
സ്വന്തം ലേഖകൻ: ബ്രിസ്റ്റോൾ “കിൽ ദി ബിൽ” പ്രതിഷേധത്തിൽ വ്യാപക അതിക്രമം. യുകെ സർക്കാരിൻ്റെ പുതിയ പോലീസ്, ക്രൈം, സെൻ്റൻസിങ്, ആൻ്റ് കോർട്സ് ബില്ലിനെതിരായ പ്രതിഷേധമാണ് അക്രമാസകതമായത്. നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധക്കാർ വാഹനങ്ങൾ തകർക്കുകയും പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും ചെയ്തു.
ഞായറാഴ്ച ഉച്ചയ്ക്ക് സമാധാനപരമായി ആരംഭിച്ച പ്രകടനമാണ് പെട്ടെന്ന് പോലീസുമായുള്ള ഏറ്റുമുട്ടലായി മാറിയത്. നൂറുകണക്കിന് പ്രതിഷേധക്കാർ കോളേജ് ഗ്രീനിൽ നിന്ന് ന്യൂ ബ്രിഡ്‌വെൽ പോലീസ് സ്റ്റേഷനിലേക്ക് പ്രകടനമായെത്തിയതോടെ കാര്യങ്ങൾ മാറി മറിയുകയായിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത പലരും ഫെയ്സ് മാസ്കുകൾ ധരിച്ച് “യുകെ പോലീസ് സ്റ്റേറ്റ് ആക്കരുത്“, “പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിൻ്റെ അടിസ്ഥാനം,“ “കിൽ ദി ബിൽ” എന്നീ പ്ലക്കാർഡുകൾ കൈയ്യിലേന്തിയിരുന്നു.
അക്രമത്തിന് പിന്നിൽ പോലീസുമായി മനപൂർവം വഴക്കുണ്ടാക്കിയ ചിലരാണെന്ന് ബ്രിസ്റ്റോൾ ചീഫ് കോൺസ്റ്റബിൾ പറഞ്ഞു. മുഖംമൂടി ധരിച്ച അക്രമാസക്തമായ പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ ഇരുപത് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു, രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
യുകെയിലെ ശിക്ഷാ നടപടിക്രമങ്ങൾ അടിമുടി അഴിച്ചു പണിയാൻ ലക്ഷ്യമിടുന്ന സുപ്രധാന ബില്ലാണ് പോലീസ്, ക്രൈം, സെൻ്റൻസിങ്, ആൻ്റ് കോർട്സ് ബില്ലെന്നാണ് സർക്കാർ നിലപാട്. കടുത്ത കുറ്റകൃത്യങ്ങൾക്ക് കർശനമായ ശിക്ഷ ഏർപ്പെടുത്താനുള്ള ശുപാർശകൾ മുതൽ ഗുരുതരമായ ലൈംഗിക കുറ്റവാളികൾക്ക് ജയിൽ ശിക്ഷയിൽ ഇളവ് നൽകുന്നത് വരെ പുതിയ നിയമം ഉന്നം വക്കുന്നു.
എന്നാൽ സമാധാനപരമായ പ്രകടനങ്ങളെ നേരിടാൻ പോലീനിന് കൂടുതൽ അധികാരം നൽകുന്ന നിയമം യുകെയെ ഒരു പോലീസ് സ്റ്റേറ്റാക്കുമെന്നാണ് പ്രതിഷേധക്കാരുടെ വാദം. സമീപ കാലത്തുണ്ടായ സാറാ എവറാർഡിന്റെ തിരോധാനവും മരണവും, തുടർന്നുണ്ടായ പ്രതിഷേധങ്ങൾ മെട്രോപൊളിറ്റൻ പോലീസ് കൈകാര്യം ചെയ്ത രീതിയും വിവാദമായിരിക്കെ പുതിയ ബില്ലിനെതിരാായ് ജനവികാരം ആളിക്കത്തുമെന്നാണ് വിലയിരുത്തൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല