനം കൂടി, കുടുംബങ്ങള്‍ കൂടുതൽ ദുരിതം പേറേണ്ടി വരുമെന്നും സാമ്പത്തിക വിദഗ്ദർ പ്രവചിക്കുന്നു.
സ്ഥിതിഗതികളില്‍ ഖേദമുണ്ടെങ്കിലും ഉയര്‍ന്ന എനര്‍ജി ബില്ലുകൾ ഒരു സാധാരണ കാര്യമായി മാറുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി ഓർമ്മിപ്പിക്കുന്നു. “പണപ്പെരുപ്പം ആളുകളുടെ കുടുംബ വരുമാനം പിടിച്ചെടുക്കുന്നതാണ്. വിലകള്‍ ഉയരുന്നതിന്റെ പ്രത്യാഘാതം അവര്‍ അനുഭവിക്കുന്നുണ്ടെന്ന് ഉറപ്പാണ്. ഇതില്‍ ഖേദമുണ്ട്,“ ഗവർണർ ബിബിസിയോട് പറഞ്ഞു.
എനര്‍ജി ചെലവുകൾ, പ്രത്യേകിച്ച് ഗ്യാസ് വില, പണപ്പെരുപ്പത്തിന് പിന്നിലെ പ്രധാന ഘടകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നെറ്റ് സീറോ ലക്ഷ്യത്തിലേക്ക് ലോകം നീങ്ങുന്നതിനാല്‍ ഇത് ഉയര്‍ന്ന നിലയില്‍ തുടരുമെന്നും ബെയ്‌ലി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗ്യാസിന്റെ വില 400% മാണ് ഉയര്‍ന്നത്. പണപ്പെരുപ്പത്തോടൊപ്പം, ഉയരുന്ന നികുതികളുമാണ് വരും മാസങ്ങളില്‍ കുടുംബങ്ങളുടെ വരുമാനത്തെ പിഴിയുകയെന്ന് ബാങ്ക്‌സ് മോണിറ്ററി പോളിസി കമ്മിറ്റിയും പ്രവചിക്കുന്നു.
2023ലെ പ്രധാന തിരിച്ചടി നികുതി വര്‍ദ്ധനവില്‍ നിന്നുമാകും. യുകെയിലെ ശരാശരി ഭവന വില ഒക്ടോബറില്‍ 270,027 പൗണ്ടെന്ന ഉയര്‍ന്ന റെക്കോര്‍ഡില്‍ എത്തിച്ചേര്‍ന്ന സമയത്താണ് ഗവര്‍ണറുടെ പ്രതികരണം വരുന്നത്. പലിശ നിരക്ക് വരുംമാസങ്ങളില്‍ ഉയരുമെന്നും ബെയ്‌ലി വ്യക്തമാക്കി. ഫര്‍ലോ സ്കീം അവസാനിച്ചതിന്റെയും, എനര്‍ജി വിലയുടെയും പ്രത്യാഘാതം പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. യുകെയുടെ ഈ വര്‍ഷത്തെ വളര്‍ച്ചാനിരക്ക് 7.5 ശതമാനത്തില്‍ നിന്നും 7ലേക്കും, അടുത്ത വര്‍ഷം 6 ശതമാനത്തില്‍ നിന്നും 5ലേക്കും ചുരുങ്ങുമെന്നാണ് പ്രവചനം.
എനര്‍ജി ബില്ലുകളും നികുതിയും വര്‍ദ്ധിക്കുന്നതിന് പുറമെയാണ് അടുത്ത ഏപ്രില്‍ മുതല്‍ കൗണ്‍സില്‍ ടാക്‌സും കൂടും. പണപ്പെരുപ്പവും, ഉയര്‍ന്ന ടാക്‌സും ചേര്‍ന്ന് മധ്യ വരുമാനത്തിലുള്ളവര്‍ക്ക് ലഭിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ശമ്പള വര്‍ദ്ധനവിന്റെ ഗുണം ഇല്ലാതാക്കുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസിന്റെ റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം മധ്യ വരുമാനക്കാര്‍ക്ക് 180 പൗണ്ട് കൂടുതല്‍ നഷ്ടം വരുമെന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഈ പാര്‍ലമെന്റിന്റെ അവസാനത്തില്‍ ശരാശരി കുടുംബങ്ങള്‍ക്കുള്ള നികുതി ബില്‍ 3000 പൗണ്ട് വര്‍ദ്ധിക്കുമെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ തിങ്ക് ടാങ്കും മുന്നറിയിപ്പ് നല്‍കി. 1950ന് ശേഷമുള്ള ഉയര്‍ന്ന നികുതി ഭാരത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന സൂചനയാണ് ബജറ്റിനൊപ്പമുള്ള നികുതിഭാരം വ്യക്തമാക്കുന്നത്. ജീവിതച്ചെലവ് 30 വര്‍ഷത്തിനിടെയുള്ള അതിവേഗ നിരക്ക് വര്‍ദ്ധന പ്രതീക്ഷിക്കാമെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിളിറ്റി മുന്നറിയിപ്പ് നല്‍കി.
പണപ്പെരുപ്പം 2022ല്‍ 4 ശതമാനത്തിന് അരികിലേക്ക് ഉയരുമെന്നും ഒബിആര്‍ വ്യക്തമാക്കി. മാര്‍ച്ചിലെയും, ഒക്ടോബറിലെയും ബജറ്റുകള്‍ വഴി സുനാക് 1993ലെ ബ്ലാക്ക് വെനസ്‌ഡേയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ സിംഗിള്‍-ഇയര്‍ ടാക്‌സ് വര്‍ദ്ധനവാണ് നടപ്പാക്കിയത്. പാര്‍ലമെന്റ് അവസാനിക്കുന്ന ഘട്ടത്തിലേക്ക് എത്തുമ്പോഴേക്കും ഇത് 1951ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നികുതി ഭാരമായി മാറും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല