
സ്വന്തം ലേഖകൻ: യുകെയിൽ കോവിഡ് ബാധിതർക്കുള്ള ഐസൊലേഷന്‍ കാലയളവ് പത്തില്‍ നിന്നും ഏഴായി ചുരുക്കി. കോവിഡ് പോസിറ്റീവായി കണ്ടെത്തിയവര്‍ക്ക് ഏഴ് ദിവസത്തിന് ശേഷം ക്വാറന്റൈന്‍ അവസാനിപ്പിക്കാമെന്ന് ഹെല്‍ത്ത് മേധാവികള്‍ വ്യക്തമാക്കി. സമയപരിധി അവസാനിക്കുമ്പോള്‍ രണ്ട് ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റുകള്‍ എടുക്കുന്നവര്‍ക്കാണ് ഈ ഇളവ്.
ഇതോടെ കൊറോണ ബാധിച്ചതിന്റെ പേരില്‍ ക്രിസ്മസ് കാലത്തു ഒറ്റയ്ക്ക് കഴിയേണ്ടിവന്ന 280,000ലേറെ പേര്‍ക്ക് കുടുംബത്തോടൊപ്പം ആഘോഷ പരിപാടികളില്‍ പങ്കെടുക്കാം. ഇന്‍ഫെക്ഷന്‍ പിടിപെട്ട രോഗികള്‍ ഐസൊലേഷന്‍ കാലയളവിലെ ആറാം ദിനവും, ഏഴാം ദിനവും 24 മണിക്കൂര്‍ വ്യത്യാസത്തില്‍ ടെസ്റ്റുകള്‍ക്ക് വിധേയമാകണമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറയുന്നു. ഇത് നെഗറ്റീവായാല്‍ ക്വാറന്റൈനും അവസാനിപ്പിക്കാം.
ഇതോടെ ഡിസംബര്‍ 15ന് പോസിറ്റീവായ 102,875 പേരും, അടുത്ത ദിവസം പോസിറ്റീവായി കണ്ടെത്തിയ 95,058 പേരും, ഡിസംബര്‍ 17ന് പോസിറ്റീവായ 82,945 പേരും പുതിയ നിയമങ്ങള്‍ വരുന്നതോടെ ടെസ്റ്റ് നടത്താന്‍ തയ്യാറായാല്‍ ക്രിസ്മസിന് സ്വതന്ത്രരാകും. എന്‍എച്ച്എസിനും ഈ ഇളവുകള്‍ നേട്ടമാണ്. വൈറസ് ബാധിച്ചാല്‍ 10 ദിവസം ഐസൊലേഷനിലാകുന്നത് മൂലം നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ക്ഷാമം രൂക്ഷമായിരുന്നു.
ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ ആശങ്കാകുലരായിരുന്നു. നിയമം മാറുന്നതോടെ ഇവര്‍ക്കും നേരത്തെ ജോലിക്കെത്താം. എന്നാല്‍ വാക്‌സിനെടുക്കാതെ കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് 10 ദിവസത്തെ സെല്‍ഫ് ഐസൊലേഷന്‍ തുടരും. വൈറസ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്ന ദിനം മുതല്‍ പരിശോധിച്ചാണ് ഇത് നടപ്പാക്കുക. ഒമിക്രോണ്‍ വ്യാപനം എന്‍എച്ച്എസിനെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ കൂടിയാണ് ഐസൊലേഷന്‍ മൂന്നു ദിവസങ്ങള്‍ കുറയ്ക്കാനുള്ള തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല