1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2022

സ്വന്തം ലേഖകൻ: യുകെയില്‍ ഭക്ഷ്യപണപ്പെരുപ്പം 5.3% ഉയര്‍ന്നു. പഴങ്ങള്‍ക്കും, പച്ചക്കറികള്‍ക്കും 30 ശതമാനം വിലകൂടി . സ്പാനിഷ് ട്രക്കര്‍മാരുടെ സമരം കൂടി തുടങ്ങിയതോടെ തക്കാളി മുതല്‍ കുരുമുളക് വരെയുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ വിതരണം തടസപ്പെട്ടു. സണ്‍ഫ്‌ളവര്‍ ഓയിലിന്റെ ലഭ്യത കുറഞ്ഞതോടെ ക്രിസ്പ്, ചിപ്‌സ് എന്നിവ ഉത്പാദിപ്പിക്കുന്ന നിര്‍മ്മാതാക്കളും ദുരിതത്തിലായി.

യുകെയിലെ ഭവനങ്ങള്‍ തുടര്‍ച്ചയായി സാമ്പത്തിക തിരിച്ചടി നേരിടുന്നതിനാല്‍ ജനജീവിതം പ്രതിസന്ധി നേരിടുകയാണ്. ബ്രിട്ടനിലെ ജനങ്ങളുടെ വരുമാനത്തില്‍ ചരിത്രപരമായ ‘ഷോക്ക്’ നേരിടുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

പണപ്പെരുപ്പം 30 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്, കഴിഞ്ഞ മാസം ഇത് 6.2 ശതമാനത്തില്‍ എത്തിയിരുന്നു. സ്പ്രിംഗ് സീസണില്‍ ഇത് വീണ്ടും ഉയര്‍ന്ന് എട്ട് ശതമാനത്തില്‍ എത്തുമെന്നാണ് മുന്നറിയിപ്പ്. പഴങ്ങള്‍ക്കും, പച്ചക്കറികള്‍ക്കും കാല്‍ശതമാനത്തോളമാണ് വിലവര്‍ദ്ധനവെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സ്പാനിഷ് ലോറി ഡ്രൈവര്‍മാരുടെ സമരം സാലഡ് പച്ചക്കറികളുടെയും, തക്കാളി, കുരുമുളക്, ലെറ്റൂസ് തുടങ്ങിയവയുടെയും ബ്രിട്ടനിലെ സപ്ലൈയെ ബാധിച്ചിട്ടുണ്ട്. സണ്‍ഫ്‌ളവര്‍ ഓയില്‍ ലഭ്യത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രതിസന്ധിയിലാകുമെന്ന് യുകെയിലെ ഏറ്റവും വലിയ കുക്കിംഗ് ഓയില്‍ ബോട്ട്‌ലര്‍ വ്യക്തമാക്കി.

ഇതോടെ സണ്‍ഫ്‌ളവര്‍ ഓയില്‍ ഉപയോഗിക്കുന്ന വിവിധ ഉത്പന്നങ്ങളുടെ ലഭ്യതയെ ഇത് ബാധിക്കുമെന്നാണ് ആശങ്ക. വിവിധ ഉത്പന്നങ്ങള്‍ക്ക് 50 മുതല്‍ 70 ശതമാനം വില വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഭക്ഷ്യ പണപ്പെരുപ്പം 5.3 ശതമാനത്തില്‍ എത്തിയെന്നാണ് ഈയാഴ്ച പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. പാല്‍, ഫ്രഷ് മാംസം, കോഫി എന്നിവയുടെ വില കുത്തനെ ഉയര്‍ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.