സ്വന്തം ലേഖകൻ: വാഗ്ദാനം ചെയ്ത ശമ്പള വർധനവ് മതിയാകില്ലന്ന് അറിയിച്ചു കൊണ്ട് യുകെയിലെ ജൂനിയർ ഡോക്ടർമാർ വീണ്ടും പണിമുടക്കുമെന്ന് ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) അറിയിച്ചു. ശമ്പള വർധനവിനായി ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിന് ഇറങ്ങുമ്പോൾ രോഗികളെ ശരിയായി പരിചരിക്കാന്‍ എന്‍എച്ച്എസ് പാടുപെടുമെന്ന് ആശുപത്രി മേധാവികള്‍ അറിയിച്ചു. പതിനായിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഡിസംബറിൽ മൂന്ന് ദിവസത്തേക്കും ജനുവരിയില്‍ ആറ് ദിവസവും പണിമുടക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഡിസംബര്‍ 20 ന് രാവിലെ 7 മുതല്‍ ഡിസംബര്‍ 23 ന് രാവിലെ 7 വരെ 72 മണിക്കൂറും ജനുവരി 3 മുതല്‍ 9 വരെ ആറ് ദിവസവുമാണ് പണിമുടക്കുന്നത്. ബിഎംഎയുടെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമിതി സർക്കാരിന്റെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്മെന്റ് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
എന്നാൽ ചർച്ചയിൽ ഇത്തവണ പ്രഖ്യാപിച്ച ശരാശരി 8.8% ശമ്പള വര്‍ധനയേക്കാൾ 3% മാത്രമാണ് കൂടുതലായി ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ലഭിക്കുള്ളു എന്നാണ് ബിഎംഎ പറയുന്നത്. എന്നാൽ 35% വർധനയാണ് സമരക്കാരുടെ ആവശ്യം.
കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി നടന്ന നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും ഫിസിയോതെറാപിസ്റ്റുമാരുടെയും ഒക്കെ സമരത്തിന്റെ ഫലമായി ലക്ഷക്കണക്കിന് അപ്പോയിന്റ്മെന്റുകളാണ് എന്‍ എച്ച് എസ്സിന് റദ്ദ് ചെയ്യേണ്ടി വന്നത്. ഇതിന്റെ ഫലമായി 1.3 ബില്യന്‍ പൗണ്ടിലധികം തുക എന്‍ എച്ച് എസ്സിന് നഷ്ടപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല