
സ്വന്തം ലേഖകൻ: യുകെ മലയാളികൾക്ക് ഓണ സമ്മാനമായി കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ട് മൂന്ന് വിമാന സർവീസ്. ഇന്ത്യ ബ്രിട്ടന്റെ റെഡ് ലിസ്റ്റിൽനിന്നും ആംബർ ലിസ്റ്റിലേക്ക് മാറിയതോടെയാണ് പ്രതിവാര വിമാന സർവീസ് ഈ മാസം 22 മുതൽ ആഴ്ചയിൽ മൂന്നായി മാറുന്നത്. ഈ മാസം 18 നാണ് ആദ്യ ലണ്ടൻ – കൊച്ചി വിമാന സർവീസ്.
22 മുതൽ ഇത് ആഴ്ചയിൽ മൂന്നു സർവീസായി മാറും. ആദ്യം പ്രഖ്യാപിച്ച ബുധനാഴ്ചകളിലെ സർവീസിനു പുറമേ വെള്ളി, ഞായർ ദിവസങ്ങളിലാകും എയർ ഇന്ത്യയുടെ കൊച്ചിയിൽ നിന്നുള്ള നേരിട്ടുള്ള ലണ്ടൻ വിമാനം. പുലർച്ചെ 3.45ന് കൊച്ചിയിലും ഉച്ചയ്ക്ക് 13.20ന് ഹീത്രുവിലും എത്തും വിധമാണ് സർവീസുകളുടെ സമയക്രമം.
നിലവിൽ സർവീസുള്ള ഡൽഹി, മുംബൈ, ബാംഗ്ലൂർ എന്നീ നഗരങ്ങൾക്കു പുറമേ കൊച്ചി, അമൃത്സർ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കു കൂടി നേരിട്ട് ഓരോ സർവീസ് കൂടു ആരംഭിക്കാനായിരുന്നു നേരത്തെ എയർ ഇന്ത്യയുടെ തീരുമാനം. ഇതനുസരിച്ച് സെപ്റ്റംബർ ഒന്നു വരെയുള്ള ഷെഡ്യൂളിൽ എല്ലാ ബുധനാഴ്ചയും കൊച്ചിയിൽ നിന്നു ലണ്ടൻ ഹീത്രൂവിലേക്ക് ഒരു വിമാനമാണ് അനുവദിച്ചത്.
എന്നാൽ സിയാലിന്റെ ശക്തമായ സമ്മർദ്ദവും കൊച്ചി സെക്ടറിലേക്കുള്ള യാത്രക്കാരുടെ ബാഹുല്യവും കണക്കിലെടുത്താണ് ഈ സർവീസ് ആഴ്ചയിൽ മൂന്നാക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്. കോവിഡിന്റെ ഈ ദുരിതകാലത്ത് ടൂറിസം മേഖലയ്ക്കും വ്യോമഗതാഗതരംഗത്തിനും ഉണർവേകുന്ന തീരുമാനമാണിതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
നേരിട്ടുള്ള സർവീസിനായി എയർ ഇന്ത്യയ്ക്ക് പാർക്കിംങ് ഫീസും ലാൻഡിങ് ഫീസും സിയാൽ ഒഴിവാക്കി നൽകിയിട്ടുണ്ട്. എയർ ഇന്ത്യയ്ക്കു പുറമേ, എമിറേറ്റ്സ്, എത്തിഹാദ്, ഖത്തർ എയർവേസ്, ഗൾഫ് എയർ തുടങ്ങിയ വിമാനക്കമ്പനികളും ബ്രിട്ടനിലേക്ക് തിങ്കളാഴ്ച കൂടുതൽ വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല